ദിവ്യബലി വായനകൾ Christ the King 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

Christ the King 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 5:12; 1:6

കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ദിവ്യത്വവും
ജ്ഞാനവും ആധിപത്യവും ബഹുമാനവും
സ്വീകരിക്കാന്‍ യോഗ്യനാണ്.
അവിടത്തേക്ക് മഹത്ത്വവും പ്രതാപവും
എന്നേക്കും ഉണ്ടായിരിക്കട്ടെ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
സര്‍വലോകത്തിന്റെയും രാജനായ അങ്ങേ പ്രിയപുത്രനില്‍
സമസ്തവും ക്രമവത്കരിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അടിമത്തത്തില്‍നിന്ന് മോചനം നേടി,
സകല സൃഷ്ടിജാലങ്ങളും
അങ്ങേ മഹിമാവിന് നിരന്തരം ശുശ്രൂഷ ചെയ്യാനും
അനവരതം അങ്ങയെ വാഴ്ത്തിപ്പുകഴ്ത്താനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 34:11-12,15-17
എന്റെ അജഗണമേ, ഞാന്‍ ആടിനും ആടിനും മധ്യേ വിധി നടത്തും.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്ധകാരപൂര്‍ണമായ ആ ദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ അജഗണമേ, ഞാന്‍ ആടിനും ആടിനും മധ്യേയും മുട്ടാടിനും കോലാട്ടിന്മുട്ടനും മധ്യേയും വിധി നടത്തും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-2,2-3,5-6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.
തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

രണ്ടാം വായന

1 കോറി 15:20-26,28
ക്രിസ്തു എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കും.

നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍ വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തില്‍ എല്ലാവരും മരണാധീനര്‍ ആകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും. അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാല്‍, സകല ശത്രുക്കളെയും തന്റെ പാദസേവകരാക്കുന്നതു വരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാന ശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം സമസ്തവും അധീനമാക്കി തന്റെ പാദത്തിന്‍ കീഴാക്കിയിരിക്കുന്നു. സമസ്തവും അവിടുത്തേക്ക് അധീനമായി കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍ തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 25:31-46
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.
അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മാനവവംശത്തെ
അങ്ങയോട് രമ്യതപ്പെടുത്തുന്ന ഈ ബലി
അങ്ങേക്കര്‍പ്പിച്ച് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ പുത്രന്‍ തന്നെ സകല ജനതകള്‍ക്കും
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങള്‍ നല്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 29:10-11

കര്‍ത്താവ് എന്നേക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു;
കര്‍ത്താവ് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അമര്‍ത്യതയുടെ ഭോജനം
സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സര്‍വലോകത്തിന്റെയും രാജാവായ ക്രിസ്തുവിന്റെ
കല്പനകള്‍ അനുസരിക്കുന്നതില്‍ അഭിമാനംകൊണ്ട്,
അവിടത്തോടുകൂടെ സ്വര്‍ഗരാജ്യത്തില്‍
നിത്യമായി ജീവിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment