ദൈവത്തിന് തനതായ ഒരു വഴിയുണ്ട്

“രാജീവേട്ടോ…. “

“ങ് ഹ അലോഷി നീയോ…”

” ചേച്ചി, ചേട്ടൻ എന്തിയെ വന്നില്ലേ?”

” പണി കഴിഞ്ഞു വന്നിട്ട് പള്ളിയിൽ ഒന്നു പോയിരിക്കുവാ.”
” അതെന്താ വല്ലോ പ്രത്യേകതയും ഉണ്ടോ?”

“അതല്ലേടാ ഇപ്പോൾ കുറച്ച ആയിട്ട് സ്ഥിരം പരിപാടി ആണ്.എന്താണെന്ന് അറിഞ്ഞു
കൂടാ”

“ഹോ അപ്പോൾ വമ്പൻ കോള് വല്ലോം ഒത്തു കാണും.അതാവും.”

“അതോന്നുമല്ലട എല്ലാ ദിവസവും പോകുന്നുണ്ട്. “

“അപ്പോൾ എന്തായിരിക്കും കാര്യം”

“നീ വല്ലാതെ ആലോചിച്ചു തല പുണ്ണാക്കണ്ട. ദേ വരുന്നു ആളോട് തന്നെ ചോദിച്ചോളൂ.”

“രാജീവേട്ട, എന്താണ് സ്ഥിരം പള്ളിയിൽ പോക്ക് ഒക്കെ ആണെന്ന് കേട്ടു. വമ്പൻ കോളോത്തിട്ടുണ്ടോ”.

” അതേടാ ഞാൻ ആക്രി കച്ചവടത്തിലൂടെ ലക്ഷങ്ങൾ വാരുവല്ലേ”.

” ഒന്നുമില്ലാതെ ചേട്ടൻ എന്തിനാ സ്ഥിരം പള്ളിയിൽ പോണേ”

” ഒന്നുമില്ലാതെ അല്ലല്ലോ പള്ളിയിൽ പോകുന്നേ. “

“അതാണ് ഞാൻ ചോദിച്ചേ”

“പ്രാർത്ഥിക്കാൻ, ദൈവത്തിനു നന്ദി പറയാൻ.”

” അപ്പോൾ ഇന്ന് നല്ല കച്ചവടം ആയിരുന്നിരിക്കും അല്ലെ.”

“അല്ലെടാ ഇന്ന് വല്യ മെച്ചമില്ലായിരുന്നു.”

“പിന്നെ എന്തിനാ പള്ളിയിൽ പോയേ.”

“ആരാ പറഞ്ഞേ ഞാൻ കോള് ഉള്ള ദിവസം മാത്രമേ പള്ളിയിൽ പോകുള്ളൂ എന്നു. കച്ചവടത്തിൽ ലാഭം തരുന്നത് മാത്രമാണോ ദൈവത്തിന്റെ അനുഗ്രഹം. നമ്മളറിയാതെ എത്രയോ അനുഗ്രഹങ്ങൾ നമുക്കു ലഭിക്കുന്നുണ്ട്. എത്രയോ അപകടങ്ങളിൽ നിന്നു രക്ഷിക്കുന്നുണ്ട്.അതിനൊക്കെ നന്ദി പറയണ്ടേ.”

” നമ്മളറിയാതെ നമ്മളെ രക്ഷികുമെന്നോ അതെങ്ങെനെ.”

” എടാ ഞാൻ നിന്നോട് ഒരു സംഭവം പറയാം. ഒന്നു രണ്ട് മാസം മുൻപ് എനിക് നല്ലൊരു കോള് ഒത്തുവന്നു. കൊണ്സ്റ്റബിൾ രാഘവൻ ചേട്ടൻ വഴിയായിട്ട് കിട്ടിയത് ആണ്. പോലീസ് സ്റ്റേഷനിൽ കിടക്കുന്ന ആക്രി എല്ലാം എടുക്കാനായിട്ടു ആയിരുന്നു. ഇത്തിരി വള്ളികെട്ടു കേസ് ആയതു കൊണ്ട്, എസ് ഐ ഇല്ലാത്ത സമയത്ത് വേണം ചെയ്യാനായിട്ട്. അതുകൊണ്ട് രാവിലെ എട്ടുമണിക്ക് വരാനാണ് പറഞ്ഞത്. ഞാൻ ഇവ്ടുന്നു ഓടി പിടുത്തു ചെല്ലുമ്പോഴേക്കും 8.30 ആയി. അത് മുതലാക്കി തമിഴൻ തങ്കു അത് തട്ടി എടുത്തു.”

” ഏത് തീ പിടിച്ചു മരിച്ച തങ്കുവോ”

“അതേ, പക്ഷേ അവൻ തീ പിടിച്ചല്ല മരിച്ചത്.”

” അങ്ങിനെ ആണല്ലോ കേട്ടത്.”

“ഞാനും കേട്ടത് അങ്ങിനെ ആരുന്നു. പിന്നെയാണ് കാര്യം അറിഞ്ഞത്. അതു പറയാം.

ഞാൻ പറഞ്ഞു വന്നത് ഇതാണ്. അന്ന് സ്റ്റേഷനിൽ പോകാൻ ഞാൻ നേരത്തെ ഇറങ്ങിയതാണ്. കപ്പേള വഴിയാണല്ലോ അങ്ങോട്ട് പോകുന്നേ. നല്ല ഒരു കോള് ഒത്തതല്ലേ എന്നു കരുതി, പള്ളിയിൽ കേറി പ്രാര്ഥിച്ചിട്ടാണ് പോയത്. അവിടെ വച്ചു അച്ഛനെയും കണ്ടു അനുഗ്രഹവും ഒക്കെ വാങ്ങിച്ചു സ്റ്റേഷനിൽ ചെന്നപ്പോഴേക്കും തങ്കു മുഴുവനും തൂത്തുവാരി കൊണ്ടുപോയിരുന്നു. എനിക് അങ്ങു ആകെ വിഷമമായി. കാരണം അത് കിട്ടുവാരുന്നേൽ നല്ലൊരു തുക ലാഭം കിട്ടിയേനെ. പള്ളിയിൽ കേറി പ്രാർതിച്ചിട്ടു നേർച്ചയും ഒക്കെ ഇട്ടു പോയതാണ്. എന്നിട്ടും ദൈവം ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഇനി മേലാൽ പള്ളിയിൽ പോവില്ല എന്നൊക്കെ നിശ്ചയിക്കുക കൂടെ ചെയ്തു.

പിന്നെ ആണ് അറിഞ്ഞത് അവന്റെ ഷെഡിന് തീ പിടിച്ചെന്നും അവൻ മരിച്ചെന്നുമൊക്കെ. അതിനു ശേഷം ഞാൻ രാഘവൻ സാറിനെ കണ്ടു. എനിക് ശരിക്കും സാറിനോട് അലോഹ്യം തോന്നിയിരുന്നു. അതുകൊണ്ട് ഞാൻ വല്യ ലോഹ്യം ഒന്നും കാണിച്ചില്ല. പക്ഷെ സാർ പറഞ്ഞപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. സാറ് പറഞ് തുടങ്ങിയത് ഇങ്ങനെയാണ്.

‘ എടാ ഭാഗ്യവാനെ, നീ എന്നാ ഭാഗ്യം ചെയ്തവാനാടാ. കത്തി ചാരമാകേണ്ട ആളാണ്. “

” എന്താ സാറേ അങ്ങിനെ പറഞ്ഞേ. “

“എടാ അന്ന് നീ പറഞ്ഞു വിട്ടതാണെന്നു പറഞ്ഞാണ് അവൻ വന്നെ. അത് കള്ളമാണെന്നു എനിക് അപ്പോഴേ മനസ്സിലായിരുന്നു. എനിക് അത് എങ്ങിനെലും എസ് ഐ വരുന്നതിനു മുമ്പ് കേറ്റി വിടണമെന്ന് മാത്രമേ ഉണ്ടാരുന്നുള്ളൂ. അവൻ അതും വാരി ഇട്ടൊണ്ട് പോയി. അതിൽ നമ്മുടെ വാറ്റ് രാജുവിന്റെ വണ്ടിയുടെ പാർട്സും ഉണ്ടാരുന്നു. അവന് വാറ്റ് മാത്രമല്ല നാടൻ ബോംബുകളുടെയും പണി ഉണ്ടായിരുന്നു. അതിന്റെ കൂട്ടും കാര്യങ്ങളുമൊക്കെ അതിൽ തന്നെയാണ് ഉണ്ടായിരുന്നത്. എന്താ സംഭവിച്ചത് എന്നു നമുക്കും അറിയില്ല. സാധനങ്ങൾ ഇറക്കിയപ്പോൾ ഒരു പക്ഷെ ഘര്ഷണം മൂലം സ്പാർക്ക് ഉണ്ടായപ്പോൾ തീ കത്തിയതാവാം. ഇതിൽ ഞങ്ങളും കൂടെ ഉള്പെട്ടതായതുകൊണ്ട ഷെഡിന് തീ പിടിച്ച് എന്ന പേരിൽ വാര്ത്ത പുറത്തു വിട്ടത്. ഇല്ലേല് ഞങ്ങൾ അതിന്റെ പേരിൽ തൂങ്ങേണ്ടി വന്നേനെ. എന്തായാലും നിന്റെ ഭാഗ്യം അല്ലാതെന്തു പറയാനാണ്.’

“അലോഷി, അന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ആണ്. ദൈവത്തിന് തനതായ ഒരു വഴിയുണ്ട്. നമ്മുടെ പ്രാർത്ഥനകൾ എല്ലാം കേൾക്കുന്നുണ്ട്. പക്ഷേ എല്ലാം അതിന്റെതായ വഴിയിൽ ആണെന്ന് മാത്രം. നമ്മളറിയാതെ നമ്മുടെ വഴിയിലെ അപകടങ്ങളെ ദൈവം എടുത്തു മാറ്റുന്നുണ്ട്. ചിലത് നമ്മളറിയുന്നു ചിലത് അറിയാതെ പോകുന്നു. അന്ന് തൊട്ട് ഞാൻ തീരുമാനിച്ച കാര്യം ആണ്.ഇനി എന്നും വൈകുന്നേരം പള്ളിയിൽ പോയി ദൈവത്തിനു നന്ദി പറയും എന്നു.”
നമുക്കു നേട്ടം എന്നു തോന്നുന്ന കാര്യങ്ങൾ മാത്രമല്ല എന്തും സന്തോഷത്തോടെ, നന്ദിയോടെ സ്വീകരിക്കണം. ജീവിതത്തിൽ ഉണ്ടാകുന്ന നൻമകളും നഷ്ടങ്ങൾ എന്നു നമ്മൾ കരുതുന്നവയും എല്ലാം ദൈവത്തിൽ നിന്നു തന്നെ അല്ലെ.ചിലതൊക്കെ നമ്മുടെ കയിലിരിപ്പിന്റെയും ഉണ്ട് കേട്ടൊ. എനിക് വച്ചത് തങ്കു തട്ടിയെടുത്തത് പോലെ.

ഇപ്പോൾ എന്റെ ഉള്ളിൽ ദൈവത്തോട് നന്ദി മാത്രമേ ഉള്ളൂ അതുകൊണ്ട് തന്നെ കച്ചവടത്തിൽ ലാഭം കിട്ടിയാലും ഇല്ലേലും ഞാൻ എന്തും കൈ നീട്ടി സന്തോഷത്തോടെ സ്വീകരിക്കും അതുറപ്പാണ്. കാരണം എന്റെ ദൈവം നല്ലവനാണ്. നഷ്ടം എന്നു നമ്മൾ കരുതുന്നത് പോലും നേട്ടമായി മാറ്റുന്നവനാണ് അവൻ.

✍️ചങ്ങാതീ❣️
12/11/20′


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment