✝️ മൃതിസ്മൃതി 24 🛐 🍀☘️
അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കുക, ക്രിസ്‌തു നിന്‍െറ മേല്‍ പ്രകാശിക്കും.
എഫേസോസ് 5 : 14
ഉത്തിഷ്ഠത! ജാഗ്രത !
പ്രാപ്യ വരാൻ നിബോധത!
ക്ഷുരസ്യ ധാരാ നിശിതാ
ദുരത്യയാ ദുർഗ്ഗം പഥസ്തത്
കവയോ വദന്തി
വിവേകാനന്ദസ്വാമികൾ ചിക്കാഗോ പ്രസംഗത്തിൽ ഉപയോഗിച്ചതുവഴി വിശ്വപ്രസിദ്ധിയാർജ്ജിച്ചത് കഠാേപനിഷത്തിലെ ഈ മന്ത്രമാണ്.
അർത്ഥം:
ഉത്തിഷ്ഠത = എഴുന്നേൽക്കുവിൻ! = ആത്മജ്ഞാനത്തിന് അഭിമുഖന്മാരായിത്തീരുവിൻ. ജാഗ്രത = ഉണരുവിൻ = അജ്ഞാനനിദ്രയിൽ നിന്ന് ഉണരുവിൻ! വരൻമാരെ = ശ്രേഷ്ഠൻമാരായ ആചാര്യൻമാരെ പ്രാപിച്ചിട്ട് നിബോധിക്കുവിൻ = അറിയുവിൻ. നിശിതമായ = തീക്ഷ്ണമാക്കപ്പെട്ട ക്ഷുരസ്യധാര = കത്തിയുടെ വായ്ത്തല ദുരത്യയമാകുന്നു= കാൽകൊണ്ടു ചവിട്ടിനടക്കാൻ പ്രയാസമുള്ളതാകുന്നു. തൽപഥ: = ആ പന്ഥാവിനെ = ആ മാർഗ്ഗത്തെ = തത്ത്വജ്ഞാനരൂപമായ ആ മാർഗ്ഗത്തെ ദുർഗ്ഗമെന്ന് = ഗമിപ്പാൻ പ്രയാസമുള്ളതെന്ന് കവയ: = കവികൾ = ബുദ്ധിമാൻമാർ വദന്തി = പറയുന്നു.
വ്യാഖ്യാനം:
അല്ലയോ അനാദ്യവിദ്യ കൊണ്ടുറങ്ങിക്കിടക്കുന്ന ജന്തുക്കളേ! ആത്മാവിന്റെ യഥാർത്ഥ സ്വരൂപത്തെ കാണുന്നതിനായി നിങ്ങൾ എഴുന്നേൽക്കുവിൻ! ആത്മജ്ഞാനത്തിന് തയ്യാറാകുവിൻ! ഉണരുവിൻ! ഘോരരൂപവും എല്ലാ അനർത്ഥങ്ങൾക്കും ബീജഭൂതവുമായ അജ്ഞാനനിദ്രയെ അവസാനിപ്പിക്കുവിൻ! ശ്രേഷ്ഠൻമാരും ആത്മജ്ഞാനികളുമായ ആചാര്യൻമാരുടെ അടുക്കൽച്ചെന്ന് അവർ ഉപദേശിച്ചുതരുന്ന സർവ്വാന്തര്യാമിയായ ആത്മാവിനെ ‘ ഞാൻ ആകുന്നു ‘ എന്നിങ്ങനെ അറിയുവിൻ! ഒട്ടും അമാന്തിക്കരുത് ! എന്നിങ്ങനെ ശ്രുതി, അമ്മയെപ്പോലെ, അനുകമ്പയോടുകൂടി പറയുന്നു. അറിവാനുള്ളത് അതിസൂക്ഷ്മബുദ്ധിക്കു മാത്രമേ ഗ്രഹിപ്പാൻ കഴികയുള്ളൂ എന്നുള്ള വിഷയമായതുകൊണ്ടാണ് ശ്രുതി ഇപ്രകാരം ഉണർത്തുന്നത്. എന്താണ് സൂക്ഷ്മബുദ്ധിക്കു മാത്രമേ ഗ്രഹിക്കാൻ കഴികയുള്ളൂ എന്നു പറഞ്ഞതെന്ന് പറയുന്നു: മൂർച്ച പിടിപ്പിച്ച കത്തിയുടെ വായ്ത്തലയിൽ ചവിട്ടിനടക്കുക വളരെ വിഷമമാണല്ലോ. അതുപോലെതന്നെ ഗമിപ്പാൻ വിഷമമായിട്ടുള്ളതാണ് തത്ത്വജ്ഞാനമാർഗ്ഗമെന്ന് ബുദ്ധിമാൻമാർ പറയുന്നു. അറിവാനുള്ള വസ്തു അതിസൂക്ഷ്മമാകയാൽ അതിനെ വിഷയീകരിക്കുന്ന ജ്ഞാനമാർഗ്ഗം, സമ്പാദിക്കാൻ വിഷമമായിട്ടുള്ളതാണെന്ന് അറിവുള്ളവർ പറയുന്നു എന്നു സാരം.
x x x x x x
അത് വളരെ വ്യക്തമാണ് ! നമുക്കുള്ളതിനേക്കാൾ ശ്രേഷ്ഠനായ ആചാര്യനില്ല. നമുക്കുള്ളതിനേക്കാൾ സ്നേഹവും ജ്ഞാനവുമുള്ള മറ്റൊരു ആചാര്യനില്ല. ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികൾ ഒളിഞ്ഞുകിടക്കുന്നത്(കൊളോ. 2 / 3) ഈ ആചാര്യനിലാണ്. നമുക്കുള്ളതുപോലെ കരുണയും കൃപാവരവും ലഭിക്കുന്ന മറ്റൊരു സിംഹാസനം(ഹെബ്രായർ 4/ 16) വേറെയില്ല. ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതൻമാർക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയിൽ പ്രഘോഷിക്കപ്പെട്ടു; ലോകം അവനിൽ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവൻ സംവഹിക്കപ്പെടുകയും ചെയ്തു.(1 തിമോത്തേ. 3/ 16) അങ്ങനെയാണ്
“നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമായത്”.
മനുഷ്യൻ ശയ്യയെ അവലംബിക്കുന്നു, പിന്നെ എഴുന്നേൽക്കുന്നില്ല; ആകാശങ്ങൾ ഇല്ലാതാകുന്നതുവരെ അവൻ എഴുന്നേൽക്കുകയില്ല, ഉറക്കത്തിൽ നിന്ന് ഉണരുകയില്ല (ജോബ് 14/ 12 ) എന്ന് ഒരാൾ പ്രസ്താവിക്കുന്നുണ്ട്. അശക്തമായ പാതാളത്തിൽ നിന്ന് എത്തിയ അശക്തമായ രാത്രി തങ്ങളെ ചൂഴ്ന്നപ്പോൾ അവർ ഒരേ ഉറക്കത്തിൽ മുഴുകി (ജ്ഞാനം 17/ 14) എന്ന് മറ്റൊരാളും കുറിക്കുന്നുണ്ട്.
സുഷുപ്തി എന്നതിന് ഗാഢനിദ്ര എന്നുമാത്രമല്ല അജ്ഞാനം എന്നും അർത്ഥമുണ്ട്. സുഷുപ്ത എന്നതിനാകട്ടെ നല്ലപോലെ ഉറങ്ങുന്ന എന്നു മാത്രമല്ല, മരവിച്ച, ആത്മജ്ഞാനമില്ലാത്ത എന്നും അർത്ഥമുണ്ട്. അങ്ങനെയെങ്കിൽ ക്രിസ്തു നമ്മുടെമേൽ പ്രകാശിക്കാൻ നാം ഉണരേണ്ടത് അജ്ഞാനനിദ്രയിൽ നിന്നാണ്. നാമുയിർക്കേണ്ടത് അവിശ്വാസത്താൽ മരവിച്ച ആത്മാവിൽ നിന്നാണ്. നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേൾവിയില്ലാത്ത ചെവികളും – (റോമ. 11/8) അതില്ലാതിരിക്കാൻ ആഗ്രഹിച്ചാൽ മതിയാകും. ശേഷമെല്ലാം താനെ വരും🙏🏻
ശുഭദിനം🌹
S പാറേക്കാട്ടിൽ
24/ 11/ 2020

Leave a comment