വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു.

വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്റി പുറത്തുവിട്ട ഡിക്രിയില്‍ പറയുന്നു.

മേജര്‍ പെനിറ്റെന്‍ഷ്യറി കര്‍ദ്ദിനാള്‍ മൌറോ പിയാസെന്‍സാ, റീജന്റ് മോണ്‍. ക്രിസ്സിസ്റ്റോഫ് നൈകിയലുമാണ് ഡിക്രിയില്‍ ഒപ്പിട്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നുണ്ട്. ഡിക്രിക്ക് പുറമേ യൗസേപ്പിതാവിന് സമര്‍പ്പിച്ചുകൊണ്ട് ഒരു അപ്പസ്തോലിക ലേഖനവും ഫ്രാന്‍സിസ് പാപ്പ പുറത്തുവിട്ടിട്ടുണ്ട്. യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും നമുക്ക് ദര്‍ശിക്കാനാവുമെന്ന് ‘പാട്രിസ് കോര്‍ഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന്‍ പേരിട്ടിരിക്കുന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തില്‍ പറയുന്നു.

മഹാമാരിയുടേതായ നിലവിലെ സാഹചര്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ദണ്ഡവിമോചനം പ്രായമായവര്‍ക്കും, രോഗികള്‍ക്കും, വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നുണ്ട്. ക്യൂമാഡ്മോഡം ഡിയൂസ് തന്റെ തന്റെ ഔദ്യോഗിക ഡിക്രിയിലൂടെ 1870 ഡിസംബര്‍ എട്ടിനാണ് പയസ് ഒമ്പതാമന്‍ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment