✝️ മൃതിസ്മൃതി 13 🛐☘️
മരിച്ചവര്‍ക്കു പുനരുത്‌ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്.
1 കോറിന്തോസ് 15 : 32
” ഈ മൃതിസ്മൃതി എന്ന് വച്ചാൽ എന്താ?”
” മൃതി എന്നാൽ മരണം. സ്മൃതി എന്നാൽ ഓർമ്മ. മൃതിസ്മൃതി എന്നാൽ മരണത്തെക്കുറിച്ചുള്ള ഓർമ്മ.”
” എന്തിനാ മരണത്തെക്കുറിച്ച് ഓർമ്മിക്കുന്നത് ?”
” ജീവിതത്തെക്കുറിച്ച് മാത്രം ഓർമ്മിച്ചാൽ പോരാ, മരണത്തെക്കുറിച്ചും ഓർമ്മിക്കണം. ഇത് നവംബർ അല്ലേ? മരിച്ചു പോയവരെ പ്രത്യേകമായി ഓർക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യേണ്ട മാസമാണ്. “
” മരിച്ചുപോകുക എന്നാണല്ലോ പറയാറ്. മരിച്ചവർ എങ്ങോട്ടാണ് പോകുന്നത്?”
” ഭൂമിയിൽ നിന്ന് പോകുന്നതുകൊണ്ട് അങ്ങനെ പറയുന്നു എന്നേയുള്ളൂ. ശരിക്കും പറഞ്ഞാൽ വരികയാണ് “
” എങ്ങോട്ട്?”
” എവിടെ നിന്ന് വന്നോ, അങ്ങോട്ട് മടങ്ങിവരികയാണ് “
” ശരീരം മണ്ണിലേക്കല്ലേ പോകുന്നത്?”
” അതെ, പക്ഷേ, ആത്മാവ് ആകാശങ്ങളുടെ ആകാശത്തേക്കാണ് പോകുന്നത് “
” ആകാശങ്ങളുടെ ആകാശമെന്നുവച്ചാൽ ?”
” സ്വർഗ്ഗം “
” ശരീരത്തോടെ പോകാൻ പറ്റാത്തതെന്താണ്?”
” എല്ലാവർക്കും അത് പറ്റില്ല “
” ആർക്കെങ്കിലും പറ്റിയിട്ടുണ്ടോ? “
” ഉണ്ട് “
” ആർക്കാണ്?”
” ഏലിയാ പ്രവാചകന്”
” എങ്ങനെയാണ്?”
” സ്വർഗ്ഗത്തിൽ നിന്ന് ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും വന്ന് ഒരു ചുഴലിക്കാറ്റിന്റെ അകമ്പടിയോടെ പ്രവാചകനെ കൂട്ടിക്കൊണ്ടുപോയി. ഏലിയാ പ്രവാചകന്റെ ശിഷ്യനായ എലീഷാ പ്രവാചകൻ അതു നേരിൽ കണ്ട് എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! എന്ന് നിലവിളിച്ചു”
” ഓഹോ! എവിടെയാണ് അത് പറഞ്ഞിരിക്കുന്നത്?”
” രാജാക്കൻമാരുടെ രണ്ടാം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ “
” അതു കൊള്ളാല്ലോ. വേറെ ആരാണുള്ളത്? “
” യേശുവിന്റെയും നമ്മുടെയും അമ്മയായ പരിശുദ്ധ മറിയം “
” അതെവിടെയാണ് എഴുതിയിരിക്കുന്നത്?”
” അത് ബൈബിളിൽ ഇല്ല. പക്ഷേ അതൊരു വിശ്വാസസത്യമാണ്. സഭയുടെ പാരമ്പര്യവും അതു പഠിപ്പിക്കുന്നുണ്ട്. വിശ്വാസമെന്ന സ്വർണ്ണനാണയത്തിന്റെ രണ്ടു വശങ്ങളാണ് ദൈവവചനവും സഭാപാരമ്പര്യവും എന്ന് മുതിർന്ന വേദപാഠക്ലാസിൽ എത്തുമ്പോൾ പഠിക്കും”
” ഓ, അതുശരി”
” പിന്നെ, ഈശോ സ്വർഗ്ഗത്തിലേക്ക് പോയത് അറിയാമല്ലോ?”
” കേട്ടിട്ടുണ്ട് ! അതെവിടെയാണ് പറഞ്ഞിരിക്കുന്നത്?”
” അപ്പസ്തോല പ്രവർത്തനങ്ങളിൽ. അപ്പസ്തോല പ്രവർത്തനം അറിയപ്പെടുന്നത് ഏതുപേരിലാണെന്ന് പറഞ്ഞുതന്നത് ഓർക്കുന്നുണ്ടോ?”
” ഉണ്ട്. Gospel of Holy Spirit “
” മിടുക്കി. പരിശുദ്ധാത്മാവിന്റെ സുവിശേഷം എന്നറിയപ്പെടുന്ന നടപടിപ്പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിലാണ് ഈശോയുടെ സ്വർഗ്ഗാരോഹണം നാം കാണുന്നത്. ശിഷ്യൻമാർ നോക്കിനിൽക്കേ, ഈശോ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. വാസ്തവത്തിൽ വിശ്വാസപ്രമാണത്തിൽ നാം ചൊല്ലുന്ന എല്ലാ വിശ്വാസസത്യങ്ങളും വേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.”
” ഓഹോ “
” ഈശോയുടെ രണ്ടാമത്തെ വരവിൽ വിശ്വസിക്കുന്നുണ്ടോ?”
” ഉണ്ടല്ലോ ! വിശ്വാസപ്രമാണത്തിൽ നമ്മൾ ചൊല്ലുന്നതല്ലേ?”
” അതെ. എവിടെയാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്?”
” അറിയില്ല “
” ഈശോയുടെ സ്വർഗ്ഗാരോഹണം രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തോടു ചേർന്നു തന്നെയാണ് അതും നാം കാണുന്നത്.
വേദപുസ്തകം പറയുന്നതു നോക്കൂ:
അവൻ ആകാശത്തിലേക്കു പോകുന്നത് അവർ നോക്കിനിൽക്കുമ്പോൾ, വെള്ളവസ്ത്രം ധരിച്ച രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെ തന്നെ തിരിച്ചുവരും.
(1: 10, 11 )
” അപ്പോ ദൈവം മാതാവിനെ സ്വർഗത്തിലേക്ക് കൊണ്ടുപോയി. ഈശോയും കയറിപ്പോയി. എന്നിട്ടെന്താ യൗസേപ്പിതാവിനെ അങ്ങനെ കൊണ്ടുപോകാഞ്ഞത്? രണ്ടുപേരും equal അല്ലേ?”
” മാതാവും യൗസേപ്പിതാവും equal അല്ലെന്ന് മുമ്പൊരിക്കൽ പറഞ്ഞത് മറന്നു അല്ലേ?”
” യൗസേപ്പിതാവിനെ ദൈവം മരിപ്പിച്ചു. കഷ്ട്ടണ്ട്ട്ടൊ. ഞാൻ പിതാവിനോടു ചോദിക്കുന്നുണ്ട് 😡”
” ചോദിച്ചോ, പിതാവ് കഷ്ടപ്പെട്ടതു തന്നെ 😁 “
* * * * * *
മരിച്ചു പോകുക യാണ്, പുനരുത്ഥാനമേ ഇല്ല എന്നു കരുതി ജീവിക്കുക – അതാണ് കൊടിയ വഞ്ചന. അതാണ് നമുക്ക് നമ്മോടു ചെയ്യാവുന്ന കൊടുംചതി. അതിനടിപ്പെട്ടാൽ പിന്നെ തിന്നുകുടിച്ച്മദിച്ച് ജീവിക്കാം എന്നാണ് അപ്പസ്തോലൻ സമർത്ഥിക്കുന്നത്. കുഴിമാടത്തോടെ എല്ലാം തീരുമെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട കാര്യമില്ലല്ലോ.
ആഹാരം, വിഹാരം, നിദ്ര, മൈഥുനം എന്നിവയാണ് നാശകാരണചതുഷ്ടയങ്ങൾ (ചതുഷ്ടയം എന്നാൽ നാലു വസ്തുക്കളുടെ കൂട്ടം) മണ്ണിൽ നിന്നെടുക്കപ്പെട്ടവനെങ്കിലും മനുഷ്യൻ വെറും മണ്ണാണെന്നും മണ്ണിനുവേണ്ടിയാണെന്നും കരുതുന്നുണ്ടെങ്കിൽ പിന്നെ നശിക്കാനും നശിപ്പിക്കാനും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. പലരും നല്ല നിപുണതയോടെ അതിൽ മുഴുകുന്നുമുണ്ട്. അവർ നമ്മളല്ലെന്ന് ഉറപ്പാക്കാം.
ശുഭദിനം🌹
S പാറേക്കാട്ടിൽ
13/ 11/ 2020

Leave a comment