ദിവ്യബലി വായനകൾ Saturday of week 26 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി 

Saturday of week 26 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

ദാനി 3:31,29,30,43,42

കര്‍ത്താവേ, ഞങ്ങളോട് അങ്ങു ചെയ്തവയെല്ലാം
ഉചിതമായ വിധിയോടെയായിരുന്നു.
എന്തെന്നാല്‍, അങ്ങേക്കെതിരായി ഞങ്ങള്‍ പാപം ചെയ്യുകയും
അങ്ങേ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തു.
എന്നാല്‍, അങ്ങേ നാമത്തിനു മഹത്ത്വംനല്കുകയും
അങ്ങേ അനന്തകാരുണ്യമനുസരിച്ച് ഞങ്ങളോട്
പ്രവര്‍ത്തിക്കുകയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലും
കരുണ കാണിക്കുന്നതിലുമാണല്ലോ
അങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.
ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.
അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,
സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോബ് 42:1-3,5-6,12-17
ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു.

അക്കാലത്ത്, ജോബ് കര്‍ത്താവിനോടു പറഞ്ഞു: അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങേ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു.എനിക്കു മനസ്സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുപോയി. അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.
കര്‍ത്താവ് അവന്റെ ശേഷിച്ച ജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന് പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. മൂത്തവള്‍ ജമിമാ, രണ്ടാമത്തവള്‍ കെസിയാ, മൂന്നാമത്തവള്‍ കേരന്‍ഹാപ്പുക്. ജോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകള്‍ ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. പിതാവ് അവര്‍ക്കും സഹോദരന്മാര്‍ക്കൊപ്പം അവകാശം കൊടുത്തു. അതിനുശേഷം ജോബ് നൂറ്റിനാല്‍പതുവര്‍ഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലു തലമുറവരെ കാണുകയും ചെയ്തു. അങ്ങനെ ജോബ് പൂര്‍ണായുസ്സു പ്രാപിച്ച് വൃദ്ധനായി മരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:66,71,75,91,125,130

കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

അങ്ങേ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്
അറിവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ!
ദുരിതങ്ങള്‍ എനിക്കുപകാരമായി;
തന്മൂലം ഞാന്‍ അങ്ങേ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.

കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

കര്‍ത്താവേ, അങ്ങേ വിധികള്‍ ന്യായയുക്തമാണെന്നും
വിശ്വസ്തത മൂലമാണ് അവിടുന്ന എന്നെ
കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
അവിടുന്നു നിശ്ചയിച്ച പ്രകാരം ഇന്നും എല്ലാം നിലനില്‍ക്കുന്നു;
എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.

കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

ഞാന്‍ അങ്ങേ ദാസനാണ്;
എനിക്ക് അറിവു നല്‍കണമേ!
ഞാന്‍ അങ്ങനെ അങ്ങേ കല്‍പന ഗ്രഹിക്കട്ടെ!
അങ്ങേ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു;
എളിയവര്‍ക്ക് അത് അറിവു പകരുന്നു.

കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 10:17-24
നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.

അക്കാലത്ത്, എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു. അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.
ആ സമയം തന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവന്‍ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ. എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ ഈ അര്‍പ്പണം അങ്ങേക്ക് സ്വീകാര്യമാകുന്നതിനും
അതുവഴി സകല അനുഗ്രഹങ്ങളുടെയും ഉറവിടം
ഞങ്ങള്‍ക്കായി തുറക്കപ്പെടുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 119:49-50

കര്‍ത്താവേ, അങ്ങേ ദാസനു നല്കിയ
അങ്ങേ വചനം ഓര്‍ക്കണമേ.
അതുവഴിയാണല്ലോ, അങ്ങ് എനിക്കു പ്രത്യാശ നല്കിയത്,
എന്റെ താഴ്മയില്‍ ഇത് എന്നെ ആശ്വസിപ്പിക്കുന്നു.

Or:
1 യോഹ 3:16

അവന്‍ സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന്,
ദൈവത്തിന്റെ സ്‌നേഹം എന്തെന്ന് നാമറിയുന്നു.
നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി
ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയരഹസ്യം
ഞങ്ങള്‍ക്ക് മനസ്സിന്റെയും ശരീരത്തിന്റെയും നവീകരണമാകട്ടെ.
അങ്ങനെ, അവിടത്തെ മരണം പ്രഖ്യാപിക്കുമ്പോഴെല്ലാം
അവിടത്തെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
ഞങ്ങള്‍ അവിടത്തെ മഹത്ത്വത്തില്‍ കൂട്ടവകാശികളായി തീരുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment