🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെള്ളി, 20/11/2020
Friday of week 33 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
ജെറ 29:11,12,14
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
വെളി 10:8-11
ഞാന്‍ ദൂതന്റെ കൈയില്‍ നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി.
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ നിന്നു കേട്ട സ്വരം വീണ്ടും എന്നോടു പറഞ്ഞു: നീ പോയി കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍ നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക. ഞാന്‍ ദൂതന്റെ അടുത്തുചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും; ഞാന്‍ ദൂതന്റെ കൈയില്‍ നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി. വീണ്ടും ഞാന്‍ കേട്ടു: നീ ഇനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 119:14,24,72,103,111,131
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
സമ്പത്സമൃദ്ധിയിലെന്നപോലെ അങ്ങേ കല്‍പനകള്‍
പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.
അവിടുത്തെ കല്‍പനകളാണ് എന്റെ ആനന്ദം;
അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
ആയിരക്കണക്കിനു പൊന്‍വെള്ളി നാണയങ്ങളെക്കാള്‍
അങ്ങേ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ്
എനിക്ക് അഭികാമ്യം.
അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്!
അവ എന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്.
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
അങ്ങേ കല്‍പനകളാണ്എന്നേക്കും എന്റെ ഓഹരി;
അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്.
അങ്ങേ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛ നിമിത്തം
ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 19:45-48
ദൈവത്തിന്റെ ഭവനത്തെ നിങ്ങള്‍ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
അക്കാലത്ത്, യേശു ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
യേശു ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28
ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.
Or:
മര്‍ക്കോ 11:23-24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment