ദിവ്യബലി വായനകൾ Friday of the 2nd week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 11/12/2020

Saint Damasus I, Pope 
or Friday of the 2nd week of Advent 

Liturgical Colour: White.

പ്രവേശകപ്രഭണിതം

കര്‍ത്താവ് അവനെ തനിക്കുവേണ്ടി
മഹാപുരോഹിതനായി തിരഞ്ഞെടുക്കുകയും
തന്റെ നിക്ഷേപം തുറന്നുകൊണ്ട്,
എല്ലാ നന്മകളും കൊണ്ട്
അവനെ സമ്പന്നനാക്കുകയും ചെയ്തു.

Or:
cf. പ്രഭാ 50:1; 44:16,22

ഇതാ, തന്റെ ദിനങ്ങളില്‍
ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;
ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,
തന്റെ ജനത്തിനു വേണ്ടി,
അവന്‍ വളരാന്‍ കര്‍ത്താവ് ഇടയാക്കി.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, പാപ്പായായ വിശുദ്ധ ഡമാസസ്,
അങ്ങേ രക്തസാക്ഷികളെ ആദരിക്കുന്നവനും
സ്‌നേഹിക്കുന്നവനും ആയിരുന്നുവല്ലോ.
രക്തസാക്ഷികളുടെ പുണ്യയോഗ്യതകള്‍
നിരന്തരം ആഘോഷിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 48:17-19
നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍.

നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

നിനക്ക് നന്മയായുള്ളത് പഠിപ്പിക്കുകയും
നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന
നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്.
നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍,
നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു;
നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;
നിന്റെ സന്തതികള്‍ മണല്‍ പോലെയും
വംശം മണല്‍ത്തരി പോലെയും ആകുമായിരുന്നു;
അവരുടെ നാമം എന്റെ മുന്‍പില്‍ നിന്ന്
ഒരിക്കലും വിച്‌ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 1:1-2,3,4,6

:കര്‍ത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 11:16-19
അവര്‍ യോഹന്നാനെയോ മനുഷ്യപുത്രനെയോ ശ്രവിച്ചില്ല.

അക്കാലത്ത് യേശു ജനക്കൂട്ടത്തോടു സംസാരിക്കാന്‍ തുടങ്ങി: ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്? ചന്തസ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ. യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍
തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment