🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
🔵 തിങ്കൾ / September 28
Saint Wenceslaus, Martyr
or Monday of week 26 in Ordinary Time
or Saints Laurence Ruiz and his Companions, Martyrs
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.
Or:
cf. ജ്ഞാനം 10:12
ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ഈ ലോകത്തെക്കാള്‍ സ്വര്‍ഗരാജ്യത്തെ വിലമതിക്കാന്‍
രക്തസാക്ഷിയായ വിശുദ്ധ വെഞ്ചെസ്ലാവൂസിനെ അങ്ങ് പഠിപ്പിച്ചുവല്ലോ.
ഈ വിശുദ്ധന്റെ പ്രാര്‍ഥനകളാല്‍, ഞങ്ങളെത്തന്നെ പരിത്യജിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയോട് ചേര്‍ന്നുനില്ക്കുന്നതിനു പ്രാപ്തരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോബ് 1:6-22
കര്‍ത്താവു തന്നു; കര്‍ത്താവ് എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.
ഒരു ദിവസം ദൈവപുത്രന്മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വന്നുചേര്‍ന്നു; സാത്താനും അവരോടുകൂടെ വന്നു. കര്‍ത്താവ് സാത്താനോട്, നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ ഭൂമിയിലാകെ ചുററിസഞ്ചരിച്ചിട്ടു വരുകയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു. കര്‍ത്താവ് വീണ്ടും അവനോടു ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്‍ നിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ? സാത്താന്‍ ചോദിച്ചു: ജോബ് ദൈവത്തെ ഭയപ്പെടുന്നത് വെറുതെയാണോ? അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. അവന്റെ സമ്പത്തിന്മേല്‍ കൈവച്ചാല്‍ അവന്‍ അങ്ങയെ ദുഷിക്കുന്നതു കാണാം. കര്‍ത്താവ് സാത്താനോടു പറഞ്ഞു: അവനുള്ള സകലത്തിന്മേലും ഞാന്‍ നിനക്ക് അധികാരം നല്‍കുന്നു. എന്നാല്‍ അവനെ മാത്രം ഉപദ്രവിക്കരുത്. അതുകേട്ടു സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പോയി.
ഒരുദിവസം ജോബിന്റെ മക്കള്‍ തങ്ങളുടെ മൂത്ത സഹോദരന്റെ വീട്ടില്‍ വിരുന്നിനു സമ്മേളിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഭൃത്യന്‍ ജോബിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ഞങ്ങള്‍ കാളകളെ പൂട്ടുകയായിരുന്നു. കഴുതകള്‍ സമീപത്തുതന്നെ മേഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നു ഷേബാക്കാര്‍ വന്ന് വേലക്കാരെ വാളിനിരയാക്കി, അവയെ അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ മാത്രമേ അങ്ങയോടു വിവരം പറയാന്‍ രക്ഷപെട്ടുള്ളു. അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പു മറ്റൊരുവന്‍ വന്നു പറഞ്ഞു: ദൈവത്തിന്റെ അഗ്നി ആകാശത്തില്‍ നിന്നിറങ്ങി ആടുകളെയും ദാസന്മാരെയും ദഹിപ്പിച്ചുകളഞ്ഞു; വിവരം അങ്ങയോടു പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചു. അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പ്, മറ്റൊരുവന്‍ വന്ന് അറിയിച്ചു: കല്‍ദായര്‍ മൂന്നു കൂട്ടമായി വന്ന് വേലക്കാരെ ആക്രമിച്ചു കൊന്നിട്ട് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇതറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു. അവന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരുവന്‍ കടന്നുവന്നു പറഞ്ഞു: നിന്റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠ സഹോദരന്റെ വീട്ടില്‍ സത്കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് മരുഭൂമിയില്‍ നിന്നു വീശിയ കൊടുങ്കാറ്റ് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു. അതു തകര്‍ന്നു വീണ് അവര്‍ മരിച്ചുപോയി. ഈ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.
ജോബ് എഴുന്നേറ്റ് അങ്കി വലിച്ചുകീറി; ശിരസ്സു മുണ്ഡനം ചെയ്തു; സാഷ്ടാംഗം വീണു നമസ്‌കരിച്ചു. അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍ നിന്ന് നഗ്നനായി ഞാന്‍ വന്നു. നഗ്നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ് തന്നു; കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ! ഇതുകൊണ്ടൊന്നും ജോബ് പാപംചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 17:1,2-3,6-7
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള
പ്രാര്‍ഥന ശ്രവിക്കണമേ!
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
എന്റെ വിധി അങ്ങേ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ!
അങ്ങേ കണ്ണു ന്യായം കാണുമാറാകട്ടെ!
അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍,
എന്നില്‍ തിന്മ കണ്ടെത്തുകയില്ല;
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ
ശത്രുക്കളില്‍ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ,
അങ്ങേ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 9:46-50
നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റം വലിയവന്‍.
അക്കാലത്ത്, ശിഷ്യന്മാര്‍ തമ്മില്‍ തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് തര്‍ക്കിച്ചു. അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി, അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.
യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,
അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.
Or:
മത്താ 10:39
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ
വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment