✝️ മൃതിസ്മൃതി 12 🛐🍀
അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്.
ഏശയ്യാ 25 : 8
ആത്മഹത്യയെക്കുറിച്ചുള്ള ഇന്നലത്തെ സ്മൃതി ഒരു ഉറ്റ ചങ്ങാതിയുടെ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കി. ഉച്ചയോടെ ഫോൺവിളിയെത്തി. പറഞ്ഞതിന്റെ ചുരുക്കമിതാണ് :
” എഴുതിയതിനോട് ആശയപരമായി യോജിക്കുമ്പോഴും വിഷയത്തെ സമഗ്രമായി സമീപിക്കാത്തതിനോടും പരിഹാരങ്ങൾ നിർദ്ദേശിക്കാത്തതിനോടും യോജിക്കാനാവില്ല. ആത്മഹത്യ ചെയ്യുന്നവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിക്കാത്തതായി ആരുണ്ടാകും? കൃത്യമായ അളവിലും പാകത്തിലും കയർ പിരിച്ച് കൊടുക്കുന്ന ഒരു വ്യവസ്ഥിതി ഇവിടെയുണ്ട്. നിർഭാഗ്യരായ ചില മനുഷ്യർ അതെടുത്ത് കഴുത്തിലിടുന്നു എന്നേയുള്ളൂ”
ചിന്തകളുടെ വേലിയേറ്റത്താൽ മനസ്സ് പ്രക്ഷുബ്ധമായി. ശരിയാണ്. മരിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്ന ഒരു സിസ്റ്റം ഇവിടെയുണ്ട്. ജീവിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്ന് തോന്നിപ്പിക്കുന്ന, വീഴാൻ പോകുന്നവനെ ചവിട്ടി വീഴ്ത്തുന്ന ഒരു വ്യവസ്ഥിതി. ജോബിന്റെ വാക്കുകൾ ഓർമയിലെത്തി.
” കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം? അവൻ മരണത്തെ തീവ്രമായി വാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാൾ ശ്രദ്ധയോടെ അവൻ മരണം അന്വേഷിക്കുന്നു. ശവകുടീരം പ്രാപിക്കുമ്പോൾ അവർ അത്യധികം ആനന്ദിക്കുന്നു.”
( 3: 20- 22)
ശരിയാണ്, നമ്മുടെ വ്യവസ്ഥിതിയിൽ മരണം പതിയിരിക്കുന്നുണ്ട്.
കർണാടകയിലെ തുംകൂറിൽ അധ്യാപകനായ മറ്റൊരു ആത്മമിത്രം കുറച്ച് നാൾ മുൻപ് പറഞ്ഞ ഒരു സംഭവം ഓർമയിലെത്തി. വടക്കൻ കർണാടകയിൽ വായ്പയെടുത്ത ഇരുപതിനായിരം രൂപ തിരിച്ചടയ്ക്കാനാകാതെ ഒരു കർഷകൻ ആത്മഹത്യ ചെയതു. പുലരിയിൽ ഉറക്കമുണർന്ന് അച്ഛനെ തേടിയ പന്ത്രണ്ടുകാരി മകൾ വീടിനു മുന്നിലെ മരത്തിൽ അച്ഛനെ കണ്ടു😢
” അറിഞ്ഞിരുന്നെങ്കിൽ ഞാൻ കൊടുത്തേനെ” എന്നാണ് വേദനയോടെ സുഹൃത്ത് പറഞ്ഞത്. ഒരു ലക്ഷവും രണ്ടു ലക്ഷവും രൂപയുടെ കടം വീട്ടാനാകാതെ മരണം വരിച്ച പൈനാപ്പിൾ കർഷകരൊക്കെ നമ്മുടെ നാട്ടിലുമുണ്ടായില്ലേ? കോർപറേറ്റുകളുടെ കിട്ടാക്കടമായി പതിനായിരക്കണക്കിന് കോടികൾ ബാങ്കുകൾ എഴുതിത്തള്ളുന്ന നാട്ടിൽ, മല്യയും മോദിയുമൊക്കെ ആയിരക്കണക്കിന് കോടികൾ ബാങ്കുകളെ പറ്റിച്ച് കടന്നുകളയുന്ന നാട്ടിലാണ് പാവപ്പെട്ട മനുഷ്യർ ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനുമൊക്കെ ജീവനൊടുക്കുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസിനുള്ള പണം കണ്ടെത്താൻ ഒരുവശത്ത് മനുഷ്യർ നെട്ടോട്ടമോടുമ്പോഴാണ് വേറൊരിടത്ത് 20 കോടി രൂപയുടെ പദ്ധതിക്ക് നാലേകാൽ കോടി രൂപ കമ്മീഷൻ കിട്ടുന്നത്. രോഗം വന്നാൽ ചികിത്സിക്കാൻ പണമില്ലാതെ വലയുന്ന, കരളും വൃക്കയും വിറ്റ് ജീവിതപ്രതിസന്ധികളെ നേരിടുന്ന മനുഷ്യരുള്ള നാട്ടിലാണ് വേറെ ചിലർ സ്വർണ്ണം, ലഹരി, ഡോളർ എന്നൊക്കെയുള്ള നേരമ്പോക്കുകളിൽ ഏർപ്പെടുന്നത്. നമ്മുടെ വ്യവസ്ഥിതിയിൽ മരണം ഒളിഞ്ഞിരിക്കുന്നുണ്ട്.
24, 27, 30, 32, 33, 35 എന്നിങ്ങനെയാണ് റിമാന്റ് തടവുകാരനായ കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ജയിൽ ഉദ്യോഗസ്ഥരുടെ പ്രായം. പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവയ്ക്കുശേഷം കസ്റ്റഡി കൊലയുടെ പട്ടികയിൽ ജയിൽ വകുപ്പും പേരെഴുതിച്ചേർത്തു. ഉവ്വ്, നമ്മുടെ സിസ്റ്റത്തിൽ നിറഞ്ഞുനിൽക്കുന്നത് മരണമാണ്.
28 കൊല്ലം മുമ്പ് ഇടവകയിൽ സേവനം ചെയ്യാനെത്തിയ അഡോറേഷൻ സിസ്റ്ററാണ് ഇന്ന് വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ കന്യാസ്ത്രീ ഇതിഹാസം – സിസ്റ്റർ കൊർസീന. നാട്ടിലെ മദ്യപാനികളുടെ പേടിസ്വപ്നമായിരുന്നു സിസ്റ്റർ. വീടിനു മുന്നിൽ കൊർസീനാമ്മയെ കണ്ടാൽ പിൻവാതിലിലൂടെ അവർ അപ്രത്യക്ഷരാകും. വഴിയിൽ ദൂരെ നിന്ന് കണ്ടാൽ വഴിമാറി പോകും. മുന്നിൽ പെട്ടാൽ അയാൾ തീർന്നു. വൈകാതെ അയാളെയും കൊണ്ട് സിസ്റ്റർ ഡീ-അഡിക്ഷൻ കേന്ദ്രത്തിലെത്തിയിരിക്കും. മാസത്തിൽ രണ്ടു തവണ വീതം എല്ലാ വീടുകളിലും സിസ്റ്റർ എത്തും. എല്ലാ വീട്ടിലെയും പ്രശ്നങ്ങൾ സിസ്റ്ററിന് അറിയാം. പരിഹാരങ്ങൾക്കായി ശ്രമിക്കും. എയ്ഡഡ് സ്കൂളിലെ അധ്യാപനജോലിയിൽ നിന്ന് വിരമിച്ചശേഷമാണ് സിസ്റ്റർ ഞങ്ങളുടെ ഇടവകയിൽ വന്നത്. ദിവ്യകാരുണ്യാരാധനയും ജപമാലയുമൊക്കെയായി ആവൃതികളിൽ കഴിച്ചുകൂട്ടിയാലും ആരും കുറ്റപ്പെടുത്തില്ലായിരുന്നു. എന്നിട്ടും മനുഷ്യരുടെ നുകം എടുത്തുമാറ്റാനും ഭാരം ലഘൂകരിക്കാനുമാണ് അവർ ജീവിതം ഉഴിഞ്ഞുവച്ചത്. സിസ്റ്റർ വിമോചനദൈവശാസ്ത്രമെന്നും പഠിച്ചിട്ടില്ല. എന്നിട്ടും ദൈവത്തിന്റെ ശാസ്ത്രം വിമോചനത്തിന്റെയും സ്നേഹത്തിന്റെയും ശാസ്ത്രമാണെന്ന് അവർക്ക് നന്നായി പിടികിട്ടിയിരുന്നു. “അവന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണെന്നും”
( മത്താ. 11 / 30 ) നല്ലതുപോലെ മനസ്സിലാക്കിയതു കൊണ്ടാണ് ലോകം വച്ചു കൊടുത്ത നുകങ്ങൾ തകർക്കാൻ അവർ കഠിനാധ്വാനം ചെയ്തത്. 3 തവണയായി 12 വർഷം സിസ്റ്റർ ഇടവകയിൽ ഉണ്ടായിരുന്നു.
പറഞ്ഞുവരുന്നത് ഇതാണ്. മനുഷ്യന്റെ ചുമലിൽ നുകം വയ്ക്കുന്ന വ്യവസ്ഥിതിയെ നിശിതമായി എതിർത്തത് കൊണ്ടാണ് ക്രിസ്തുവിന് ചുമലിൽ നുകം വഹിക്കേണ്ടിവന്നത്. അതുകൊണ്ടാണ് “ഉഴവുകാർ അവന്റെ മുതുകിൽ ഉഴുതതും, നീളത്തിൽ ഉഴവുചാലുകൾ തീർത്തതതും”
( സങ്കീ. 129/ 3)
നമ്മുടെ സഭാസംവിധാനങ്ങൾ ഫലത്തിൽ നുകം എടുത്തുമാറ്റുന്നവയാണെന്ന് ഉറപ്പു വരുത്തണം. കഴിഞ്ഞ 20 – 25 കൊല്ലത്തിനിടയിൽ നമ്മുടെ ഇടവകകളിൽ നടന്നിട്ടുള്ള ആത്മഹത്യകളെക്കുറിച്ച് രൂപതാ തലത്തിൽ പഠനം നടത്തണം. പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങൾ കണ്ടെത്തണം. സമാനസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ കണ്ടെത്തി പ്രത്യേകമായി പിന്തുണയേകണം. ദാരിദ്യ്രനിർമാർജ്ജനത്തിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം.ഗുരുതരരോഗങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ഇടവക അടിസ്ഥാനത്തിൽ സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തണം. കുർബാന എങ്ങോട്ടു തിരിഞ്ഞു വേണമെന്നും ഏതുരൂപത്തിലുള്ള കുരിശു വേണമെന്നും രൂപതകളുടെ പേരിലും വസ്ത്രങ്ങളുടെ തൊങ്ങലുകളിലുമൊക്കെ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നും ചിന്തിച്ചും തർക്കിച്ചും സമയവും ഊർജ്ജവും പാഴാക്കുന്നതിനേക്കാൾ ദൈവരാജ്യസംസ്ഥാപനത്തിന് ഉതകുന്നത് അതായിരിക്കും.
” ദൈവം എന്തുകൊണ്ടാണ് കുറെപ്പേരെ ദരിദ്രരും കുറെപ്പേരെ ധനികരുമായി സൃഷ്ടിക്കുന്നത് ” എന്ന് അടുത്തയിടെ മൂത്തവൾ ചോദിച്ചു. തൃപ്തികരമായ മറുപടി പറയാൻ കഴിഞ്ഞില്ല. ലൗദാത്തോ സി എന്ന ചാക്രികലേഖനം ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:
” ഇന്നത്തെ ലോകത്തിൽ നമ്മൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ മറ്റുള്ളവരുടെ ആവശ്യകതകളിൽ ആളുകൾ എത്രയധികമായാണ് ഉദാസീനരായിത്തീർന്നിരിക്കുന്നതെന്ന് കാണാൻ കഴിയും. ഓരോരുത്തരുടെയും പ്രയത്നഫലങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തിനായി പങ്കുവച്ചുകൊടുക്കുന്ന വിധത്തിലുള്ള ഒരു പാരമ്പര്യം ഭൂമിയിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ചിലർക്കെല്ലാം എല്ലാമുണ്ടായിരിക്കണം, മറ്റുള്ളവർക്ക് ഉണ്ടാകാനേ പാടില്ലായെന്ന ചിന്താസരണി ഒട്ടും നീതിയല്ല.”
വെളുത്ത മുണ്ടും വെളുത്ത ഷർട്ടുമിട്ടു പാളത്തിനു നടുവിൽ കയറിനിന്ന് പാഞ്ഞുവരുന്ന തീവണ്ടിയെ തൊഴുതുനിന്ന് മരണത്തെ പുൽകിയ മനുഷ്യനെപ്പറ്റി പണ്ട് വായിച്ചതോർക്കുന്നു. സുഹൃത്ത് പറഞ്ഞ ‘കയർ പിരിച്ചുകൊടുക്കുന്ന ‘ വ്യവസ്ഥിതിയെ തൊഴുതായിരിക്കും അയാൾ മടങ്ങിയത്.
സ്വഹത്യകളെ മഹത്വവത്ക്കരിക്കുന്നില്ല; അത് അതിൽത്തന്നെ തിൻമയാണെ നിലപാടിൽ മാറ്റവുമില്ല. എങ്കിലും മനുഷ്യനെ അതിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കിയതാണ്.ദൈവം മരണത്തെ എന്നേക്കുമായി ഗ്രസിക്കുന്നതും സകലരുടെയും കണ്ണീർ തുടച്ചുമാറ്റുന്നതും തന്റെ ജനത്തിന്റെ അവമാനം ഭൂമിയിൽ എല്ലായിടത്തുംനിന്ന് നീക്കിക്കളയുന്നതും തന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യരിലൂടെയായിരിക്കും.
ശുഭദിനം🙏🏻
S പാറേക്കാട്ടിൽ
12/ 11/ 2020

Leave a comment