പ്രാർത്ഥനകൾക്ക് തീർച്ചയായും ഉത്തരമുണ്ട്

ഇരുപത്തൊന്നു ദിവസത്തെ ഡാനിയേൽ ഫാസ്റ്റിംങ്ങെടുക്കാൻ തീരുമാനിച്ചപ്പോൾ മനസിൽ കുറിച്ചിട്ട നിയോഗങ്ങളിൽ പ്രധാനം പള്ളി തുറക്കണമെന്നും എന്നും വി.കുർബ്ബാനയിൽ പങ്കെടുക്കാൻ സാധിക്കണമെന്നതുമായിരുന്നു … പ്രാർത്ഥനകൾക്ക് തീർച്ചയായും ഉത്തരമുണ്ട് … ഇരുപത്തൊന്നാം ദിവസം വൈകിട്ട് പള്ളിയിൽ നിന്ന് വികാരിയച്ചൻ്റെ അറിയിപ്പു ലഭിച്ചു, അടുത്ത ദിവസങ്ങളിൽ തന്നെ ഏറെ നിബന്ധനകളോടെയാണെങ്കിലും പള്ളി തുറക്കുമെന്നും വി.കുർബാന ആരംഭിക്കുമെന്നും …

അതറിഞ്ഞപ്പോൾ മനസു നിറയെ വലിയ ഉത്സാഹവും സന്തോഷവുമായിരുന്നു … പള്ളിയിൽ എത്തുന്ന ആ ഒരു നിമിഷത്തിനായി ആകാംഷയോടെ കാത്തിരുന്നു… എന്നത്തെയും പോലെ കൈകൾ കൂപ്പി അൾത്താരയിലെ ആ ക്രൂശിത രൂപത്തിലേക്കു നിറമിഴികളോടെ നോക്കി നിൽക്കാൻ വല്ലാത്ത കൊതി തോന്നി…

ഒടുവിൽ പക്ഷെ പള്ളിയിലെത്തിയപ്പോൾ വല്ലാത്ത ഒരു ഭാരം മനസിൽ നിറയാൻ തുടങ്ങി… കൃത്യമായ അകലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന കസേരകളിലൊന്നും അധികമാരുമില്ല… വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രം… എന്തോ ക്രൂശിത രൂപത്തിലേക്ക് നോക്കാൻ ഒരു മടി തോന്നി…
ഈ ദിവസങ്ങളിൽ മെസേജുകളായും ഫോണിലൂടെയും പലപ്പോഴും കേട്ടത് മാധ്യമങ്ങളിലൂടെയുള്ള വി.കുർബ്ബാന, പ്രാർത്ഥനകൾ… അതുപോരെ എന്നതാണ് … പള്ളിയിലായിരിക്കുന്നതിനെക്കാൾ സ്വസ്ഥമായും ഭക്തിയോടെയും പങ്കെടുക്കാനാകുന്നുണ്ടല്ലോ… സമയവും മറ്റു പല ഘടകങ്ങളും നമ്മുടെ സൗകര്യാനുസൃതം ക്രമീകരിക്കുകയും ചെയ്യാം…

തുടർന്നുള്ള ദിവസങ്ങളിലും പള്ളിയിൽ പോയി … പക്ഷെ വി.കുർബാനയിൽ പങ്കെടുക്കുമ്പോൾ വല്ലാത്ത സങ്കടം… ഭാരം… രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷമാണ് അൾത്താരയിലെ ആ ക്രൂശിത രൂപത്തിലേക്ക്, ഈശോയുടെ തിരുമുഖത്തേക്കു ശരിക്കു നോക്കാനായത്…
‘ഈശോയെ … ഒന്നും … ഒന്നും പറയാനാകുന്നില്ല ‘ … എങ്കിലും മനസിൽ ഒരു ചോദ്യം നിറഞ്ഞു നിന്നു… ‘ ഇപ്പോൾ മിക്കവരും തന്നെ പറയുന്ന പോലെ വി.കുർബാനയിലെ പങ്കാളിത്തം മാധ്യമങ്ങളിലൂടെയായാലും മതിയോ? ഈശോ എല്ലായിടത്തും ഉണ്ടല്ലൊ! ‘
പെട്ടെന്ന് ഒരു സ്വരം സൗമ്യതയോടെ, സ്നേഹത്തോടെ ഹൃദയത്തിൽ ഇങ്ങനെ ചോദിക്കുന്നതു പോലെ തോന്നി ” നിനക്ക് ഏറെ പ്രിയപ്പെട്ടവരെ എന്നും വീഡിയോ കോൾ വഴി മാത്രം കണ്ടാൽ മതിയാവുമോ?”
കണ്ണെടുക്കാതെ ഈശോയിലേക്ക് തന്നെ നോക്കി … ആ വാക്കുകൾ തന്നെ മനസിൽ ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നു…

അതെ ശരിയാണ് … എനിക്കേറെ പ്രിയപെട്ട ആളെ ഫോണിലൂടെയും വീഡിയോ കോളിലൂടെയും കാണുന്നതുപോലെയെ തോന്നൂന്നുള്ളൂ വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ വി.കുർബ്ബാന കാണുമ്പോൾ… പക്ഷെ പള്ളിയിലെത്തി വി.കുർബ്ബാനയിൽ പങ്കെടുക്കുമ്പോൾ, വി.കുർബ്ബാന സ്വീകരിക്കുമ്പോൾ ഈശോയെ നേരിട്ട് കണ്ട് ഈശോയെ തൊട്ട് , കെട്ടിപ്പിടിച്ച്, ഉമ്മ വച്ച് ഈശോയുടെ കരവലയത്തിലായിരിക്കുന്നതിൻ്റെ, മാറോട് ചേർന്നിരിക്കുന്നതിൻ്റെ ആ സ്നേഹം ഹൃദയം നിറയെ അനുഭവിക്കാനാകും… അതൊരിക്കലെങ്കിലും അനുഭവിച്ചവർക്ക് മാധ്യമങ്ങളിലൂടെയുള്ള വി.കുർബാന, വീഡിയോ കോളിൻ്റെ ആശ്വാസം മാത്രമേ നൽകൂ …
നമ്മുടെ മക്കളെയും പ്രിയപെട്ടവരെയും എന്നും വീഡിയോ കോളിലൂടെ മാത്രം കണ്ടാൽ മതിയോ??? നേരിട്ട് കാണാൻ സാഹചര്യമില്ലാത്തപ്പോൾ മാത്രം വീഡിയോ കോൾ എന്ന ആശ്വാസത്തെ തേടിയാൽ പോരെ???

ഈശോ ഒത്തിരി ഒത്തിരി സ്നേഹത്തോടെ ദേവാലയങ്ങളിലെ അൾത്താരകളിൽ കാത്തിരിക്കുന്നു… തൻ്റെ പ്രിയരെ എല്ലാം നേരിട്ടു കാണാനായി, മാറോട് ചേർക്കാനായി …

Thank you for reading …

🍀🍁🍀🍁🍀🍁🍀🍁

Author: Unknown


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment