🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
ബുധൻ / November 4
Saint Charles Borromeo, Bishop on Wednesday of week 31 in Ordinary Time
Liturgical Colour: White.
____
ഒന്നാം വായന
ഫിലി 2:12a-18
നിങ്ങളുടെ സ്വന്തം രക്ഷയ്ക്കു വേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്.
എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ളതു പോലെ, എന്റെ സാന്നിധ്യത്തില്‍ മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കു വേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്. എല്ലാ കാര്യങ്ങളും മുറുമുറുപ്പും തര്‍ക്കവും കൂടാതെ ചെയ്യുവിന്‍. അങ്ങനെ, നിങ്ങള്‍ നിര്‍ദോഷരും നിഷ്‌കളങ്കരുമായിത്തീര്‍ന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെ ഇടയില്‍ കുറ്റമറ്റ ദൈവമക്കളാവട്ടെ; അവരുടെ മധ്യേ ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന് ക്രിസ്തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം. നിങ്ങളുടെ ബലിയുടെയും വിശ്വാസത്തില്‍ നിന്നുള്ള ശുശ്രൂഷയുടെയും മേല്‍ ഒരു നൈവേദ്യമായി എന്റെ ജീവന്‍ ചൊരിയേണ്ടി വന്നാല്‍ തന്നെയും, ഞാന്‍ അതില്‍ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടും കൂടെ ആനന്ദിക്കുകയും ചെയ്യും. ഇപ്രകാരം തന്നെ നിങ്ങളും എന്നോടു കൂടെ സന്തോഷിക്കുകയും എന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുകയും ചെയ്യുവിന്‍.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 27:1,4,13-14
R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍
അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനു വേണ്ടി കാത്തിരിക്കുവിന്‍.
R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:88
അല്ലേലൂയാ, അല്ലേലൂയാ!
കരുണ തോന്നി എന്റെ ജീവന്‍ രക്ഷിക്കണമേ! അങ്ങേ നാവില്‍ നിന്നു പുറപ്പെടുന്ന കല്‍പനകള്‍
ഞാന്‍ അനുസരിക്കട്ടെ.
അല്ലേലൂയാ!
Or:
1 പത്രോ 4:14
അല്ലേലൂയാ, അല്ലേലൂയാ!
ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.
അല്ലേലൂയാ!
____
സുവിശേഷം
ലൂക്കാ 14:25-33
തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങള്‍ യേശുവിന്റെ അടുത്തു വന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്‌ഷേപിക്കും. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്മാരോടു കൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment