🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ
27th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. എസ്‌തേ 4:17
കര്‍ത്താവേ, പ്രപഞ്ചം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്
അങ്ങേ തിരുമനസ്സാലാണല്ലോ.
അങ്ങേ തിരുവുള്ളത്തിനെതിരായി
ഒന്നിനും നിലനില്ക്കാന്‍ സാധ്യമല്ല.
എന്തെന്നാല്‍, സകലതും, സ്വര്‍ഗവും ഭൂമിയും
സ്വര്‍ഗീയതലത്തില്‍ ഉള്‍ക്കൊള്ളുന്ന സര്‍വവും, അങ്ങ് സൃഷ്ടിച്ചു.
അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ കൃപാതിരേകത്താല്‍
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും
അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.
അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ
അങ്ങ് അവഗണിക്കുകയും
യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 5:1-7
സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്.
എന്റെ പ്രിയനുവേണ്ടി,
അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള
സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ.
വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ എന്റെ പ്രിയന്
ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി
വിശിഷ്ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു;
അതിന്റെ മധ്യത്തില്‍ അവന്‍ ഒരു കാവല്‍മാടം പണിതു;
മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു.
അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്‍കുമെന്ന്
അവന്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.
ജറുസലെം നിവാസികളേ, യൂദായില്‍ വസിക്കുന്നവരേ,
എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച്
നിങ്ങള്‍തന്നെ വിധി പറയുവിന്‍.
എന്റെ മുന്തിരിത്തോട്ടത്തിനു വേണ്ടി
ഞാന്‍ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്?
ഞാന്‍ നല്ല മുന്തിരി അതില്‍ നിന്നു പ്രതീക്ഷിച്ചപ്പോള്‍
എന്തുകൊണ്ടാണ് അതു കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്?
ഈ മുന്തിരിത്തോപ്പിനോടു ഞാന്‍ എന്തു ചെയ്യുമെന്ന് ഇപ്പോള്‍ പറയാം.
ഞാന്‍ അതിന്റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കും.
അതിന്റെ മതിലുകള്‍ ഞാന്‍ ഇടിച്ചു തകര്‍ക്കും.
തോട്ടം ചവിട്ടി മെതിക്കപ്പെടും.
ഞാന്‍ അതിനെ ശൂന്യമാക്കും;
അതിനെ വെട്ടിയൊരുക്കുകയോ
അതിന്റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല.
അവിടെ മുള്‍ച്ചെടികളും മുള്ളുകളും വളരും.
അതിന്മേല്‍ മഴ വര്‍ഷിക്കരുതെന്നു
ഞാന്‍ മേഘങ്ങളോട് ആജ്ഞാപിക്കും.
സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം
ഇസ്രായേല്‍ ഭവനമാണ്. യൂദാജനമാണ്,
അവിടുന്ന് ആനന്ദം കൊള്ളുന്ന കൃഷി.
നീതിക്കുവേണ്ടി അവിടുന്ന് കാത്തിരുന്നു.
ഫലമോ രക്തച്ചൊരിച്ചില്‍ മാത്രം!
ധര്‍മനിഷ്ഠയ്ക്കു പകരം
നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 80:8,11,12-13,14-15,18-19
കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്.
ഈജിപ്തില്‍ നിന്ന് അവിടുന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു;
ജനതകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു.
അവിടുന്ന് അതിനുവേണ്ടി തടമൊരുക്കി;
അതു വേരൂന്നി വളര്‍ന്നു, ദേശം മുഴുവനും പടര്‍ന്നു.
അത് അതിന്റെ ശാഖകളെ സമുദ്രംവരെയും
ചില്ലകളെ നദിവരെയും നീട്ടി.
കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്.
അങ്ങുതന്നെ അതിന്റെ മതില്‍ തകര്‍ത്തതെന്തുകൊണ്ട്?
വഴിപോക്കര്‍ അതിന്റെ ഫലം പറിക്കുന്നു.
കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു;
സകലജന്തുക്കളും അതിനെ തിന്നുകളയുന്നു.
കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!
സ്വര്‍ഗത്തില്‍ നിന്നു നോക്കിക്കാണണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങേ വലത്തുകൈ നട്ട
ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്.
അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍ നിന്ന് ഒരിക്കലും പിന്തിരിയുകയില്ല;
ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ!
ഞങ്ങള്‍ അങ്ങേ നാമം വിളിച്ചപേക്ഷിക്കും.
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളെ പുനരുദ്ധരിക്കണമേ!
അങ്ങേ മുഖം പ്രകാശിക്കുകയും
ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്.
രണ്ടാം വായന
ഫിലി 4:6-9b
എന്നില്‍ നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും.
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും. അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്‌നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍ നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 21:33-43
വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം കൃഷിക്കാരെ ഏല്‍പിച്ചു.
യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും പറഞ്ഞു: മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ പോയി. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു. പിന്നീട് അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നു പറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും. യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കല്പനകളാല്‍
സ്ഥാപിതമായിരിക്കുന്ന ബലികള്‍ സ്വീകരിക്കുകയും
കര്‍ത്തവ്യനിഷ്ഠമായ ശുശ്രൂഷയുടെ ധര്‍മത്തോടെ
ഞങ്ങള്‍ അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങളാല്‍
അങ്ങേ പരിത്രാണത്തിന്റെ വിശുദ്ധീകരണം
കാരുണ്യപൂര്‍വം ഞങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
വിലാ 3:25
തന്നില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കും
അവിടത്തെ തേടുന്ന മനസ്സിനും കര്‍ത്താവ് നല്ലവനാണ്.
Or:
cf. 1 കോറി 10:17
അപ്പം ഒന്നേയുള്ളൂ. പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.
ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും നമ്മളെല്ലാവരും ഭാഗഭാക്കുകളാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
സ്വീകരിച്ച കൂദാശയാല്‍ ഉന്മേഷഭരിതരും പരിപോഷിതരുമാകാനും
അതു സ്വീകരിക്കുമ്പോഴെല്ലാം
ഞങ്ങള്‍ അതുവഴി രൂപാന്തരപ്പെടാനും അനുഗ്രഹംനല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment