ദിവ്യബലി വായനകൾ Tuesday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Tuesday of week 28 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 130:3-4

കര്‍ത്താവേ, അങ്ങ് പാപങ്ങള്‍ കണക്കിലെടുത്താല്‍,
ആര്‍ക്ക് നിലനില്ക്കാനാവും?
എന്നാല്‍, ഇസ്രായേലിന്റെ ദൈവമേ,
പാപമോചനം അങ്ങേ പക്കലാണല്ലോ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഗലാ 5:1-6
പരിച്‌ഛേദനം കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.

സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്. പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്‌ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല. പരിച്‌ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയുന്നു, അവന്‍ നിയമം മുഴുവനും പാലിക്കാന്‍ കടപ്പെട്ടവനാണ്. നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കു ന്നു. കൃപാവരത്തില്‍ നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്തിരിക്കുന്നു. ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു. എന്തെന്നാല്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്‌ഛേദനമോ അപരിച്‌ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:41,43,44,45,47,48

കര്‍ത്താവേ, അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

കര്‍ത്താവേ, അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!
അങ്ങ് വാഗ്ദാനം ചെയ്ത രക്ഷ എനിക്കു നല്‍കണമേ!
എന്നെ അവഹേളിക്കുന്നവരോടു മറുപടി പറയാന്‍
അപ്പോള്‍ എനിക്കു കഴിയും.
ഞാന്‍ അങ്ങേ വചനത്തിലാണല്ലോ ആശ്രയിക്കുന്നത്.

കര്‍ത്താവേ, അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

ഞാന്‍ അങ്ങേ കല്‍പനകളെ നിരന്തരം എന്നേക്കും പാലിക്കും.
അങ്ങേ കല്‍പനകള്‍ തേടുന്നതുകൊണ്ടു
ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും.

കര്‍ത്താവേ, അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

അങ്ങേ പ്രമാണങ്ങളില്‍ ഞാന്‍ ആനന്ദം കണ്ടെത്തുന്നു;
ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു.
ഞാന്‍ അങ്ങേ പ്രമാണങ്ങളെ ആദരിക്കുന്നു;
ഞാന്‍ അവയെ സ്‌നേഹിക്കുന്നു;
ഞാന്‍ അങ്ങേ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:37-41
നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.

അക്കാലത്ത്, യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവന്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനു മുമ്പ് അവന്‍ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയന്‍ അദ്ഭുതപ്പെട്ടു. അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഭോഷന്‍മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മിച്ചത്? നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.

Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment