ഉണർന്നെഴുന്നേൽക്കുമ്പോൾ…
ഞങ്ങളുടെ മരണംപോലും ഭാഗ്യപ്പെട്ട മരണമായിരിക്കേണ്ടതിനു വഴി പറഞ്ഞുതരുന്ന നല്ല ദൈവമേ, അനുഗ്രഹങ്ങളുടെയും ഭാഗ്യങ്ങളുടെയും പിന്നാലെ അലയുന്ന ഞങ്ങൾ മരിക്കുമ്പോൾ പോലും അത് ഭാഗ്യം ചെയ്ത ഒരു മരണമായിരിക്കണം എന്നാണല്ലോ അങ്ങാഗ്രഹിക്കുന്നത്… “ഇപ്പോൾ മുതൽ കർത്താവിൽ മൃതിയടയുന്നവർ അനുഗ്രഹീതരാണ്” എന്ന് പൗലോസ് അപ്പോസ്‌തനിലൂടെ അങ്ങ് ഞങ്ങളെ ഓർമ്മിപ്പിക്കുന്നത് വെറുതേയങ്ങു മരിച്ചുപോകേണ്ടവരല്ല ഞങ്ങൾ എന്നാണല്ലോ… അലറിവിളിച്ചു തന്റെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീയുടെ സ്വാഭാവിക പ്രസവത്തെ സുഖപ്രസവം എന്ന് വിളിക്കുംപോലെ വേദനയറിയാതെയോ, ആരെയും ബുദ്ധിമുട്ടിപ്പിക്കാതെയോ, ഉറക്കത്തിലോ സംഭവിക്കുന്ന മരണത്തെ വിളിക്കുന്ന പേരല്ലല്ലോ ഭാഗ്യപ്പെട്ട മരണം എന്നത്… ഈശോയെ, “കർത്താവിൽ നിദ്ര പ്രാപിച്ചു” എന്നത് ഒരു സാധാരണ ചരമ അറിയിപ്പ് മാത്രം ആയിപ്പോയ ഈ ലോകത്തിൽ എങ്ങനെയാണ് ഒരാൾ കർത്താവിൽ നിദ്ര പ്രാപിക്കുന്നത് എന്ന് അങ്ങ് ഞങ്ങളെ പഠിപ്പിക്കേണമേ… ഞാൻ വിചാരിച്ചിരുന്നത്, നൻമരണം എന്നാൽ മരണത്തെയും പ്രതീക്ഷിച്ചിരിക്കുന്ന ഒരാൾ കുമ്പസ്സാരിച്ചു, അന്ത്യകൂദാശകളും സ്വീകരിച്ചു, നാവിൽ ‘ഈശോ മറിയം യൗസേപ്പേയും’ ചൊല്ലി മരണത്തെ പുൽകുന്നത് മാത്രമാണെന്നായിരുന്നു… ഓർക്കാപ്പുറത്ത് മരണം വന്നു തോളത്തുതട്ടി വിളിക്കുമ്പോൾ നൻമരണം എങ്ങനെ സ്വന്തമാക്കാം എന്ന് ഞങ്ങൾക്ക് കാണിച്ചു തരേണമേ… ഈശോ കർത്താവും ദൈവവും ആണെന്ന് അറിയുന്ന നിമിഷം മുതൽ, അന്നേവരെ ചെയ്തുകൂട്ടിയ തെറ്റുകളെയും തിന്മകളെയും സ്വർഗ്ഗത്തിനുവേണ്ടി ഉപേക്ഷിച്ചുകൊണ്ടു, ശേഷിച്ച സമയം ദൈവവിചാരത്താൽ ക്രിസ്തുവിനോട് കൂടി ജീവിച്ചാൽ അപ്രതീക്ഷിതമായി മരണം കടന്നുവന്നാലും സുവിശേഷത്തിലെ നല്ല കള്ളനെപ്പോലെ സ്വർഗ്ഗം പുൽകുവാൻ അത് മതിയാകുമല്ലോ… ഈശോയെ, നിന്നോടൊപ്പം ജീവിക്കുകയാണെങ്കിൽ എപ്പോൾ മരിച്ചാലും അത് ‘കർത്താവിൽ നിദ്ര പ്രാപിക്കൽ’ ആയിരിക്കുമെന്ന് മനസ്സിലാക്കുന്നു… ഈശോയെ, എപ്പോൾ വേണമെങ്കിലും ഞാനും മരിക്കാം… ഇന്നോ നാളെയോ എപ്പോൾ വേണമെങ്കിലും… നിന്നോടൊപ്പം ഇപ്പോൾ ജീവിച്ചുകൊണ്ട് നാളെ നിന്നിൽ മരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ… ആമേൻ
മരിച്ചവിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻറെ കാരുണ്യത്താൽ സമാധാനത്തിൽ ആശ്വസിക്കുമാറാകട്ടെ… ആമേൻ

Leave a comment