മൃതിസ്മൃതി 14

✝️ മൃതിസ്മൃതി 14 🛐🍀

മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെ സ്‌തുതിക്കുന്നില്ല.

സങ്കീര്‍ത്തനങ്ങള്‍ 115 : 17

“പണ്ടത്തെ കളിത്തോഴൻ
കാഴ്ചവയ്ക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം
ഓർക്കുക വല്ലപ്പോഴും

മരിക്കും സ്മൃതികളിൽ
ജീവിച്ചുപോരും ലോകം
മറക്കാൻ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കൾ
പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയിൽ
വന്നിറങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ
വ്രണിതപ്രതീക്ഷയാൽ
മർത്യനീപദം രണ്ടും
” ഓർക്കുക വല്ലപ്പോഴും”

ഭാസ്ക്കരൻ മാസ്റ്റർ

( ഓർമകൾ ഇല്ലാതിരിക്കുന്നതുകൊണ്ടാണ് നാമെല്ലാം ലോകത്തിൽ ജീവിക്കുന്നത്. അതിനാൽ മറക്കാൻ പഠിക്കുന്നതും നേട്ടം തന്നെ. ഇപ്പോൾ വിടർന്നുനിൽക്കുന്ന പൂക്കൾ കൊഴിയുന്നതുകൊണ്ടാണ് അടുത്ത വസന്തം വരുന്നത്. കാലപ്രവാഹത്തിന്റെ സത്യങ്ങൾ ഇതൊക്കെയാണെങ്കിലും, ദു:ഖാകുലമായ പ്രതീക്ഷയോടെ, ഓർക്കാൻ സാധ്യതയില്ലെന്നറിഞ്ഞു കൊണ്ടുതന്നെ, ഓരോ മനുഷ്യനും ആവർത്തിക്കുന്നത് ഈ രണ്ടു പദങ്ങളാണ്: ഓർക്കുക വല്ലപ്പോഴും)

തസ്രാക്കിലെ ഇതിഹാസവഴികളിലൂടെ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കൾ മാത്രമല്ല, സർവ്വമനുഷ്യരും കേണുപറയുന്നത് ആ രണ്ടു പദങ്ങൾ തന്നെയാണ്: എന്നെ ഓർമിക്കണം. ചുരുട്ടിയ മുഷ്ടിയുടെ മാത്രം വലിപ്പമുള്ള ആ സാമ്രാജ്യത്തിൽ ( ❤️ ) ഒരിത്തിരി ഇടം – അതാണ് എല്ലാവരും കൊതിക്കുന്നത്. ഒടുവിലത്തെ വിരുന്ന് ക്രിസ്തു പോലും അവസാനിപ്പിക്കുന്നത് ഓർമ്മിക്കണം എന്ന അർത്ഥനയോടെയാണ്.

കുടുംബവൃക്ഷത്തിലൂടെ പിന്നിലേക്ക് സഞ്ചരിച്ചാൽ എത്ര പേരെ ഓർത്തെടുക്കാനാകും? ഏറിയാൽ പ്രപിതാമഹൻ, പ്രപിതാമഹി വരെ മാത്രം.( മുത്തച്ഛന്റെ അച്ഛനും അമ്മയും ) പക്ഷേ, എത്രയോ തലമുറകളിലൂടെ ഊറിക്കൂടിയതാണ് നമ്മുടെ ജീവസത്ത. വസന്തമായി നാമിന്ന് വിടർന്നുനിൽക്കുന്നത്, പൂക്കളെപ്പോൽ ഹസിച്ചുനിന്ന, നമുക്ക് അജ്ഞാതരായ എത്രയോ പ്രിയപ്പെട്ടവർ കൊഴിഞ്ഞടർന്നലിഞ്ഞ മണ്ണിലാണ്.

” ഞാനെന്റെ അമ്മയാണ്
ഞാനെന്റെ അച്ഛനാണ്
എന്റെ പൂർവ്വപിതാക്കൾ എന്നിലുണ്ട് ”

എന്ന് വസുബന്ധു കുറിച്ചത് അതുകൊണ്ടാണ്. അനേകം മനുഷ്യരുടെ തുടർച്ചയാണ് നാം.

തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ അവർക്ക് കഴിയാത്തതുകൊണ്ടാണ് ഉടയവന്റെ പക്കൽ തങ്ങളെ ഓർമിക്കാൻ ഉറ്റവരോട് അവർ കേഴുന്നത്. ദേവാലയത്തിനു മുന്നിൽ, വെളുത്ത കുരിശു പതിച്ച ആ കറുത്ത ശീല പറയുന്നതും അതാണ് – ഓർമിക്കണം. കാറ്റിലുലയുന്നെങ്കിലും കുഴിമാടങ്ങൾക്കരികെ പ്രഭതൂകി നിൽക്കുന്ന ആ സ്വർണ്ണനാളങ്ങൾ പറയുന്നതും അതാണ് – ഓർമകൾ ഉണ്ടാകണം.

നവംബർ രാത്രികളിൽ വീടിന്റെ ടെറസിൽ നിന്ന് നോക്കിയാൽ കിഴക്കുവശത്ത് വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന സെമിത്തേരി കാണാം.

” പളളിയിലും മേടയിലും ഇരുട്ടാണല്ലോ; ആത്മാക്കൾക്കു മാത്രം ഇത്രയും വെളിച്ചം എന്തിനാണാവോ ?”

” അതോ, രാത്രിയിൽ അവർക്ക് ഇറങ്ങിനടക്കാൻ വെട്ടം വേണ്ടേ? നവംബറിൽ അവർക്ക് അങ്ങനെ ചില ആനുകൂല്യങ്ങൾ ഒക്കെയുണ്ടെന്ന് കൂട്ടിക്കോളൂ. ഓർക്കണമെന്ന് ഓർമിപ്പിക്കാൻ അവർ വരുമായിരിക്കും ”

നവംബർ നിത്യമായി ഓർമിപ്പിക്കുന്നത് അതാണ് – ഓർമകൾ ഉണ്ടാകണം – നവംബറിൽ മാത്രമല്ല, എന്നും എപ്പോഴും🙏🏻

ശുഭദിനം🌹
S പാറേക്കാട്ടിൽ
14/ 11/ 2020


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment