ദിവ്യബലി വായനകൾ Saturday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

Saturday memorial of the Blessed Virgin Mary
or Saturday of week 30 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

പരിശുദ്ധ അമ്മേ, സ്വസ്തി;
സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍
അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനും
പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍,
ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായി
നിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഫിലി 1:18-26
എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.

സഹോദരരേ, ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും. നിങ്ങളുടെ പ്രാര്‍ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു. ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ – ജീവിതം വഴിയോ മരണം വഴിയോ – മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം. പക്‌ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവശ്യമാണ്. നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയുംകൂടെ ആയിരിക്കുമെന്നും എനിക്കറിയാം. നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചുവരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ അഭിമാനത്തെ വര്‍ധിപ്പിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 42:1-2,4

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.

നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;
ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.

ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി;
ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു.
ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു;
ജനം ആര്‍ത്തുല്ലസിച്ചു;
ഹൃദയം പൊട്ടിക്കരയുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 14:1,7-11
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment