ഇരുട്ട്

ദീപാവലി നാളിൽ ഒരു ഉത്തരേന്ത്യൻ നഗരത്തിലൂടെ വെറുതെ അലയുമ്പോൾ, ഈ രാത്രി തീരാതിരുന്നെങ്കിൽ എന്നാശിക്കാതെ മറ്റെന്തു ചെയ്യും? മടുപ്പും ദാരിദ്ര്യവും സമാസമം ചാലിച്ച് വിരസവർണ്ണങ്ങൾ പൂശി സദാ മയക്കം പൂണ്ടു നിന്ന തെരുവുകളെ ഏതോ മന്ത്രവടി കൊണ്ട് ആരോ ഉഴിഞ്ഞിരിക്കുന്നു! താരകാചർച്ചിതാകാശത്തിന്റെ ഒരു കീറായി നഗരമിപ്പോൾ- നിറയെ വിളക്കുകൾ. മനസ്സ്, മറന്നുതുടങ്ങിയ ഒരു കവിത ഓർമ്മിച്ചെടുക്കുന്നു: ‘ചില നിമിഷത്തിലേകാകിയാം പ്രാണൻ അലയുമാർത്തനായ് ഭൂതായനങ്ങളിൽ, ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം കരുണമാം ജനനാന്തരസാന്ത്വനം.’ ചുള്ളിക്കാടിന്റേതാണ്. ഏകതാരമേ… നിന്നെയോർക്കാതെന്തു ചെയ്യും.

ഒരു ഉപമ പോലെ, ആ ദരിദ്രശാസ്ത്രദമ്പതികളെ ഓർക്കുന്നു. കൂലിപ്പണി വരെ ചെയ്യേണ്ടിയിരുന്നു അവർക്ക്. അതെ, മേരി ക്യൂറിയും പിയറി ക്യൂറിയും തന്നെ. സർവവും വിറ്റ് ഒരു ലാബും പരീക്ഷണങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കളും അവർ വാങ്ങി. വിദേശങ്ങളിൽ നിന്ന് ടൺ കണക്കിനു വാങ്ങിയ പിച്ച് ബ്ലെൻഡ് ശുദ്ധി ചെയ്യുന്ന പരീക്ഷണങ്ങളായിരുന്നു അതിൽ പ്രഥമം. ശുദ്ധി ചെയ്ത് ശുദ്ധി ചെയ്ത് ഒടുവിൽ അവശേഷിച്ചത് കോപ്പയിൽ കുറച്ച് ദ്രാവകം മാത്രം. പക്ഷേ, അതും ആവിയായി. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല.

രാത്രിയിലെപ്പോഴോ അവരുണർന്നപ്പോൾ പരീക്ഷണശാല ഏതോ വെളിച്ചത്തിൽ കാർത്തിക പോലെ. റേഡിയമായിരുന്നു അത്. ആവിയായിപ്പോയ ദ്രാവകത്തിന് പ്രകാശിക്കാൻ ഈ ഇരുട്ട് ആവശ്യമായി വന്നു. കറ നല്ലതാണെന്ന് ഡിറ്റർജന്റ് പരസ്യക്കാർ പറയുന്നതുപോലെ, ഇരുട്ടും ചിലപ്പോൾ നല്ലതായിരിക്കാം. ഒന്നുകൂടി ഓർത്താൽ, ഇരുട്ടൊരു നുണയാണ്. ഈ ഭൂമിയിലേക്കു വച്ച് ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് ഇരുട്ടുണ്ട് എന്ന വിചാരമാണ്. ഇരുട്ട് അതിൽത്തന്നെ ഒരു യാഥാർത്ഥ്യമല്ല, മറിച്ച്, വെളിച്ചത്തിന്റെ അഭാവമാണെന്നു മനസ്സിലാക്കിയാൽ തീരാവുന്ന പ്രതിസന്ധികളേയുള്ളു ആരുടേയും ജീവിതത്തിൽ. എന്നിട്ടും നമ്മൾ ചെറുപ്പം തൊട്ടേ ആ നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു, അയാളിൽ / അവിടെ എന്തൊരു ഇരുട്ടെന്ന മട്ടിൽ.

തിരി കെടുത്തിയവർക്കും തിരി കൊളുത്തിയവർക്കും സ്തുതിയായിരിക്കട്ടെ.
– ബോബി ജോസ് കട്ടികാട്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment