സ്നേഹസ്പര്ശം
മെഡിക്കൽ കോളേജിനടുത്തുള്ള സെന്ററിൽ മാസം തോറുമുള്ള അവരുടെ മീറ്റിംഗിൽ വച്ചാണ് ആദ്യമായി അച്ചുവിനെ ഞാൻ കാണുന്നത്. ആദ്യനോട്ടത്തിലെ തന്നെ അമ്മക്കും മോൾക്കും എന്തൊക്കെയോ പ്രശ്നം ഉള്ളതുപോലെ തോന്നിയിരുന്നു. അമ്മയുടെ സാരിതലപ്പിനുള്ളിൽ ഒളിച്ചു നിന്നു പതുക്കെ തല പുറത്തേക്കിട്ട നോക്കുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
അടുത്തേക്ക് വിളിച്ചപ്പോൾ ആദ്യം ഒന്നു മടിച്ചേങ്കിലും പതുക്കെ അടുത്തു. കൈയിൽ കരുതിയിരുന്ന ഒരു മിട്ടായി നീട്ടിയപ്പോൾ പതുക്കെ ആ മുഖം വിടർന്നു. ചിരിച്ചുകൊണ്ട് വാങ്ങിച്ചു. ഞാൻ സ്നേഹത്തോടെ ഒന്നു തലോടി. അപ്പോൾ അവൾ ഒന്നു കുലുങ്ങി ചിരിച്ചു. ഞാൻ വീണ്ടും തലോടി അവൾ വീണ്ടും ചിരിച്ചു. ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടുകാരായി. പിന്നീട് ഇടക്കിടെ ഇങ്ങനെ കാണാറുണ്ടായിരുന്നു. എന്തേങ്കിലും ഒക്കെ കാരണം പറഞ്ഞു അവൾ അവിടേക്ക് വന്നിരുന്നു. സ്നേഹം ഒത്തിരി ആഗ്രഹിക്കുന്ന ഒരു കുട്ടിയാണെന്നു ഞങ്ങൾക് മനസ്സിലായി.
അവിടെ വരുന്ന കൂടുതൽ പേരും അങ്ങിനെ ഉള്ളവർ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ സ്നേഹം കൊടുക്കുന്നതിൽ ഒരു കുറവും വരുത്തിയിരുന്നില്ല. ഞങ്ങളെ കാണാൻ വരുമ്പോഴൊക്കെ അവൾ ആടുത്തേക് ചേർന്നു ചേർന്നു വരുമായിരുന്നു. നമ്മൾ തലോടുമ്പോൾ പൂച്ചകുഞ്ഞുങ്ങൾ കുറുകികൊണ്ടു ചേർന്നു മുട്ടി നിൽകില്ലേ ഏതാണ്ട് അതേപോലെ. ഞങ്ങൾ അതൊക്കെ പറഞ്ഞു അവളെ കളിയാകാറുണ്ടായിരുന്നു. അച്ചൂസ് എന്ന വിളി പിന്നെ ‘പുച്ചൂസ് ‘ എന്നൊക്കെ ആയി. എങ്കിലും അതൊക്കെ അവൾക് ഒരു രസമായിരുന്നു.
ഒരു മിണ്ടാപൂച്ച ആയിരുന്ന അവൾ പതുക്കെ സംസാരിച്ചു തുടങ്ങി. ഇടക്കിടെ ഉള്ള ഫോണ് വിളികളിൽ അവളുടെ കൊഞ്ചലും വിഷമം പറച്ചിലും നാട്ടു വിശേഷം പറച്ചിലും ഒക്കെ ആയി. ഇവരെ പോലെയുള്ള കുട്ടികൾക്കായി തുടങ്ങിയ മാസികയിൽ ആദ്യമായി അവൾ വരച്ച പടം വന്നപ്പോൾ ഒത്തിരി സന്തോഷിച്ചതും അന്ന് മാസികയെ കേട്ടി പിടിച്ചു കിടന്നുറങ്ങിയതും എല്ലാം അവൾ എത്ര സന്തോഷത്തോടെ ആണ് വിളിച്ചു പറഞ്ഞത്.
അവൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു രചനാ മത്സരം നടത്തിയത്. അതിൽ അവൾ ഒരു കവിത എഴുതി. ഞങ്ങളെ ഒക്കെ ഒത്തിരി ചിന്തിപ്പിച്ച ഒരു കവിത ആയിരുന്നു അത്. വരികൾ ഞാൻ മറന്നു എങ്കിലും അതിന്റെ ഉള്ളടക്കം ഞാൻ ഒരിക്കലും മറക്കില്ല.
‘എനിക് അമ്മയും അമ്മക്ക് ഞാനുമുള്ള എന്റെ കുഞ്ഞു ലോകത്തിലേക്ക് അവർ കടന്നു വന്നു. പുകമറ കൊണ്ട് ഒന്നും കാണാതെ ആരും ഇല്ലാത്ത ഒരു സ്ഥലത്ത് ഒറ്റക്ക് നിൽക്കുക ആയിരുന്നു ഞങ്ങൾ. അപ്പോഴാണ് ഉള്ളു നിറയെ സ്നേഹവുമായി അവർ വന്നത്. സ്നേഹത്തോടെ അവർ തലോടിയപ്പോൾ എനികും സ്നേഹിക്കാൻ ആരോ ഉണ്ടെന്നു തോന്നി തുടങ്ങി. അവരുടെ ഓരോ കരസ്പര്ശനവും ഉള്ളിൽ സ്നേഹത്തിന്റെ ഒരു മഴപെയ്ത്തായിരുന്നു. പുക മറ മാറി വെളിചം വീശി തുടങ്ങി. ഇപ്പോൾ ഞങ്ങളെ മാത്രമല്ല ചുറ്റുമുള്ള ലോകവും മനുഷ്യരും ഒക്കെ കണ്ണിൽ പെടുന്നുണ്ട്. എന്റെ കണ്ണു തുറപ്പിച്ച, എന്നെ ഞാനാക്കിയ ആ തലോടൽ. ഇന്നും ഞാൻ കൊതിക്കുന്നു ആ സ്നേഹത്തണലിൽ ആയിരിക്കുവാൻ. ‘
ഞങ്ങളുടെ തലോടലിനായി അവൾ ചേർന്നു ഇരിക്കുമ്പോൾ അത് അവൾക് ഇത്രക്കും പ്രിയങ്കരം ആവുമെന്നും അവളിൽ ഇത്രയും വലിയ ഒരു മാറ്റം സൃഷ്ടിക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് അവൾ മിടുക്കിയാണ്. ഡിഗ്രി ഫൈനൽ വർഷം. സ്‌കൂൾ മാഗസിന്റെ എഡിറ്റർ വരെ ആയി. എന്താ അല്ലെ സ്നേഹത്തോടെയുള്ള ചില സ്പര്ശനങ്ങൾ ചിലപ്പോൾ അത്ഭുതങ്ങൾക് പോലും കാരണമാകുന്നു. ഒരു പക്ഷെ അന്ന് അങ്ങനെ സ്നേഹത്തോടെ അരികിൽ പിടിച്ചു നിർത്തിയില്ലായിരുന്നെവെങ്കിൽ അവളും അമ്മയെ പോലെ ആരുടെ എങ്കിലും തമാശയ്ക് കാരണം ആയേനെ.
ഓർമ്മിക്കുക ഉള്ളിൽ സ്നേഹം നിറച്ചുകൊണ്ടുള്ള ഒരു നോട്ടത്തിനു, ഒരു വാക്കിനു, ഒരു തലോടലിന് ചിലപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
✍️ ചങ്ങാതീ❣️
20/10/20′

Leave a comment