വല്ലപ്പോഴുമെത്തുന്ന കപ്പലിനു വേണ്ടി കാത്തുനിൽക്കുകയാണ് തുറയിലുള്ളവർ, കടൽപ്പാലം തിങ്ങി നിറഞ്ഞ്. തീരത്തോടടുക്കുമ്പോൾ കപ്പിത്താന് നിയന്ത്രണം തെറ്റി. അപകടസൂചന കാട്ടാനായി അയാൾ തന്റെ മേൽക്കുപ്പായമുരിഞ്ഞ് ചുഴറ്റിക്കാട്ടി. നാവികരും അയളോടൊപ്പം ചേർന്നു. ഇങ്ങനെയാണ് അഭിവാദ്യം ചെയ്യുന്ന രീതിയെന്നോർത്ത് പാലത്തിലുള്ളവരും മേൽക്കുപ്പായം ഉരിഞ്ഞെടുത്ത് ആഘോഷമായി ആകാശത്തിലേക്കു ചുഴറ്റി. അങ്ങനെ അഭിവാദ്യങ്ങൾക്കും പ്രത്യഭിവാദ്യങ്ങൾക്കുമിടയിൽ പാലം തകർന്നു. കൊല്ലപ്പെട്ടവരുടെ സംഖ്യ ഇനിയും നിശ്ചയിച്ചിട്ടില്ല. തുറയിൽ കാലാകാലങ്ങളായി പറഞ്ഞുവരുന്ന ചരിത്രമാണ്. കഥയാവാം, കറുത്ത ഫലിതമാവാം. അതെ, സംവേദനങ്ങളുടെ സറ്റയർ.
പ്രശ്നം വിവർത്തനത്തിന്റേതാണ്. വിവർത്തനം ഭാവന ആവശ്യമുള്ള കലയാണ്. അതിനകത്താണ് നമ്മൾ അടിമുടി പിശകുന്നത്. നീ പറയുന്നതെന്തെന്ന് മനസ്സിലാകുന്നില്ല എന്നതാണ് ഗാർഹികകലഹം തൊട്ട് മഹായുദ്ധങ്ങൾ വരെ മുഴങ്ങുന്ന അടിസ്ഥാനപ്രശ്നം. നിങ്ങളുടെ താക്കീതുകളെ കലഹമായും ആകാംക്ഷകളെ നുഴഞ്ഞുകയറ്റമായും തിരുത്തലുകളെ തർക്കമായും അനുയാത്രകളെ ശല്യമായുമൊക്കെ വായിച്ചെടുക്കുമ്പോൾ പഴയ നിയമത്തിലെ ബാബേലുണ്ടാകുന്നു. ഒരേ ഭാഷ പറയുന്നവർക്കിടയിൽ ഭാഷ ചിതറിക്കപ്പെട്ടുപോയി, പണി തീരാത്ത കെട്ടിടം അവശേഷിപ്പിച്ചുകൊണ്ട്. അതിന്റെ വിപരീതമെന്ന നിലയിലാണ് അവരുടെ ഭാഷ എല്ലാ ദേശങ്ങളിൽ നിന്നുമുള്ളവർക്ക് പിടുത്തം കിട്ടി എന്ന പുതിയ നിയമസൂചന. പെന്തക്കോസ്ത എന്നാണ് ആ ദിനം അറിയപ്പെടുന്നത്.
വളരെ കുറച്ചു മാത്രമാണ് നമ്മുടെ ഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു പത്തു ശതമാനം പോലുമെത്തുന്നില്ല. ബാക്കിയുള്ളതൊക്കെ നമ്മൾ പറയാതെ പറയുകയാണ്. പറഞ്ഞ ഭാഷ പോലും പിടുത്തം കിട്ടാതെ പോകുമ്പോൾ പറയാത്തതിന്റെ തലവര ഊഹിക്കാവുന്നതേയുള്ളു. ഒരു കാര്യത്തിൽ അടിസ്ഥാനവിശ്വാസം പുലർത്തിയാൽ നല്ലതാണ്. എല്ലാവരും പറയാൻ ശ്രമിക്കുന്നത് സ്നേഹം തന്നെയാണ്. അമ്മ ജോലി കഴിഞ്ഞുവരുമ്പോൾ മൂത്ത കുട്ടി പടിക്കലേക്ക് ഓടിയെത്തി പരാതി പറയുകയാണ്, “നമ്മൾ പുതുതായി ഒട്ടിച്ച വാൾപേപ്പർ മുഴുവൻ വാവ വൃത്തികേടാക്കി.” അരിഷ്ടിച്ചു ജീവിക്കുന്ന വീടാണ്. അമ്മയ്ക്കു സങ്കടവും ദേഷ്യവും വന്നു. എത്താവുന്നത്ര ഉയരത്തിൽ പല തരം ക്രയോണുകൾ കൊണ്ട് കുത്തിവരച്ചിരിക്കുകയാണ്. അമ്മ സൂക്ഷിച്ചു നോക്കുമ്പോൾ ഒരേയൊരു കാര്യമാണ് ആവർത്തിച്ചിരിക്കുന്നത്- മമ്മാ, ഐ ലവ് യു – മമ്മാ, ഐ ലവ് യു!
– ബോബി ജോസ് കട്ടികാട്


Leave a comment