ഉണർന്നെഴുന്നേൽക്കുമ്പോൾ…
ക്രിസ്തുവിനൊരു രണ്ടാം ജന്മം സ്വന്തം ജീവിതംകൊണ്ട് സമ്മാനിക്കുവാൻ പരിശ്രമിച്ച അസ്സീസിയിലെ ഫ്രാൻസിസ് പുണ്യവാളാ, മുപ്പത്തിമൂന്നാം വയസ്സിൽ ക്രിസ്തു പറയാതെ പറഞ്ഞുവച്ചിട്ടുപോയ തന്റെ ജീവിതത്തിന്റെ ബാക്കിയല്ലായിരുന്നോ നിന്റെ ജീവിതം… പിതാവിന്റെ മുന്നിൽവച്ചു ഉടുതുണി പോലും സ്വയം ഊരിമാറ്റിയപ്പോൾ മാളികകൾക്കുള്ളിലും ഒരു പുൽക്കൂടിനു സാധ്യതയുണ്ടെന്ന് നീ കാണിച്ചുതന്നു… സ്വയം സൃഷ്ടിച്ച കാൽവരിയിൽ ഈശോ സമ്മാനിച്ച മുറിവുകളുമായി നീ നടന്നുകയറിയപ്പോഴും ഓർമ്മിപ്പിച്ചത് ക്രിസ്തുവിനെ… സ്വർഗ്ഗത്തിലെ പിതാവാണ് തന്റെയും പിതാവെന്ന് ഈശോയെപ്പോലെ ഏറ്റുപറയുവാനുള്ള സ്വാതന്ത്ര്യവും നിനക്കുണ്ടായിരുന്നല്ലോ… ഈശോ എങ്ങനെ നടക്കുന്നു, ചിരിക്കുന്നു, എങ്ങനെ പ്രാർത്ഥിക്കുന്നു, പ്രഘോഷിക്കുന്നു എന്നൊക്കെ ഈശോയുടെ കൂടെ ജീവിച്ചുകൊണ്ട് മനസ്സിലാക്കിയ അപ്പോസ്തോലന്മാർക്കു പോലും നൽകാത്ത “രണ്ടാം ക്രിസ്തു” എന്ന ആ മഹാവിശേഷണം അങ്ങേക്ക് മാത്രം ദൈവം ചാർത്തിത്തന്നിട്ടുണ്ടെങ്കിൽ അകമേയും പുറമേയും ക്രിസ്തുവിനെ അനുകരിക്കുന്നതിൽ അങ്ങെത്രയോ വിജയിച്ചിട്ടുണ്ടാകണം… “നമ്മുടെ നടത്തം തന്നെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണം ആയി മാറുന്നില്ലെങ്കിൽ എവിടെയൊക്കെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ നടന്നാലും അതുകൊണ്ടു ഒരു പ്രയോജനവും ഉണ്ടാകില്ല” എന്ന് അങ്ങ് പറയുമ്പോൾ മനസ്സിലാകുന്നുണ്ട് ക്രിസ്തുവാകാനുള്ള ആദ്യപാഠം എന്താണെന്ന്… “ക്രിസ്തുവിനെപ്പോലെ നടക്കുന്ന ഒരുവന് ഒരു കാരണവശാലും ക്രിസ്തുവിനെക്കുറിച്ചു പ്രഘോഷിക്കുവാൻ സാധിക്കില്ല; മറിച്ചു, ക്രിസ്തുവായിരിക്കും അവനിലൂടെ പ്രഘോഷിക്കുക” എന്ന വലിയ പാഠം നിന്റെ എളിയ ജീവിതത്തിൽ നിന്നും എന്റെ ജീവിതത്തിലേക്ക് ഞാൻ കുറിച്ചിടുന്നുണ്ട്… ഇപ്പോഴും ഞങ്ങൾക്കുമൊക്കെ ഒരു “മൂന്നാം ക്രിസ്തു”വും “നാലാം ക്രിസ്തുവും” ഒക്കെ ആയി മാറുവാനുള്ള അവസ്സരം ദൈവം ഒഴിച്ചിട്ടുണ്ടെന്നു, പുണ്യാളാ, നീ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു… ഒരു ജീവിതകാലം പോയിട്ട് ഒരു ദിവസ്സം പോലും ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ കഴിയാത്ത എന്റെ മുന്നിൽ നീ ക്രിസ്തുവിനോളം തന്നെ ഉയർന്നു നിൽക്കുകയല്ലേ… ഇന്ന് നിന്റെ തിരുനാൾ ദിനത്തിൽ ഒന്നുമാത്രം യാചിക്കുന്നു: “ദൈവം സഹായിച്ചു എന്നെങ്കിലും ഒരു ദിവസ്സം എനിക്കും ഈശോയെപ്പോലെ ആകണം എന്ന് തോന്നുകയാണെങ്കിൽ ആ തീ എന്റെയുള്ളിൽ അണയാതെ സൂക്ഷിക്കുവാൻ അനുഗ്രഹിക്കേണമേ… ആമേൻ
മറക്കാതെ പ്രാർത്ഥിക്കാൻ: ആത്മാർത്ഥതയോടെ ചെയ്ത ജോലിയുടെ ഇനിയും കിട്ടാത്ത ശമ്പളത്തിനുവേണ്ടി കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി ഈശോടടുത്തു…

Leave a comment