ദിവ്യബലി വായനകൾ Tuesday of week 29 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

 ചൊവ്വ

Tuesday of week 29 in Ordinary Time 

Liturgical Colour: Green.
____

ഒന്നാം വായന

എഫേ 2:12-22

അവന്‍ നമ്മുടെ സമാധാനമാണ്; ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിച്ചു.

സഹോദരരേ, ഒരിക്കല്‍ നിങ്ങള്‍ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേല്‍ സമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തിന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസം ഇല്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക. എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തം വഴി സമീപസ്ഥരായിരിക്കുന്നു.
കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു. കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശു വഴി ഒരേ ശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്. വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു. അതിനാല്‍, അവനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു. ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 85:8ab,9,10-11,12-13

R. കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും; അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.

R. കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തു നിന്നു ഭൂമിയെ കടാക്ഷിക്കും.

R. കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.

R. കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.
____

സുവിശേഷ പ്രഘോഷണവാക്യം

cf. ലൂക്കാ 8:15

അല്ലേലൂയാ, അല്ലേലൂയാ!

ദൈവത്തിന്റെ വചനം കേട്ട് ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.

അല്ലേലൂയാ!

Or:

ലൂക്കാ 21:36

അല്ലേലൂയാ, അല്ലേലൂയാ!

മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
അല്ലേലൂയാ!
____

സുവിശേഷം

ലൂക്കാ 12:36-38

യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ അര മുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിന്‍. തങ്ങളുടെ യജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍. യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അര മുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തു ചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവന്‍ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായി കണ്ടാല്‍ ആ ഭ്യത്യന്മാര്‍ ഭാഗ്യവാന്മാര്‍.

കർത്താവിന്റെ വചനം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment