ദിവ്യബലി വായനകൾ 26th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

26th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

ദാനി 3:31,29,30,43,42

കര്‍ത്താവേ, ഞങ്ങളോട് അങ്ങു ചെയ്തവയെല്ലാം
ഉചിതമായ വിധിയോടെയായിരുന്നു.
എന്തെന്നാല്‍, അങ്ങേക്കെതിരായി ഞങ്ങള്‍ പാപം ചെയ്യുകയും
അങ്ങേ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തു.
എന്നാല്‍, അങ്ങേ നാമത്തിനു മഹത്ത്വംനല്കുകയും
അങ്ങേ അനന്തകാരുണ്യമനുസരിച്ച് ഞങ്ങളോട്
പ്രവര്‍ത്തിക്കുകയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലും
കരുണ കാണിക്കുന്നതിലുമാണല്ലോ
അങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.
ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.
അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,
സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 18:25-28
തിന്മകള്‍ മനസ്സിലാക്കി അവയില്‍ നിന്നു പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും.

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: കര്‍ത്താവിന്റെ വഴി നീതിപൂര്‍വകമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, കേള്‍ക്കുക. എന്റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? നീതിമാന്‍ തന്റെ നീതിമാര്‍ഗം വെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ ആ തിന്മകള്‍ നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്ത അകൃത്യങ്ങള്‍ നിമിത്തം അവന്‍ മരിക്കും. ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്‍ നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള്‍ മനസ്സിലാക്കി അവയില്‍ നിന്നു പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 25:4-5,6-7,8-9

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

രണ്ടാം വായന

ഫിലി 2:1-11
യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.

സഹോദരരേ, ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും
അവന്‍ ദൈവവുമായുള്ള സമാനത
നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്
ദാസന്റെ രൂപം സ്വീകരിച്ച്
മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു;
മരണംവരെ – അതേ കുരിശുമരണം വരെ –
അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി.
എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍
സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും
മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന്
പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി
എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 21:28-32
ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.

യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും പറഞ്ഞു: നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക. ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല. അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്ചാത്തപിച്ച് അവന്‍ പോയി. ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ ഈ അര്‍പ്പണം അങ്ങേക്ക് സ്വീകാര്യമാകുന്നതിനും
അതുവഴി സകല അനുഗ്രഹങ്ങളുടെയും ഉറവിടം
ഞങ്ങള്‍ക്കായി തുറക്കപ്പെടുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 119:49-50

കര്‍ത്താവേ, അങ്ങേ ദാസനു നല്കിയ
അങ്ങേ വചനം ഓര്‍ക്കണമേ.
അതുവഴിയാണല്ലോ, അങ്ങ് എനിക്കു പ്രത്യാശ നല്കിയത്,
എന്റെ താഴ്മയില്‍ ഇത് എന്നെ ആശ്വസിപ്പിക്കുന്നു.

Or:
1 യോഹ 3:16

അവന്‍ സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന്,
ദൈവത്തിന്റെ സ്‌നേഹം എന്തെന്ന് നാമറിയുന്നു.
നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി
ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment