🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
🔵 October 01
Saint Thérèse of the Child Jesus, Virgin, Doctor
on Thursday of week 26 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. നിയ 32:10-12
കര്‍ത്താവ് അവളെ പരിചരിക്കുകയും പഠിപ്പിക്കുകയും
തന്റെ കണ്ണിലെ കൃഷ്ണമണിപോലെ
കാത്തുസൂക്ഷിക്കുകയും ചെയ്തു;
കഴുകന്‍ തന്റെ ചിറകുകള്‍ വിരിക്കുന്നപോലെ,
അവിടന്ന് അവളെ സ്വീകരിക്കുകയും
തന്റെ ചുമലുകളില്‍ വഹിക്കുകയുംചെയ്തു.
കര്‍ത്താവു മാത്രമായിരുന്നു അവളുടെ നായകന്‍.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിനീതര്‍ക്കും ശിശുക്കള്‍ക്കും
അങ്ങേ രാജ്യം അങ്ങ് സജ്ജമാക്കിയിരിക്കുന്നുവല്ലോ.
ഉണ്ണിയേശുവിന്റെ വിശുദ്ധ ത്രേസ്യയുടെ വഴി
വിശ്വസ്തതയോടെ ഞങ്ങള്‍ പിന്തുടരാന്‍ ഇടയാക്കണമേ.
അങ്ങനെ, ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ നിത്യമഹത്ത്വം
ഞങ്ങള്‍ക്ക് വെളിപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോബ് 19:21-27
എന്റെ രക്ഷകന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു.
അക്കാലത്ത്, ജോബ് പറഞ്ഞു: എന്റെ പ്രിയ സ്‌നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ. ദൈവത്തിന്റെ കരം എന്റെമേല്‍ പതിച്ചിരിക്കുന്നു. ദൈവത്തെപ്പോലെ നിങ്ങളും എന്നെ അനുധാവനം ചെയ്യുന്നതെന്ത്? എന്റെ മാംസംകൊണ്ടു നിങ്ങള്‍ക്കു തൃപ്തിവരാത്തതെന്ത്? എന്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍! ഇരുമ്പുനാരായവും ഈയവും കൊണ്ട് അവ എന്നേക്കുമായി പാറയില്‍ ആലേഖനം ചെയ്തിരുന്നെങ്കില്‍! എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍ നിന്നു ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെ തന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും. എന്റെ ഹൃദയം തളരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 27:7-8a,8b-9abc,13-14
ജീവിക്കുന്നവരുടെ ദേശത്ത് കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍
അവിടുന്നു കേള്‍ക്കണമേ!
കാരുണ്യപൂര്‍വം എനിക്ക് ഉത്തരമരുളണമേ!
എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു;
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു
എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
ജീവിക്കുന്നവരുടെ ദേശത്ത് കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
അങ്ങേ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ!
എന്റെ സഹായകനായ ദൈവമേ,
അങ്ങേ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ!
എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്‌കരിക്കരുതേ!
എന്നെ കൈവെടിയരുതേ!
ജീവിക്കുന്നവരുടെ ദേശത്ത് കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു
ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
ജീവിക്കുന്നവരുടെ ദേശത്ത് കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 10:1-12
നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും.
അക്കാലത്ത്, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം: നിങ്ങളുടെ നഗരത്തില്‍ നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റെതിനെക്കാള്‍ സഹനീയമായിരിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ത്രേസ്യയില്‍
അങ്ങേ വിസ്മയനീയ പ്രവൃത്തികള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്കു പ്രീതികരമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാദൗത്യവും
അങ്ങേക്കു സ്വീകാര്യമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 18:3
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍,
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്‌നേഹത്തിന്റെ ശക്തിയാല്‍
വിശുദ്ധ ത്രേസ്യ തന്നത്തന്നെ പൂര്‍ണമായി
അങ്ങേക്ക് സമര്‍പ്പിക്കുകയും
എല്ലാവര്‍ക്കും വേണ്ടി അങ്ങേ കാരുണ്യം ലഭിക്കാന്‍
തീവ്രമായി ആഗ്രഹിക്കുകയും ചെയ്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച കൂദാശ
അതേശക്തി ഞങ്ങളിലും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment