🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
29-Nov-2020, ഞായർ
1st Sunday of Advent
Liturgical Colour: Violet.
____
ഒന്നാം വായന
ഏശ 63: 16-17, 64:1, 3-8
കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ!
അങ്ങാണു ഞങ്ങളുടെ പിതാവ്; കര്‍ത്താവേ, അങ്ങു തന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന്‍ എന്നാണ് പണ്ടു മുതലേ അങ്ങേ നാമം. കര്‍ത്താവേ, അങ്ങേ പാതയില്‍ നിന്നു വ്യതിചലിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടാണ്, അങ്ങയെ ഭയപ്പെടാതിരിക്കാന്‍ തക്കവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്? അങ്ങേ ദാസര്‍ക്കു വേണ്ടി, അങ്ങേ അവകാശമായ ഗോത്രങ്ങള്‍ക്കു വേണ്ടി, അങ്ങ് തിരിയെ വരണമേ! കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ! അങ്ങേ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!
അവിടുന്ന് ഇറങ്ങി വന്ന്, ഞങ്ങള്‍ വിചാരിക്കാത്ത ഭയാനക കാര്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ മുന്‍പില്‍ പര്‍വതങ്ങള്‍ പ്രകമ്പനം കൊണ്ടു. തന്നെ കാത്തിരിക്കുന്നവര്‍ക്കു വേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്തിട്ടില്ല. അങ്ങേ പാതയില്‍ അങ്ങയെ സ്മരിച്ചുകൊണ്ട് സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അങ്ങ് സ്വീകരിക്കുന്നു. അങ്ങ് കോപിച്ചു; കാരണം, ഞങ്ങള്‍ പാപം ചെയ്തു. വളരെക്കാലം ഞങ്ങള്‍ തിന്മയില്‍ വ്യാപരിച്ചു. ഞങ്ങള്‍ക്കു രക്ഷ കിട്ടുമോ? ഞങ്ങള്‍ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികള്‍
മലിനവസ്ത്രം പോലെയും ആണ്. ഇല പോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്ന പോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍
ഞങ്ങളെ പറപ്പിച്ചു കളയുന്നു. അങ്ങേ നാമം വിളിച്ചപേക്ഷിക്കുകയും,അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്സാഹിക്കുകയും ചെയ്യുന്നവന്‍ ആരുമില്ല.
അങ്ങ് ഞങ്ങളില്‍ നിന്നു മുഖം മറച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക് അങ്ങ് ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു. എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 80:1-2,14-15,17-18
R. ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
ഇസ്രായേലിന്റെ ഇടയനേ,
കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!
R. ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ! സ്വര്‍ഗത്തില്‍ നിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങേ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
R. ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
എന്നാല്‍, അങ്ങേ കരം അങ്ങേ വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍, അങ്ങേക്കു ശുശ്രൂഷ ചെയ്യാന്‍ ശക്തനാക്കിയ മനുഷ്യപുത്രന്റെ മേല്‍ ഉണ്ടായിരിക്കട്ടെ. അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍ നിന്ന്
ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ! ഞങ്ങള്‍ അങ്ങേ നാമം വിളിച്ചപേക്ഷിക്കും.
R. ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
രണ്ടാം വായന
1 കോറി 1:3-9
നാം കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടു കാത്തിരിക്കുന്നു.
നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും. യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെ പ്രതി ദൈവത്തിനു സദാ നന്ദി പറയുന്നു. എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാ വിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി. ക്രിസ്തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടു കാത്തിരിക്കുന്ന നിങ്ങള്‍ക്ക് യാതൊരു ആത്മീയദാനത്തിന്റെയും കുറവില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിനത്തില്‍ നിങ്ങള്‍ കുറ്റമില്ലാത്തവര്‍ ആയിരിക്കേണ്ടതിന് അവസാനം വരെ അവിടുന്നു നിങ്ങളെ പരിപാലിക്കും. തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 85:7
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യണമേ!
അല്ലേലൂയാ!
സുവിശേഷം
മാര്‍ക്കോ 13:33-37
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ.
യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു: ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ. വീടു വിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്‍ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതു പോലെയാണ് ഇത്. ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അവന്‍ പെട്ടെന്നു കയറി വരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment