കേരളീയ നവോത്ഥാനത്തിന്റെ പെരുന്തച്ചന്‍

കേരളീയ നവോത്ഥാനത്തിന്റെ പെരുന്തച്ചന്‍

സ്മാരകങ്ങള്‍ ഉയരുമ്പോള്‍ തമസ്‌ക്കരിക്കപ്പെടുന്ന ചരിത്ര സത്യങ്ങള്‍.

ഈഴവ സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കുവേണ്ടി ജീവിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കൊല്ലം ആസ്ഥാനമായി ഓപ്പണ്‍ സര്‍വകലാശാല വരുന്നതിനെപ്പറ്റി വായിച്ചു. ഈ വാര്‍ത്ത വന്ന സെപ്റ്റംബര്‍ നാലിലെ പത്രങ്ങളില്‍ തന്നെ മറ്റൊരു വാര്‍ത്തയുമുണ്ടായിരുന്നു; അറബിക് സര്‍വകലാശാലയ്ക്കും കേരളത്തില്‍ ഉടന്‍ നടപടി തുടങ്ങും. ഇവ രണ്ടും നല്ല കാര്യങ്ങള്‍ തന്നെ. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനു വേണ്ടി പരിശ്രമിച്ചതിന്റെ പേരിലുള്ള ആദരമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാല.

എന്നാല്‍ ശ്രീനാരായണ ഗുരുവും കേരളത്തിലെ മറ്റു പല സാമൂഹിക പരിഷ്‌കര്‍ത്താക്കളും ജനിക്കുന്നതിനു അര നൂറ്റാണ്ടു മുമ്പേ തന്നെ ജനിച്ചു സവര്‍ണ-അവര്‍ണ ഉച്ചനീചത്വങ്ങള്‍ക്കും അയിത്തത്തിനും ദാരിദ്ര്യത്തിനും സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കും എതിരെ പോരാടുകയും സ്ത്രീകളുടെയും അടിയാള വര്‍ഗങ്ങളുടെയും വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിനു വേണ്ടി ശക്തമായ നടപടികള്‍ ആരംഭിക്കുകയും ചെയ്ത യുഗപ്രാഭവനായ ചാവറ കുരിയാക്കോസ് ഏലിയാസച്ചനുവേണ്ടി ശബ്ദിക്കാനോ അദ്ദേഹത്തിനു സ്മാരകങ്ങള്‍ നിര്‍മിക്കാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താല്‍പര്യമില്ല. എന്നു മാത്രമല്ല, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിന്നു ചാവറയച്ചനെയും ക്രൈസ്തവ സമൂഹത്തെയും തമസ്‌കരിക്കാനുള്ള ഇടതു-വലതു ചരിത്ര പണ്ഡിതന്മാരുടെ ഗൂഢപദ്ധതികള്‍ക്ക് അവര്‍ കയ്യടി നല്‍കുകയും ചെയ്യുന്നു.

അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും പ്രാകൃതമായ സാമൂഹിക അനാചാരങ്ങളിലും നാടുവാഴികളുടെയും ഭൂപ്രഭുക്കന്മാരുടെയും സവര്‍ണ വിഭാഗങ്ങളുടെയും ഉരുക്കുമുഷ്ടിക്കു കീഴില്‍ ഞെരിഞ്ഞമര്‍ന്നു കിടന്നിരുന്ന അടിയാള വര്‍ഗങ്ങളുടെ മൃഗതുല്യമായ ജീവിതസാഹചര്യങ്ങളും കേരള സമൂഹത്തില്‍ നിന്നു മാറിത്തുടങ്ങിയ കാലമാണ് നവോത്ഥാന കാലഘട്ടം. ഇത് എന്നു തുടങ്ങിയെന്നതിനു ചരിത്രകാരന്മാര്‍ പറയുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ എന്നാണ്. അതായത് 1856 ല്‍ ശ്രീനാരായണ ഗുരുവും മറ്റുള്ള നേതാക്കളും ജനിക്കുന്നതോടുകൂടി!

ചരിത്രത്തെ കണ്ണടച്ചു വളച്ചൊടിക്കുകയാണിവര്‍. യഥാര്‍ഥത്തില്‍ കേരളത്തിന്റെ സാമൂഹിക നവോത്ഥാനം തുടങ്ങുന്നത് വിദേശ മിഷനറിമാര്‍ വരുന്നതോടു കൂടിയാണ്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ വ്യാപകമായ അവരുടെ സാന്നിധ്യമാണ് അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്ന കേരളത്തിന്റെ സാമൂഹിക മാറ്റത്തിനു പ്രഭാത കാഹളം മുഴക്കിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1806-1816 കാലത്തു തെക്കന്‍ തിരുവിതാംകൂറില്‍ വിദേശ മിഷനറിമാര്‍ നിരവധി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടത് പിന്നീടുള്ള കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ ചരിത്രത്തിന്റെ ചാലുകോരലായിരുന്നു. പിന്നീടങ്ങോട്ട് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വിദ്യാലയങ്ങളായും പ്രസിദ്ധീകരണ ശാലകളായും ഇംഗ്ലീഷ് പാഠശാലകളായും ആധുനികതയിലേക്കുള്ള പ്രയാണം ശക്തിപ്പെട്ടു. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1847 ല്‍ മലയാളത്തിലെ ആദ്യത്തെ പത്രം ആരംഭിച്ചപ്പോള്‍, ഇന്നു പലരും വാഴ്ത്തിപ്പാടുന്ന സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജനിച്ചിട്ടില്ല. 1852 ലും 1853 ലുമായി തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ അന്നു നിലവിലിരുന്ന കിരാതമായ അടിമ സമ്പ്രദായം നിര്‍ത്തലാക്കിയതിനു പിന്നില്‍ മിഷനറിമാരുടെ നിരന്തരമായ ഇടപെടലുകളായിരുന്നു.

മിഷനറിമാര്‍ അടിസ്ഥാനമിട്ട സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉറച്ച ആധാരശിലയിലാണ് ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ പണിതുയര്‍ത്തിയത്. പള്ളിയോടപ്പം പള്ളിക്കൂടം എന്ന ആശയത്തിലൂന്നി 1829 ല്‍ വൈദികനായ അദ്ദേഹം 1846 ല്‍ മാന്നാനത്ത് സംസ്‌കൃത വിദ്യാലയവും പ്രസും ആര്‍പ്പൂക്കരയെന്ന കൊച്ചു ഗ്രാമത്തില്‍ അവര്‍ണ വിദ്യാര്‍ഥികള്‍ക്കായി പ്രൈമറി വിദ്യാലയവും ആരംഭിച്ചു. സവര്‍ണ വിഭാഗങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും സവര്‍ണ വിദ്യാര്‍ഥികള്‍ക്കൊപ്പം അവര്‍ണരുടെ കുട്ടികളെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിച്ചു. ഒട്ടിയ വയറുമായി അക്ഷരം പഠിക്കാന്‍ വന്ന പാവപ്പെട്ട കുട്ടികള്‍ക്കായി സ്‌കൂളില്‍ ഉച്ച ഭക്ഷണം നല്‍കാന്‍ തുടങ്ങി. ഉച്ചഭക്ഷണത്തിനുള്ള അരി അദ്ദേഹം കണ്ടെത്തിയത് വിശ്വാസികള്‍ നല്‍കുന്ന ‘പിടിയരി’ ശേഖരിച്ചുകൊണ്ടായിരുന്നു. ചാവറയച്ചന്റെ ‘സ്‌കൂള്‍ ഉച്ചഭക്ഷണ’ പദ്ധതി തിരുവിതാംകൂറിലെ ദിവാന്‍ സാക്ഷാല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ മറ്റെല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു. ആ പദ്ധതി ഇന്നും കേരളത്തിലെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നുമുണ്ട്.

പാവപ്പെട്ടവര്‍ക്ക് ഭിക്ഷപോലെ പണവും ഭക്ഷണവും തുണിയും കൊടുത്ത് അവരെ എന്നും അടിയാള വര്‍ഗക്കാരായി നിലനിര്‍ത്തുകയല്ലായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ദര്‍ശനം. അവരെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉയര്‍ത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ കര്‍മപദ്ധതി.

അങ്ങനെ മലയാളിയെ മനുഷ്യനാക്കാന്‍ വേണ്ടി തന്റെ ജീവിതം മുഴുവന്‍ വ്യയം ചെയ്ത മഹാത്യാഗിയാണ് ചാവറയച്ചന്‍. 1805 ല്‍ ജനിച്ചു 1871 ല്‍ മരിക്കുന്നതുവരെ അദ്ദേഹം വെട്ടിത്തെളിച്ചുവച്ച സാമൂഹിക മാറ്റത്തിന്റെ നാട്ടുവഴികള്‍ അദ്ദേഹത്തിന്റെ സമകാലീനരും പിന്‍ഗാമികളുമായ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഈഴവ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരു 1856 ലും നായര്‍ സമുദായ പരിഷ്‌കര്‍ത്താവായ ചട്ടമ്പി സ്വാമികള്‍ 1854 ലും പുലയരുള്‍പ്പെട്ട അധഃസ്ഥിത ജനവിഭാഗങ്ങളുടെ നേതാവ് അയ്യങ്കാളി 1866 ലും മലബാറിലെ തിയ്യരുടെ പുരോഗതിക്കുവേണ്ടി യത്‌നിച്ച വാഗ്ഭടാനന്ദന്‍ 1884 ലും അരയ സമുദായ നേതാവായ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ 1885 ലും മുസ്ലിം സമുദായ നേതാവായ വക്കം അബ്ദുല്‍ഖാദര്‍ മൗലവി 1837 ലും നമ്പൂതിരി സമുദായ നേതാവായ വി.ടി. ഭട്ടതിരിപ്പാട് 1896 ലുമാണ് ജനിച്ചത്. അതായത് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍. അന്നു 50 വയസ് കഴിഞ്ഞിരുന്നു ചാവറയച്ചന്!

അദ്ദേഹം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കു വേണ്ടിയാണ് നിലകൊണ്ടതെന്നും ഇവിടെ ശ്രദ്ധിക്കണം; ക്രൈസ്തവ സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ല. കേരളത്തെ ഒരൊറ്റ ജനതയും സമുദായവുമായിക്കണ്ടുവെന്നതായിരുന്നു ചാവറയച്ചന്റെ മാനവികതയുടെയും വീക്ഷണത്തിന്റെയും വൈശിഷ്ട്യം.

ഈ സത്യങ്ങളാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്. കേരളീയ നവോത്ഥാനത്തിന്റെ പെരുന്തച്ചനാണ് ചാവറയച്ചന്‍. എന്നാല്‍ കേരളീയ നവോത്ഥാന ചരിത്രത്തില്‍ നിന്നും പാഠപുസ്തകങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ തമസ്‌കരിക്കാനും അര്‍ഹമായ അംഗീകാരം നല്‍കാതിരിക്കാനും പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ഗൂഢപദ്ധതികളുടെ കളങ്കം പുരളാത്ത രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വിരളം. പക്ഷേ, എത്ര തമസ്‌കരിക്കപ്പെട്ടാലും , വിസ്മൃതമാകുന്നതല്ല ചാവറയച്ചന്‍ എന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ സംഭാവനകള്‍. ജനകോടികളുടെ മനസ്സില്‍ ചരിത്രം അദ്ദേഹത്തിനായി പ്രതിഷ്ഠിച്ചിട്ടുള്ള മയൂരസിംഹാസനം മറ്റാര്‍ക്കും തട്ടിയെടുക്കാനാവില്ല.

കടപ്പാട് : ജോസ് തളിയത്ത്, കേരളസഭ, ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രം.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment