ദിവ്യബലി വായനകൾ Thursday of week 31 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 5/11/2020

Thursday of week 31 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 38:21-22

എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കൈവിടരുതേ,
എന്നില്‍ നിന്ന് അകന്നിരിക്കരുതേ.
എന്റെ രക്ഷയുടെ ബലമായ കര്‍ത്താവേ,
എന്നെ സഹായിക്കാന്‍ വേഗം വരണമേ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഫിലി 3:3-8
എനിക്കു ലാഭമായിരുന്നവയെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി.

സഹോദരരേ, നമ്മളാണ് യഥാര്‍ഥ പരിച്‌ഛേദിതര്‍ – ദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും യേശുക്രിസ്തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍. എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശവയ്ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്. കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍ വംശത്തിലും ബഞ്ചമിന്‍ ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍ നിന്നു ജനിച്ച ഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍. തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:2-3,4-5,6-7

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;
സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 15:1-10
അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ സന്തോഷമുണ്ടാകും.

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള
നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11

കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,
അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.

Or:
യോഹ 6:58

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment