🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 September 29
Saints Michael, Gabriel and Raphael, Archangels – Feast
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 103:20
കര്‍ത്താവിന്റെ ആജ്ഞ ശ്രവിച്ച്
അവിടത്തെ വചനം അനുവര്‍ത്തിക്കുന്ന
ശാക്തികന്മാരായ അവിടത്തെ സകലമാലാഖമാരേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അദ്ഭുതകരമായ സംവിധാനത്താല്‍
മാലാഖമാരുടെയും മനുഷ്യരുടെയും ശുശ്രൂഷാധര്‍മങ്ങള്‍
അങ്ങ് ക്രമപ്പെടുത്തുന്നുവല്ലോ.
സ്വര്‍ഗത്തില്‍ അങ്ങേക്ക് നിരന്തരം ശുശ്രൂഷചെയ്യുന്ന അവര്‍,
ഭൂമിയില്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 7:9-10,13-14
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം.
ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി,
പുരാതനനായവന്‍ ഉപവിഷ്ടനായി.
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം;
തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ!
തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം;
അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി.
അവന്റെ മുന്‍പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു.
ആയിരമായിരം പേര്‍ അവനെ സേവിച്ചു;
പതിനായിരം പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു.
ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി.
ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു.
നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു,
ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.
അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും
അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി.
അവന്റെ ആധിപത്യം ശാശ്വതമാണ്;
അത് ഒരിക്കലും ഇല്ലാതാവുകയില്ല.
അവന്റെ രാജത്വം അനശ്വരമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 138:1-2ab,2cde-3,4-5
കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.
കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍
ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങേ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസ്സു നമിക്കുന്നു;
കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.
അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങേ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍
ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.
കര്‍ത്താവേ, ഭൂമിയിലെ സകല രാജാക്കന്മാരും
അങ്ങയെ പ്രകീര്‍ത്തിക്കും;
എന്തെന്നാല്‍, അവര്‍ അങ്ങേ വാക്കുകള്‍ കേട്ടിരിക്കുന്നു.
അവര്‍ കര്‍ത്താവിന്റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും;
എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.
കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 1:47-51
സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.
നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിച്ചുകൊണ്ട്
ഈ സ്‌തോത്രബലി അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്നു.
മാലാഖമാരുടെ ശുശ്രൂഷയാല്‍
അങ്ങേ മഹിമാവിന്റെ സന്നിധിയില്‍
സമര്‍പ്പിക്കപ്പെടുന്ന ഈ ബലി,
പ്രീതിയോടെ സ്വീകരിക്കുകയും
ഞങ്ങളുടെ രക്ഷയ്ക്കുപകരിക്കാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 138:1
കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങയെ ഏറ്റുപറയും;
മാലാഖമാരുടെ സന്നിധിയില്‍
അങ്ങയെ ഞാന്‍ പാടിപ്പുകഴ്ത്തും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയ അപ്പത്താല്‍ പരിപോഷിതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ ഭോജനത്തിന്റെ ശക്തിയാല്‍ ബലംപ്രാപിച്ച ഞങ്ങള്‍,
അങ്ങേ മാലാഖമാരുടെ വിശ്വസ്ത സംരക്ഷണത്തില്‍,
രക്ഷാമാര്‍ഗത്തിലൂടെ സുധീരം മുന്നേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment