ദിവ്യബലി വായനകൾ Saturday of the 1st week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

Saturday of the 1st week of Advent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 80:4,2

കര്‍ത്താവേ, കെരൂബുകളില്‍ വസിക്കുന്നവനേ, വരണമേ,
അങ്ങേ മുഖം ഞങ്ങളെ കാണിക്കണമേ.
അങ്ങനെ ഞങ്ങള്‍ രക്ഷപ്രാപിക്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യരാശിയെ പഴയസ്ഥിതിയില്‍ നിന്നു മോചിപ്പിക്കാന്‍
അങ്ങേ ഏകജാതനെ ഈ ലോകത്തിലേക്ക് അയച്ചുവല്ലോ.
ഭക്തിപൂര്‍വം അവിടത്തെ കാത്തിരിക്കുന്ന ഞങ്ങളുടെ മേല്‍
അങ്ങേ അനുകമ്പയുടെ കൃപ ഉന്നതത്തില്‍ നിന്ന് ചൊരിയണമേ.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ സമ്മാനം നേടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 30:19-21,23-26
നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും.

ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു:

ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ,
ഇനിമേല്‍ നീ കരയുകയില്ല;
നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും;
അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.

കര്‍ത്താവ് നിനക്കു കഷ്ടതയുടെ അപ്പവും
ക്‌ളേശത്തിന്റെ ജലവും തന്നാലും
നിന്റെ ഗുരു നിന്നില്‍ നിന്നു മറഞ്ഞിരിക്കുകയില്ല.
നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍
നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്, ഒരു സ്വരം ശ്രവിക്കും;
ഇതാണു വഴി, ഇതിലേ പോവുക.

അവിടുന്ന് നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും;
ധാന്യം സമൃദ്ധമായി വിളയും;
അന്ന് നിന്റെ കന്നുകാലികള്‍
വിശാലമായ മേച്ചില്‍പുറങ്ങളില്‍ മേയും.
നിലം ഉഴുകുന്ന കാളകളും കഴുതകളും
കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും
ഉപ്പു ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും.
മഹാസംഹാരത്തിന്റെ ദിനത്തില്‍
ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍
ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും
വെള്ളം നിറഞ്ഞ അരുവികള്‍ ഉണ്ടാകും.

കര്‍ത്താവ് തന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുകയും
തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍
സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം
ചന്ദ്രപ്രകാശം സൂര്യന്റെ ശോഭ പോലെയും,
സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം
ഒന്നിച്ചായിരുന്നാലെന്ന പോലെ ഏഴിരട്ടിയും ആകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 147:1-2,3-4,5-6

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍;
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേക്കു
സ്തുതിപാടുന്നത് ഉചിതം തന്നെ.

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു;
ഇസ്രായേലില്‍ നിന്നു ചിതറിപ്പോയവരെ
അവിടുന്ന് ഒരുമിച്ചു കൂട്ടുന്നു.
അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും
അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു;
അവയോരോന്നിനും പേരിടുന്നു.

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്;
അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു;
ദുഷ്ടരെ തറപറ്റിക്കുന്നു.

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 9:35-10:1,5a,6-8
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പ തോന്നി.

യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി. ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ
പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. വെളി 22:12
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിയനുസരിച്ചുള്ള
പ്രതിഫലം നല്കാന്‍ ഇതാ, ഞാന്‍ വേഗം വരുന്നു.
എന്റെ സമ്മാനവും എന്റെ പക്കലുണ്ട്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;
തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍,
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment