“സമർപ്പിത ജീവിതമറിയാത്ത സുഹൃത്തുക്കളോട് സ്നേഹപൂർവ്വം…”
ഭാഷാപഠനത്തിനായി ജർമ്മനിയിൽ പോയപ്പോൾ പരിചയപ്പെട്ട ഒരു ഹൈന്ദവ കുടുംബമാണ്….തനി പാലക്കാടുകാര്… അച്ചന്മാരോടും സിസ്റ്റേഴ്‌സിനോടും നല്ല സ്നേഹമാണ് …!!!
ഓണക്കാലാമാണ്….ഊണൊക്കെ കഴിഞ്ഞ് രണ്ടുപേരും കൂടിയിരുന്നു ടിവി കാണാമെന്നുവച്ചു…. തുറന്നതേ ഒരു കന്യാസ്ത്രീ പോലീസ് സ്റ്റേഷനിലിരുന്ന് മാപ്പു പറയുകയാണ്. വച്ച ചാനൽ തെറ്റിപ്പോയ വെപ്രാളത്തിൽ അദ്ദേഹം വേഗം റിമോട്ട് കയ്യിലെടുത്തു…അതു തന്നെ മതിയെന്ന് ഞാനും….” ബ്രദറെ ഇതിപ്പോ എന്നും ഇങ്ങനെ വാർത്തകളാ… ആദ്യം തിരുമേനിയുടെ ആർന്നു പിന്നെ ഒരു സിസ്റ്റർ വന്നു പിന്നെ മാവേലി ഇപ്പൊ ഞങ്ങടെ വട്ടായിലച്ചനും….എല്ലാർക്കും തെറ്റായി കാണിച്ചാമതി… നല്ലതൊന്നും ആരും കാണൂല…..” സംസാരം കൊഴുക്കുന്നതറിയാതെ സഹധർമ്മിണി ഒരു പ്ലേറ്റ് മധുരവുമായി എത്തി…. കൂടെ ഒരു ചോദ്യവും “അല്ല ബ്രദറെ നേർച്ച ആരുടെ ആർന്നു? അച്ഛന്റെയോ അതോ അമ്മയുടേയോ…”
ഒന്നും മനസിലാകാത്ത പോലെ ഞാൻ തിരിച്ചും “ഏതു നേർച്ചയാ ?”
“അല്ല ഈ അച്ചനാവാൻ പോയതേ”…
“ആ…അത് ന്റെ സ്വന്തം നേർച്ചയാണ്!!!”……..
ളോഹ കിട്ടിയ സന്തോഷത്തിൽ പഠിച്ച സ്കൂളിലൊന്ന് പോയി. ഹൈന്ദവ മാനേജ്മെന്റ് സ്കൂളാണ്…. പതിവില്ലാത്ത വേഷത്തിൽ കണ്ടപ്പോൾ പ്രിയപ്പെട്ട ടീച്ചർമാരെല്ലാം അടുത്തുകൂടി…..എല്ലാവര്ക്കും ഒത്തിരി സന്തോഷമായി….എന്നും ക്‌ളാസ്സിൽ മുക്കുറ്റി കുറി തൊട്ട് വരാറുള്ള പ്രിയപ്പെട്ട ടീച്ചർ…” ആളില്ലാ സെമിനാരിയാണോ…?”
നിറയെ ആളാണെന്നു ഞാനും. “ഈശ്വരാ ഇന്നത്തെ കാലത്തും ഇങ്ങനെ പിള്ളേരെ വിടുന്ന അച്ഛനമ്മമാരുണ്ടോലേ…”പാവം….. എന്നെ സഹതാപത്തോടെ നോക്കിനില്പാണ് !!!
കൂടെനിന്ന പഴയ ക്ലാസ് ടീച്ചർ എനിക്ക് പിന്തുണയുമായി എത്തി….” അല്ല…ടീച്ചർ, ടീച്ചറ് പഠിച്ചതെവിടൊക്കെയാ..?? പത്തുവരെ സേക്രഡ് ഹാർട്ട്… പ്രീഡിഗ്രി സെന്റ് മേരിസ്,പിജിക്ക് വിമല..പിന്നെ ക്രൈസ്റ്റ്……എല്ലാം സിസ്റ്റേഴ്സിന്റെയും അച്ചന്മാരുടെയും സ്ഥാപനങ്ങളല്ലേ…..?ചുരുക്കം പറഞ്ഞ ഇവരൊക്ക കാരണം നമ്മളും നന്നായില്ലെ കുറച്ചൊക്കെ….!!!
സമയത്തിന് മറുപടികൊടുത്ത ടീച്ചറുടെ നെറ്റിയിലും കണ്ടു കുങ്കുമവും കുറിയുമെല്ലാം……….!!!!
പൊള്ളയായ പ്രചാരണങ്ങൾ നടത്തി കത്തോലിക്കാ സഭയെ കറുപ്പടിച്ചു കാണിക്കാൻ കരുതിയിരിക്കുന്നവരുടെ കാലമാണ്……കേട്ടറിവുകളെ കണ്ടതുപോലെ അവതരിപ്പിക്കുന്ന കില്ലാടികളുടെ കാലമാണ്…..
സമർപ്പിത ജീവിതം നിർബന്ധിതസേവനമെന്നു പറഞ്ഞുപിടിപ്പിച്ച് തലയിൽ ശീലയിട്ടവരെയും ഉടുപ്പു വെളുത്തിരിക്കുന്നവരെയും പുച്ഛിക്കുന്ന കാലം….!
സമർപ്പിത ജീവിതത്തെ പഴി പറയുന്നവരിൽ ഭൂരിഭാഗവും അതെന്തെന്ന് രുചിച്ചറിയാത്തവവർ തന്നെ. അന്തിചർച്ചകൾക്ക് ചന്തത്തോടെ ഇരുന്ന് സമർപ്പിത ജീവിതങ്ങളെ കൂകി വിളിക്കുന്നവർക്ക് വെളിവ് കൊടുക്കണേ എന്ന പ്രാർത്ഥനയാണ്….കാരണം അതുവെള്ളം ചേർക്കാതെ വിഴുങ്ങുന്നവരും ഉണ്ടല്ലോ നമുക്കിടയിൽ…!!!
സഭയിലെ അടിസ്ഥാന സംവിധാനങ്ങൾപോലും അറിവില്ലാത്തവരെ പിടിച്ചിരുത്തി ആ ധികാരികമായി മണ്ടത്തരം വിളമ്പുന്ന പതിവുരീതി പ്രിയപ്പെട്ട മാധ്യമങ്ങൾ എന്ന് നിർത്തുമെന്നറിയില്ല….! എല്ലാം പരാമർത്ഥമായി കരുതല്ലേ എന്ന ഓർമ്മപ്പെടുത്തൽ മാത്രം!!!.
കുറച്ച് കാലങ്ങളായി കേരളത്തിൽ ജനിക്കുന്നവയിൽ പകുതിയിലധികവും മാമോദിസ മുങ്ങിയ ‘ക്രിസ്ത്യാനി സിനിമകളാണ്’ !!!. കൈവിരലിൽ ഒതുങ്ങുന്നവയല്ല പേരുകൾ….. അതിലും കൗതുകം അഭിസാരികയുടെ കുമ്പസാരം കേൾക്കാൻ പാപസങ്കീർത്തന വേദി പങ്കിടുന്ന വൈദികരും, സെമിനാരി ചാടുന്ന പയ്യന്മാരും, മനശ്ചാഞ്ചല്യമുള്ള വൈദികനുമൊക്കെയാണ് താരങ്ങൾ…. സിനിമയിലെ കുമ്പസാരരംഗം കണ്ടിട്ട് ശരിക്കും ഇങ്ങനെയാണോ എന്ന് ചോദിച്ചുവന്ന അക്രൈസ്തവ സുഹൃത്തിനെ കണ്ട് മൂക്കത്ത് വിരൽവച്ചുപോയിട്ടുണ്ട്….!
ചെയ്ത പാപങ്ങൾ ക്രിസ്തുവിന്റെ പ്രതിപുരുഷനോട് ഏറ്റുപറയുമ്പോൾ അതിൽ പൊടിപ്പും തൊങ്ങലും വച്ചവതരിപ്പിക്കാറില്ലെന്ന സത്യം കുമ്പസാരക്കൂടിനെ സമീപിക്കാറുള്ള ക്രിസ്തുവിന്റെ അനുയായികൾതന്നെ നിങ്ങൾക്ക് പറഞ്ഞുനൽകട്ടെ….!!!
എന്തുകൊണ്ട് ഇങ്ങനെ എന്നുചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ.
ഇടയനെ കെട്ടിയിട്ടാൽ ആടുകൾ കൂട്ടം തെറ്റിപോകുമല്ലോ…!!!
” സെമിനാരിയിൽ ചേർന്നാൽ സുഖമാണല്ലേ എന്ന് ചോദിക്കുന്ന സുഹൃത്തുക്കളുമുണ്ട്” പത്തു പതിനഞ്ചു വർഷം നീണ്ടുനിൽക്കുന്ന പരിശീലനമാണ്…ഒരുതരത്തിൽ പറഞ്ഞാൽ ഏതൊരു പ്രഫഷനലുകളെക്കാളും ദീർഘമേറിയ പഠനം…അതിലുപരിയയി അപ്പന്റെ കരുതലും അമ്മയുടെ തലോടലും ക്രിസ്തുവിനെപ്രതി വേണ്ടെന്നു വയ്ക്കുന്ന ജീവിതം…നിർബന്ധിച്ച് കൊണ്ടുവിട്ടതൊന്നുമല്ല ആരെയും കഷ്ടപ്പെടാൻ ഇഷ്ട്ടപ്പെട്ട് ഇറങ്ങിയതാണ്….
ഏകമകളായതുകൊണ്ട് മഠത്തിൽ ചേരാൻ സമ്മതിക്കാത്ത മാതാപിതാക്കളുടെ മുൻപിൽ ജലപാനമില്ലാതെ ദിവസങ്ങളോളം ഇരുന്ന സിസ്റ്ററെ ഓർക്കുന്നു….!
അഗതിമന്ദിരത്തിൽ ജോലിചെയ്യുന്നതിനിടയിൽ കൈ നിറയെ മലവുമായി വന്ന് മുഖത്തു തേച്ചുപിടിപ്പിച്ച അന്തേവാസിയെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച സഹപാഠിയെ ഓർക്കുന്നു…!
ജയിൽ സന്ദർശന വേളയിൽ കുറ്റവാളിയുടെ പെട്ടെന്നുള്ളമർദ്ദനമേറ്റ സിസ്റ്ററമ്മ ഇപ്പോഴും ആ ജോലിതന്നെ ചെയ്തുവരുന്നു……!
ഇത്രയും ആഗ്രഹത്തോടെ ചേർന്നിട്ട് വഴിയിൽ വീഴുന്നവരില്ലേ എന്നുചോദിച്ചാൽ തീർച്ചയായും ഉണ്ട്……!
ചെറുപ്പത്തിൽ വല്യപ്പച്ചനോടൊപ്പം അടയ്ക്ക വിൽക്കാൻ പോകുന്നത് ഓർത്തുപോകുന്നു. മാർക്കറ്റിലെത്തി അടക്കയെല്ലാം പുറത്തുകൂട്ടിയിടും. വീട്ടിൽനിന്നേ നല്ലതുതിരഞ്ഞാണ് കൊണ്ടുവരാറ്…പിന്നെയങ്ങൊട്ട് കച്ചവടക്കാരുടെ വരവാണ്. കൂട്ടത്തിൽ ഒരെണ്ണം കേടായാൽ മതി… പൊടുന്നനെ കൊള്ളാത്തതാണ് മുഴുവൻ എന്നുപറഞ്ഞ് വിലകുറയ്ക്കും…അധികം വില നല്കാതിരിക്കാനുള്ള കച്ചവട തന്ത്രമാണിത്….ഒരു പക്ഷെ,ചെറുതിനെ പെരുപ്പിച്ച് മൊത്തത്തിൽ വിലയിടിക്കുന്ന ഈ ‘കുതന്ത്രം’ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളുടെ കൂടപ്പിറപ്പാണ് ഇന്ന്….!
സമർപ്പിത ജീവിതങ്ങളെല്ലാം വിശുദ്ധരാണോ എന്ന് ചോദിച്ചാൽ അല്ല….പക്ഷെ, വിശുദ്ധിയിൽ ജീവിക്കുന്നവരും വിശുദ്ധിയോടെ ജീവിക്കാൻ പ്രയത്നിക്കുന്നവരുമുണ്ട്. അവരെ നിന്ദിക്കരുത് എന്ന് മാത്രം….!
ഇത് സമർപ്പിത സമരങ്ങളുടെ കാലമാണ്… വിപ്ലവ സന്യാസിനിമാരുടെയും വിധിതീർപ്പുകാരുടെയും വിമതരുടെയും സ്വരങ്ങൾ ഉയരുന്നുണ്ട് ചുറ്റിലും…
വലിച്ചുകെട്ടി, ചവിട്ടി നിർത്തുന്ന നിയമങ്ങളൊന്നുമില്ല സഭക്കുള്ളിൽ. ഒരുവന്റെ ബോധ്യങ്ങൾക്ക് യോജിച്ച സമൂഹത്തിൽ അംഗമാകാൻ ഒരുവന് അവകാശമുണ്ട്. അതിനൊത്തുപോകാൻ സാധിക്കാതെ വരുമ്പോൾ സ്വയം മറ്റു വഴി തെരഞ്ഞെടുക്കാനും…തെരെഞ്ഞെടുപ്പ് ഒരുവന്റെ സ്വന്തമാണ് എന്നതാണ് പ്രധാനം… തനിക്കു ഒത്തുചേരാത്ത ജീവിതമാണെന്ന് അറിയുമ്പോൾ സ്വയം മാറിപ്പോവുകയാണോ അതോ കൂടെയുള്ളവരെ ചീത്തയായി മുദ്രകുത്തുകയാണോ വേണ്ടതെന്ന് നിങ്ങൾക്ക് വിട്ടുതരുന്നു…!
കഥയറിയാതെ ആട്ടം കാണുന്നവരാണ് അധികവും……വേഷവും നടനവും കാണുന്നതോടൊപ്പം കഥകൂടി അറിഞ്ഞിരിക്കണേ എന്ന ഓർമ്മപ്പെടുത്തലുണ്ട്..കാരണം വേഷമഴിക്കാതെ നടക്കുന്നവരുമുണ്ടല്ലോ ഇന്ന്…!!!
പേരുകൊണ്ട് മാത്രം ക്രിസ്ത്യാനിയായവർ നേതൃത്വം നൽകുന്ന പൊള്ളയായ സമരസംവിധാനങ്ങളും ഒന്നുമറിയാത്തവരെ വഴിതെറ്റിക്കുന്നുണ്ട്…!!!
സമർപ്പിതരുടെ നിഷ്പക്ഷമായ പ്രസ്താവനകളെ വളച്ചൊടിച്ച് മതസ്പർധയുള്ളതാക്കിമാറ്റാൻ കൊട്ടേഷനെടുത്തവരുടെ പ്രവർത്തന സമയമാണ്…..ഒരു നാടിന്റെ പൈതൃകത്തിലും സംസ്കാരത്തിലുംവരെ മതവൈര്യം കടന്നുകൂടുമോ എന്ന ആശങ്കയാണിപ്പോൾ…..
തലമുറകളായി നിലനിൽക്കുന്ന ഐതീഹ്യങ്ങളും പാരമ്പര്യങ്ങളും വളച്ചൊടിച്ച് തീവ്രവാദപരമായി ചിന്തിക്കുന്നവർ ഓർക്കണം മതവും ആത്മീയതയും നിങ്ങളിൽനിന്ന് ഒരുപാട് ദൂരെയാണെന്ന്….!!! ആത്മീയതക്കും മതത്തിനും നിങ്ങൾ നൽകുന്ന വ്യാഖ്യാനങ്ങളെക്കാൾ വലിയ അർത്ഥമുണ്ട്….!!!
സാമൂഹിക-രാഷ്ട്രീയ-സമകാലിക സംവിധാനത്തിൽ മതം എങ്ങനെയായിരിക്കണമെന്ന് മാതൃക നല്കാൻ കൽക്കട്ടയിലെ തോട്ടിപ്പണിക്കാരിയെക്കാളും വലിയ ആളില്ല…!
ആ വിശുദ്ധ ജീവിതത്തെപ്പോലും മതംമാറ്റലോപിയായി മുദ്രകുത്തുന്നതിൽ നന്നേ ദുഖമുണ്ട്…!
എന്തായാലും പൊടിപ്പും തൊങ്ങലും വച്ച് പെരുപ്പിച്ച് കാണിച്ച് യാഥാർഥ്യത്തെ മറയ്‌ക്കുന്നവരെ തിരിച്ചറിയണം എന്ന് വീണ്ടും ഓർമ്മപ്പെടുത്തട്ടെ…..!!!
ഞങ്ങൾ പറയുന്ന സത്യത്തെ മിഥ്യയാക്കുന്നവരുണ്ടെങ്കിലും പിന്നീട് സത്യം നിലനിൽക്കേണ്ടതിന് ഞങ്ങളത് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും!!!
നല്ല രീതിയിൽ മുന്പോട്ടുപോകുന്ന ജീവിതങ്ങളിൽ കല്ലുകടിയുണ്ടാക്കുമ്പോൾ മറ്റുള്ളവർ തലയുയർത്തിനോക്കും എന്നത് മനുഷ്യവാസനയാണല്ലോ?… അതുകൊണ്ട് ആ തന്ത്രം തന്നെ തുടരുക…!
വെട്ടുന്ന കോടാലി ഓർക്കുന്നില്ലല്ലോ അവൻ വെട്ടിമുറിക്കുന്നവന്റെ ശാഖയാണ് അവന്റെ കൈകളെന്നത് !!!
🖋📝 Salvin Kannanaickal
De propaganda fide, Rome
കടപ്പാട് :- Catholicvoicemalayalam
#Catholicvoicemalayalam

Leave a comment