യേശു കണ്ണീര്‍ പൊഴിച്ചു. യോഹന്നാന്‍ 11 : 35

✝️ മൃതിസ്മൃതി 5 🛐☘️

യേശു കണ്ണീര്‍ പൊഴിച്ചു.

യോഹന്നാന്‍ 11 : 35

ഇളയവൾക്ക് വീട്ടിൽ കാറ്റിക്കിസം എടുക്കുകയായിരുന്നു. ആറാം ക്ലാസിലെ അഞ്ചാം പാഠത്തിന്റെ പേര് ‘ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ ‘ എന്നതാണ്. കാനായിലെ കല്യാണവീട്ടിലെ അത്ഭുതവീഞ്ഞും ക്ഷോഭിച്ച കടലിലെ സുഖദമായ പ്രശാന്തതയും ബേത്സഥായിലെ തളർവാതരോഗിയുടെ ആശ്വാസനിശ്വാസങ്ങളും കടന്ന് ക്ലാസ് ലാസറിന്റെ കുഴിമാടത്തിനു മുന്നിലെത്തിയിരിക്കുകയാണ്. നാലാം സുവിശേഷത്തോട് സവിശേഷമായ പ്രിയമുള്ളതിനാൽ പാഠപ്പുസ്തകം മാറ്റിവച്ച്, വേദപുസ്തകമെടുത്ത് പതിനൊന്നാം അധ്യായം ഒന്നാമത്തെ വാക്യം മുതൽ വായിച്ച് വിശദീകരിച്ചു. യേശു കരയുന്ന ഭാഗമെത്തി. Jesus wept. ബൈബിളിലെ എറ്റവും ചെറിയ വാക്യം അതാണ്. മലയാളത്തിൽ ഒരു വാക്ക് കൂടുതലുണ്ട്.

പറഞ്ഞുതീർന്നതും മിന്നായം പോലെ ചോദ്യം വന്നു:

” അല്ല പപ്പേ, ഈശോ ലാസറിനെ ഉയിർപ്പിക്കുമെന്ന് ഈശോയ്ക്ക് അറിയാലോ; പിന്നെന്തിനാണ് ഈശോ കരഞ്ഞത്?”

(കർത്താവേ! 🙄 )

ചോദ്യം പ്രസക്തമാണ്. കൂട്ടുകാരന് ദീനമാണെന്ന് ആ പാവം പെങ്ങള് പിള്ളേർ ആളയച്ച് അറിയിച്ചതാണ്. ” ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ് ” എന്ന ഗംഭീരമായ പ്രസ്താവന ഒക്കെ നടത്തി താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചിട്ടാണ് ആൾ ബഥാനിയായിൽ എത്തിയത്. മരിച്ചടക്ക് കഴിഞ്ഞ് നാലാം ദിവസം കുഴിമാടത്തിന് പുറത്ത് വന്നു നിന്ന് സത്യത്തിൽ അങ്ങ് കരഞ്ഞത് എന്തിനായിരുന്നു ? എന്താ ഇപ്പോ മറുപടി പറയുക?

ഉള്ളിൽ നിന്ന് നിത്യസഹായകന് സന്ദേശങ്ങൾ പാഞ്ഞു. വെളിച്ചത്തിന്റെ – വ്യക്തതയുടെ ഒരു കീറ് മെല്ലെ വിടർന്നുകിട്ടി.

” അതോ ! അത് വളരെ സിമ്പിളല്ലേ? ഈശോ ദൈവമാണെങ്കിലും മനുഷ്യനുമാണല്ലോ. ഉയർപ്പിക്കാൻ തീരുമാനിക്കുന്നതൊക്കെ തമ്പുരാൻ കർത്താവാണ്. പക്ഷേ, ഉറ്റ ചങ്ങാതിയുടെ കുഴിമാടവും കൂട്ടുകാരികളുടെ കണ്ണീരും കണ്ടപ്പോൾ പരിപൂർണ്ണ മനുഷ്യനുമായ ഈശോയ്ക്ക് സങ്കടം സഹിച്ചില്ല. അതാണ് കരഞ്ഞത്. എപ്പോഴും ഈശോയിൽ കുറ്റം കണ്ടുപിടിക്കാറുള്ള യഹൂദർ പോലും “നോക്കൂ, അവൻ എത്രമാത്രം അവനെ സ്നേഹിച്ചിരുന്നു” എന്ന് അത്ഭുതത്തോടെ പറഞ്ഞില്ലേ? വേർപാട് എപ്പോഴും വേദനയാണ്; ഏറ്റവും ഉറ്റവരുടേതാകുമ്പോൾ പ്രത്യേകിച്ചും “

” ഓഹോ “

മറുപടി ബോധിച്ചു എന്നു തോന്നുന്നു.

ആരോ അയച്ച പ്രഭാതസന്ദേശചിത്രത്തിലെ ചിന്തോദ്ദീപകമായ വരികൾ ഓർമയിൽ തെളിഞ്ഞു:

” Death asked Life:

Why does everyone love you and hate me ?

Life replied:

Because I am a beautiful LIE and you are a painful Truth”

അതെ, അതാണ് സത്യം. പലപ്പോഴും ജീവിതം നിറമാർന്ന നുണയും മരണം വേദനാപൂർണ്ണമായ സത്യവുമാണ്. അതുകൊണ്ടാണ് അതിനുമുന്നിൽ മനുഷ്യൻ തകർന്നുപോകുന്നത്.

പാഠം തീർന്നു. പുതുജീവന്റെ മധുരവീഞ്ഞുമായി ലാസറും പ്രശാന്തമായ കടൽ പോലെ മർത്തയും മറിയവും അവിശ്വാസത്തിന്റെ തളർവാതം മാറിയ യഹൂദരും മെല്ലെ വേദത്താളുകളിലേക്ക് മടങ്ങി. ലാസറിനെ ഉയിർപ്പിച്ചതു വഴി തന്റെ മരണം കുറച്ചുകൂടി നേരത്തെയാകുമെന്നുറപ്പിച്ച അവൻ മാത്രം ഒരു മൃദുമന്ദഹാസത്തോടെ മുറിയിൽ തുടരുന്നതുപോലെ തോന്നി.

ശുഭദിനം🌹
S പാറേക്കാട്ടിൽ
05/ 11/ 2020


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment