ദിവ്യബലി വായനകൾ 29th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ 

29th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 17:6,8

ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു,
എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും;
അങ്ങ് ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ.
കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊളളണമേ;
അങ്ങേ ചിറകിന്റെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും
അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും
ആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനും
ഞങ്ങള്‍ക്കിടവരുത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 45:1,4-6
രാജ്യങ്ങള്‍ കീഴടക്കുന്നതിനു സൈറസിന്റെ വലത്തു കൈയ് ഞാന്‍ ഗ്രഹിച്ചിരിക്കുന്നു.

രാജ്യങ്ങള്‍ കീഴടക്കുന്നതിനും
രാജാക്കന്മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും
നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനും വേണ്ടി
ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ,
തന്റെ അഭിഷിക്തനായ ആ സൈറസിനോടു
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എന്റെ ദാസനായ യാക്കോബിനും
ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനും വേണ്ടി
ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു.
നീ എന്നെ അറിയുന്നില്ലെങ്കിലും
ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.
ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല:
ഞാനല്ലാതെ മറ്റൊരു ദൈവമില്ല;
നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും.
കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും
ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല
എന്ന് അറിയുന്നതിനും വേണ്ടിത്തന്നെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 96:1,3,4-5,7-8,9-10

ജനപദങ്ങളേ, മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍
വര്‍ണിക്കുവിന്‍.

ജനപദങ്ങളേ, മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.

എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്;
സകല ദേവന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്.
ജനതകളുടെ ദേവന്മാര്‍ വിഗ്രഹങ്ങള്‍ മാത്രം;
എന്നാല്‍, കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്.

ജനപദങ്ങളേ, മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.

ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;
കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

ജനപദങ്ങളേ, മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.

വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍;
ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

ജനപദങ്ങളേ, മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

രണ്ടാം വായന

1 തെസ 1:1-5
നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്‌നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്മരിക്കുന്നു.

പൗലോസും സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന്, പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെഴുതുന്നത്. നിങ്ങള്‍ക്കു കൃപയും സമാധാനവും! ഞങ്ങളുടെ പ്രാര്‍ഥനകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്‌നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്മരിക്കുന്നു. ദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തില്‍ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കുവേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ.

സുവിശേഷം

മത്താ 22:15-21
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.

അക്കാലത്ത്, ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന് ആലോചന നടത്തി. അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത് അവന്റെ അടുത്ത് അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്? നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു. യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റെത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വതന്ത്രമനസ്സോടെ അങ്ങേ ദാനങ്ങള്‍
ആദരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷിക്കുന്ന അതേ രഹസ്യങ്ങള്‍വഴി,
ഞങ്ങള്‍ നിര്‍മലരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 33:18-19

ഇതാ, തന്നെ ഭയപ്പെടുന്നവരുടെ മേലും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരുടെ മേലും
കര്‍ത്താവിന്റെ നയനങ്ങള്‍ ഉണ്ടായിരിക്കും.
അവിടന്ന് അവരുടെ പ്രാണന്‍ മരണത്തില്‍ നിന്നു രക്ഷിക്കുന്നു,
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

Or:
മര്‍ക്കോ 10:45

മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്
തന്റെ ജീവന്‍ അനേകര്‍ക്കു വേണ്ടി
മോചനദ്രവ്യമായി നല്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ വസ്തുക്കളുടെ പങ്കാളിത്തം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങള്‍ ഇഹലോക നന്മകളാല്‍ സംപൂരിതരും
പരലോക നന്മകളാല്‍ ഉദ്‌ബോധിതരും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment