ഇന്നു മുതൽ ഒക്ടോബർ 17 വരെ വിശ്വാസികൾക്ക് വണങ്ങുന്നതിനായ് കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മുൻഭാഗം തുറന്നു. ശവകുടീരം തുറന്നപ്പോൾ ധന്യനായ കാർലോയുടെ ശരീരം തികച്ചും കേടുപാടുകൾ കൂടാതെയുള്ളതായിരുന്നു എന്നും ഭൗതീക ശരീരം കാണുന്നവരുടെ ഹൃദയത്തെ അത് വല്ലാതെ സ്പർശിക്കുന്ന ഒരു കാഴ്ച്ച ആണെന്നും അസീസിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 10 – ന് ഇറ്റാലിയൻ സമയം വൈകുന്നേരം 4.30 ന് അസ്സിസിയിലെ വലിയ ബസലിക്കയിൽ വച്ച് കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തും. (കാർലോ അക്യുറ്റിസിൻ്റ ശരീരം അഴുകിയിട്ടില്ല എന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. ഭൗതീക ശരീരം കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ അത്യാധുനിക രീതിയിൽ മെഴുകു കൊണ്ട് അറ്റകുറ്റപണികൾ ചെയ്തിതിന് ശേഷമാണ് കല്ലറയിൽ പ്രദർശനത്തിന് വച്ചത്).
ആരാണ് ഈ കാർലോ അക്യുറ്റിസ്?
ബർമുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് കയ്യിൽ ഒരു മൊബൈലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ… ഈ ആധുനിക ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഒരു 15 വയസ്സുകാരൻ കാർലോ അക്യുറ്റിസ്. ഇന്നത്തെ യുവജനങ്ങളെ പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ… തന്റെ ഹീറോ ആയ ക്രിസ്തുവിന്റെ ചങ്കോട് ചേർന്നിരിക്കുക എന്നത് മാത്രമാണ് അവനെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യാസ്തനാക്കിയത്…
1991 ൽ ലണ്ടനിൽ ജനിച്ച് അതേ വർഷം തന്നെ മാതാപിതാക്കളോട് ഒപ്പം ഇറ്റലിയിലെ മിലാൻ എന്ന പട്ടണത്തിലേക്ക് മടങ്ങിയെത്തിയ കാർലോ അക്യുറ്റിസ് പരി. കന്യകമറിയത്തടും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും അതീവ ഭക്തി പുലർത്തിയിരുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും നന്നായ് കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന ഈ പതിനഞ്ചുകാരൻ വിശ്വാസത്തിന്റെ പ്രമേയങ്ങളെക്കുറിച്ചുള്ള ഐടി പ്രോജക്ടുകൾ പ്രത്യേകിച്ച് “ദിവ്യകാരുണ്യ അത്ഭുതങ്ങൾ” ലോകത്തിനായ് സംഭാവന നൽകി. രക്താർബുദത്തിന്റെ അതികഠിനമായ വേദന നിശബ്ദമായ് സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ മാതാപിതാക്കളോടെപ്പം സന്ദർശിച്ച് അവയെപ്പറ്റി വിശദമായ് പഠിച്ചാണ് കാർലോ തന്റെ പദ്ധതി പൂർത്തിയാക്കിയത്.
ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്തു പറയാൻ ഇല്ലാത്ത ഒരു സാധാരണ പയ്യൻ. നന്നായ് പഠിച്ചും… കൂട്ടുകാരോടെപ്പം ഫുട്ബോൾ കളിച്ചും… സൈക്കിളിൽ ഒന്ന് ചുറ്റിക്കറങ്ങിയും തന്റെ കൗമാരം നന്നായ് ആഘോഷിച്ച കാർലോ തന്റെ ജീവിതത്തിൽ നിന്ന് ഒരു നിമിഷം പോലും ദൈവത്തെ മാറ്റി നിർത്തിയില്ല. സ്വന്തം ഇടവക പള്ളിയിൽ വളരെ ചെറു പ്രായത്തിൽ തന്നെ അൾത്താര ബാലനായും കൊച്ചു കുട്ടികൾക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകാൻ വേദപാഠ അദ്ധ്യാപകനായും സേവനം ചെയ്തു. ഒരു ദിവസം പോലും വി. കുർബാന മുടക്കിയിരുന്നില്ല.
പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാർലോ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഭവനമില്ലാതെ തെരുവിൽ അലഞ്ഞു നടന്നിരുന്ന പാവപ്പെട്ട മനുഷ്യർക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം നൽകുന്ന ‘കാരിത്താസ്’ എന്ന ക്രൈസ്തവ സംഘടനകളിലേക്ക് കാർലോ കടന്നു ചെല്ലുകയും അവിടെയുള്ള പാവങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനോടെപ്പം അല്പം തമാശയും കുശലവും ഒക്കെ പറഞ്ഞ് അവരോട് സൗഹ്യദം സ്ഥാപിക്കുകയും ചെയ്തിരുന്നു.
രക്താർബുദം ബാധിച്ച കാർലോ 2006 ഒക്ടോബർ 12 – ന് മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു. തന്റെ സഹനങ്ങളെ മാർപ്പാപ്പയ്ക്കു വേണ്ടിയും തിരുസഭയ്ക്കു വേണ്ടിയും ഒപ്പം സ്വർഗ്ഗത്തിൽ പോകന്നതിനായും സമർപ്പിച്ചു. മരിച്ചു കഴിയുമ്പോൾ എന്നെ അസ്പീസിയിൽ കൊണ്ടു പോയ് സംസ്കരിക്കണം എന്ന് മരണത്തിന് മുമ്പ് കാർലോ പറഞ്ഞതനുസരിച്ച് മൃതദേഹം ഇന്ന് അസീസിയിലെ “സ്പോല്ല്യയസിയോണെ” ദേവാലയത്തിൽ
(ഫ്രാൻസിസ് അസ്സീസി തന്റെ മാനസാന്തരത്തിന് ശേഷം ഉടുവസ്ത്രം ഉരിഞ്ഞ് നഗ്നനായി നിന്ന സ്ഥലത്ത് ഉള്ള ദേവാലയം) ആണ് നിന്ന് സംസ്കരിച്ചിരിക്കുന്നത്.
കാർലോയുടെ മധ്യസ്ഥത്താൽ ഒരു ബ്രസീലിയൻ കുട്ടിക്ക് ലഭിച്ച അത്ഭുതം തിരുസഭ അംഗീകരിച്ചതോടെ ഫ്രാൻസിസ് പാപ്പ കാർലോ അക്യുറ്റി സിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്താൻ അനുവാദം നൽകുകയായിരുന്നു… 🙏🏽😍
സി. സോണിയ തെരേസ് ഡി. എസ്സ്. ജെ


Leave a comment