ദിവ്യബലി വായനകൾ Tuesday of week 31 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

 ചൊവ്വ / November 3

Tuesday of week 31 in Ordinary Time or Saint Martin de Porres, Religious 

Liturgical Colour: Green.
____

ഒന്നാം വായന

ഫിലി 2:5-11

യേശു തന്നെത്തന്നെ താഴ്ത്തി; ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി.

സഹോദരരേ, യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 22:25b-26ab,27,29,30-31

R. ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.

അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.

R. ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.

ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും. എന്തെന്നാല്‍, രാജത്വം കര്‍ത്താവിന്റെതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു. ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും.

R. ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.

പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും. ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്‌ഘോഷിക്കും.

R. ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
____

സുവിശേഷ പ്രഘോഷണവാക്യം

cf. എഫേ 1:17,18

അല്ലേലൂയാ, അല്ലേലൂയാ!

ഏതു തരത്തിലുള്ള പ്രത്യാശയിലേക്കാണ്
നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവ് നമ്മുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.

അല്ലേലൂയാ!

Or:

മത്താ 11:28

അല്ലേലൂയാ, അല്ലേലൂയാ!

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.

അല്ലേലൂയാ!
____

സുവിശേഷം

ലൂക്കാ 14:15-24

പെരുവഴിയിലും ഇടവഴികളിലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്ധിക്കുക.

അക്കാലത്ത്, യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ഒരുവന്‍ അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍. അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്ഷണിക്കുകയും ചെയ്തു. സദ്യയ്ക്കു സമയമായപ്പോള്‍ അവന്‍ ദാസനെ അയച്ചു ക്ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതു പോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചു ജോടി കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചു നോക്കുവാന്‍ പോകുന്നു; എനിക്ക് ഒഴിവു തരണം എന്ന് അപേക്ഷിക്കുന്നു. മൂന്നാമതൊരുവന്‍ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല. ആ ദാസന്‍ തിരിച്ചു വന്ന് യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥന്‍ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക. അനന്തരം ആ ദാസന്‍ പറഞ്ഞു: യജമാനനേ, നീ കല്‍പിച്ചതു പോലെ ഞാന്‍ ചെയ്തു. ഇനിയും സ്ഥലമുണ്ട്. യജമാനന്‍ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളിലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്ധിക്കുക. എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment