അമ്മയോടെന്നതിനേക്കാൾ എന്റെ വൈകാരിക അടുപ്പം അപ്പനോടായിരുന്നു. എനിക്ക് തോന്നുന്നു, ഞാൻ കൃത്യമായും അപ്പനിൽ നിന്നുളള ആളാണെന്ന്. ഇത്തിരി എഴുതാനുളള താൽപര്യവും ജീവിതത്തോടുളള കാഴ്ചപ്പാടും വിഷാദവുമുൾപ്പെടെ. നമ്മുടെ സമൂഹത്തിൽ മനുഷ്യർ അവരുടെ വലിയ കടപ്പാടുകളർപ്പിക്കുന്നത് അമ്മയ്ക്കാണ്. പക്ഷേ, അച്ഛൻ തീരെ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ഭയങ്കരമായ ഒരു നിശ്ശബ്ദ സാന്നിദ്ധ്യമായി. കവിതകളൊക്കെ എഴുതുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളെന്നോട് പറഞ്ഞു: മുതിർന്ന ശേഷം ഞാനെന്റെ അച്ഛനെ തൊടുന്നത് അച്ഛന്റെ ദേഹത്ത് ഒരു വെളളത്തുണി വന്നു വീഴുമ്പോഴാവും….’ കുറച്ചു കൂടി അച്ഛനെ ശ്രദ്ധിക്കണമെന്ന തോന്നൽ എനിക്കെപ്പോഴുമുണ്ട്.
എനിക്കു സൗഹൃദമുളള, തൃശൂർ മെഡിക്കൽ കോളജിലെ ഡോ. അജയൻ പറഞ്ഞ ഒരു സംഭവം. ആ സമയത്ത്, ഇനി തിരിച്ചു വരവില്ലാത്ത വിധം രോഗാവസ്ഥ മൂർച്ഛിച്ച രോഗികളുടെ വാർഡിലായിരുന്നു ഡോക്ടർ. ചികിത്സയില്ല, പരിചരണം മാത്രം. രാമൻ കുട്ടിയെന്ന പാലക്കാട്ടുകാരൻ രഞ്ജിത്ത് എന്ന 13 വയസ്സുളള കുട്ടിയുമായി വന്നു. രാത്രിയിൽ ഈ കുട്ടി എന്തു മരുന്നു കൊടുത്തിട്ടും ഉറങ്ങുന്നില്ല. രാമൻ കുട്ടി ഡോക്ടറോടു പറഞ്ഞു: ‘ഡോക്ടർ എന്തു മരുന്നു കൊടുത്താലും മോൻ ഉറങ്ങില്ല. കാരണം വയ്യാതായ ശേഷം ഞാനവനെ എന്റെ നെഞ്ചിലിട്ട് തട്ടിയാണ് ഉറക്കുന്നത്. നിങ്ങൾ അനുവദിക്കുമെങ്കിൽ ഞാനവനെ നെഞ്ചിലിട്ട് ഉറക്കാം ….’ പക്ഷേ, ഐസോലേറ്റഡ് വാർഡായതിനാൽ അതു സാധ്യമല്ലായിരുന്നു. അപ്പോൾ രാമൻകുട്ടി അപേക്ഷിച്ചു. ‘‘ഡോക്ടർ, അവൻ കിടക്കുന്ന ആ ബെഡ്ഡിനോടു ചേർന്നൊരു ഭിത്തിയുണ്ട്. അവനോട് പറയണം. അച്ഛൻ ഭിത്തിയോട് ചേർന്ന് നിൽപ്പുണ്ടെന്ന്.’’ വെളുപ്പിനെ മൂന്നു മണിക്ക് ഡോക്ടർ പുറത്തേക്കു വരുമ്പോൾ ഈ രാമൻകുട്ടിയെന്ന ചെറിയ മനുഷ്യൻ അയാളുടെ നെഞ്ചിൻ കൂട് ഭിത്തിയോട് ചേർത്തു പിടിച്ച് നിൽപ്പുണ്ടായിരുന്നു. ഞാനീ കഥ പറയുന്നത് അമിത വൈകാരികത ഉണ്ടാക്കാനല്ല. ഇതാണ് അച്ഛൻ എന്നോർമിക്കാനാണ്.
(ബോബിയച്ചൻ)


Leave a comment