ദിവ്യബലി വായനകൾ Wednesday of week 33 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

November 18 / ബുധൻ

Wednesday of week 33 in Ordinary Time 

or

Dedication of the Basilicas of Saints Peter and Paul, Apostles 

Liturgical Colour: Green.
____

ഒന്നാം വായന

വെളി 4:1-11

ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍.

ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ ഒരു തുറന്ന വാതില്‍ കണ്ടു. കാഹളധ്വനി പോലെ ഞാന്‍ ആദ്യം കേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചു തരാം. പെട്ടെന്ന് ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തം പോലെയും മാണിക്യം പോലെയും ആയിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള ഒരു മഴവില്ലും കാണപ്പെട്ടു. ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണകിരീടങ്ങള്‍. സിംഹാസനത്തില്‍ നിന്നു മിന്നല്‍പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്. സിംഹാസനത്തിനു മുമ്പില്‍ ഒരു പളുങ്കുകടല്‍.
സിംഹാസനത്തിന്റെ മധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍. ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റെതു പോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ. ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവ ഉദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്‍കിയപ്പോഴെല്ലാം ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചു കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തിരുന്നു: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങേ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 150:1b-2,3-4,5-6

R. സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.

കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.
ശക്തമായ പ്രവൃത്തികളെ പ്രതി അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്ന വിധം അവിടുത്തെ സ്തുതിക്കുവിന്‍.

R. സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.

കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍. തപ്പു കൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളും കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.

R. സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.

കൈത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.

R. സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.
____

സുവിശേഷ പ്രഘോഷണവാക്യം

1 യോഹ 2:5

അല്ലേലൂയാ, അല്ലേലൂയാ!

യേശുക്രിസ്തുവിന്റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.

അല്ലേലൂയാ!

Or:

cf. യോഹ 15:16

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.
അല്ലേലൂയാ!
____

സുവിശേഷം

ലൂക്കാ 19:11-28

നീ എന്തുകൊണ്ട് പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല?

അക്കാലത്ത്, ജറുസലെമിനു സമീപത്തായി ജനങ്ങള്‍ യേശുവിനെ കേട്ടു കൊണ്ടിരിക്കുമ്പോള്‍, അവന്‍ ഒരു ഉപമ പറഞ്ഞു. കാരണം, ദൈവരാജ്യം ഉടന്‍ വന്നു ചേരുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്തിരുന്നു. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍ വേണ്ടി ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്മാരില്‍ പത്തു പേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചു വരുന്നതു വരെ നിങ്ങള്‍ ഇതു കൊണ്ടു വ്യാപാരം ചെയ്യുവിന്‍. അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ അയച്ചു.
എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചു വന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്മാര്‍ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു. ഒന്നാമന്‍ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന നാണയം പത്തു കൂടി നേടിയിരിക്കുന്നു. അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയ കാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തു നഗരങ്ങളുടെ മേല്‍ നീ അധികാരിയായിരിക്കും. രണ്ടാമന്‍ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന നാണയം അഞ്ചു കൂടി നേടിയിരിക്കുന്നു. യജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെ മേല്‍ നീ അധികാരിയായിരിക്കു വേറൊരുവന്‍ വന്നു പറഞ്ഞു: യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ. നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്. അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കു കൊണ്ടു തന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങി വന്നപ്പോള്‍ പലിശയോടു കൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ? അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തു നാണയമുള്ളവനു കൊടുക്കുക. അവര്‍ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നുപറഞ്ഞു. ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും. ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടു വന്ന് എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍. അവന്‍ ഇതു പറഞ്ഞതിനു ശേഷം ജറുസലെമിലേക്കുള്ള യാത്ര തുടര്‍ന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment