ദിവ്യബലി വായനകൾ Friday of week 32 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

വെള്ളി

Friday of week 32 in Ordinary Time 

Liturgical Colour: Green.
____

ഒന്നാം വായന

2 യോഹ 1:4-9

അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.

പിതാവില്‍ നിന്നു നാം സ്വീകരിച്ച കല്‍പനയ്ക്കനുസൃതമായി നിന്റെ മക്കളില്‍ ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതു കണ്ടു ഞാന്‍ അത്യന്തം സന്തോഷിച്ചു. അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ഥിക്കുന്നു. ഒരു പുതിയ കല്‍പനയായിട്ടല്ല, ആരംഭം മുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാന്‍ ഇത് എഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം. ഇതാണു സ്‌നേഹം: നാം അവിടുത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭം മുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതു പോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും. വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും. ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍. ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടു പോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 119:1,2,10,11,17,18

R. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍. അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്മാര്‍.

R. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങേ കല്‍പന വിട്ടുനടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ! അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങേ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

R. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

ഞാന്‍ ജീവിച്ചിരിക്കാനും അങ്ങേ വചനം അനുസരിക്കാനും ഈ ദാസന്റെ മേല്‍ കൃപ ചൊരിയണമേ! അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!

R. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
____

സുവിശേഷ പ്രഘോഷണവാക്യം

ഹെബ്രാ 4:12

അല്ലേലൂയാ, അല്ലേലൂയാ!

ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും
വിവേചിക്കുന്നതുമാണ്.

അല്ലേലൂയാ!

Or:

ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!

നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.

അല്ലേലൂയാ!
____

സുവിശേഷം

ലൂക്കാ 17:26-37

ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതു വരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തു കൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്റെ നാളുകളിലും അങ്ങനെ തന്നെ ആയിരുന്നു – അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്തു കൊണ്ടിരുന്നു. പക്‌ഷേ, ലോത്ത് സോദോമില്‍ നിന്ന് ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും. ആ ദിവസം പുരമുകളില്‍ ആയിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക് ഇറങ്ങിപ്പോകരുത്. അതുപോലെ തന്നെ വയലില്‍ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്. ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓര്‍മിക്കുക. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, തന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു നിലനിര്‍ത്തും. ഞാന്‍ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലില്‍ രണ്ടു പേര്‍ ഉണ്ടായിരിക്കും. ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും. കര്‍ത്താവേ, എവിടേക്ക് എന്ന് അവര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകന്മാര്‍ വന്നു കൂടും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment