🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ, 25/10/2020
30th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 105:3-4
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ.
കര്‍ത്താവിനെ അന്വേഷിക്കുകയും ഏറ്റുപറയുകയും ചെയ്യുവിന്‍,
നിരന്തരം അവിടത്തെ മുഖം തേടുവിന്‍.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പുറ 22:20-26
വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിച്ചാല്‍ എന്റെ കോപം ജ്വലിക്കും.
ദൈവം മോശയോട് പറഞ്ഞു: ഇസ്രായേല്‍ ജനത്തോട് പറയുക: നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ. വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്. നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയും ചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും. എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാന്‍ വാള്‍ കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും. നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടം കൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരില്‍ നിന്നു പലിശ ഈടാക്കുകയുമരുത്. അയല്‍ക്കാരന്റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അതു തിരിയെക്കൊടുക്കണം. എന്തെന്നാല്‍, അതു മാത്രമാണ് അവനുള്ള പുതപ്പ്. തന്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോള്‍ പുതയ്ക്കാന്‍ മറ്റെന്തുണ്ട്? അവന്‍ എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാന്‍ അതുകേള്‍ക്കും; ഞാന്‍ കരുണയുള്ളവനാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 18:1-2,3-4,46,50
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ,
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവും അഭയ കേന്ദ്രവും.
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എന്നെ ശത്രുക്കളില്‍ നിന്നു രക്ഷിക്കും.
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ;
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു:
തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു.
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
രണ്ടാം വായന
1 തെസ 1:5-10
യേശുവിനെ സ്വര്‍ഗത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതിനു വേണ്ടി വിഗ്രഹങ്ങളില്‍ നിന്നു നിങ്ങള്‍ പിന്തിരിഞ്ഞു.
ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തില്‍ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കുവേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിക്കുന്നവരായി. കാരണം, വളരെ ക്ലേശങ്ങള്‍ക്കിടയിലും, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ ആനന്ദത്തോടെ നിങ്ങള്‍ വചനം സ്വീകരിച്ചു. അങ്ങനെ നിങ്ങള്‍ മക്കെദോനിയായിലും അക്കായിയായിലും ഉള്ള വിശ്വാസികള്‍ക്കെല്ലാം മാതൃകയായിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളില്‍ നിന്നു കര്‍ത്താവിന്റെ വചനം മക്കെദോനിയായിലും അക്കായിയായിലും പ്രതിധ്വനിക്കുക മാത്രമല്ല, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും ചെന്നെത്തുകയും ചെയ്തിരിക്കുന്നു. തന്മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നുംതന്നെ ഞങ്ങള്‍ പറയേണ്ടതില്ല. ഞങ്ങള്‍ക്ക് ഏതുവിധത്തിലുള്ള സ്വാഗതമാണു നിങ്ങളില്‍ നിന്നു ലഭിച്ചതെന്നും ജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനും, അവിടുന്നു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളില്‍ നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 22:34-40
നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക.
അക്കാലത്ത്, യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി. അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്? അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന. രണ്ടാമത്തെ കല്‍പനയും ഇതിനു തുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ടു കല്‍പനകളില്‍ സമസ്തനിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5
അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.
Or:
എഫേ 5:2
ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment