ദിവ്യബലി വായനകൾ Saturday of the 2nd week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി / December 12

Our Lady of Guadalupe 
or Saturday of the 2nd week of Advent 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 12:1

സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു:
സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.
അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍.
ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.

സമിതിപ്രാര്‍ത്ഥന

ഏറ്റവും കാരുണ്യവാനായ പിതാവായ ദൈവമേ,
അങ്ങേ ജനത്തെ അങ്ങ് അങ്ങേ പുത്രന്റെ
ഏറ്റവും പരിശുദ്ധ അമ്മയുടെ
അതിവിശിഷ്ട സംരക്ഷണത്തിലാക്കിയല്ലോ.
ഗ്വാദലൂപ്പിലെ പരിശുദ്ധകന്യകയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും
കൂടുതല്‍ സജീവമായ വിശ്വാസത്തോടെ,
നീതിയുടെയും സമാധാനത്തിന്റെയും വഴികളിലൂടെ
ജനതകളുടെ അഭിവൃദ്ധി നേടാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 48:1-4,9-12
അഗ്നിയുടെ ചുഴലിക്കാറ്റിലാണ് ഏലിയ സംവഹിക്കപ്പെട്ടത്.

പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു;
അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.
അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി;
അവന്റെ തീക്ഷ്ണതയില്‍ അവരുടെ എണ്ണം ചുരുങ്ങി.
കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശ വാതിലുകള്‍ അടച്ചു.
മൂന്നു പ്രാവശ്യം അഗ്നിയിറക്കി.

ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍ നീ എത്ര മഹത്വമുള്ളവന്‍!
അത്തരം പ്രവൃത്തികളുടെ പേരില്‍
അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?
ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തില്‍
അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ്
അതിനെ തണുപ്പിക്കുന്നതിനും
പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും
അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ
പുനഃസ്ഥാപിക്കുന്നതിനും വേണ്ടി
നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരും അനുഗൃഹീതര്‍;
അവര്‍ ജീവിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 80:1-2,14-15,17-18

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

ഇസ്രായേലിന്റെ ഇടയനേ,
കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ!
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!
സ്വര്‍ഗത്തില്‍ നിന്നു നോക്കിക്കാണണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങേ വലത്തുകൈ നട്ട
ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

എന്നാല്‍, അങ്ങേ കരം അങ്ങേ
വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍,
അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ
മനുഷ്യപുത്രന്റെ മേല്‍ ഉണ്ടായിരിക്കട്ടെ.
അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍ നിന്ന്
ഒരിക്കലും പിന്തിരിയുകയില്ല;
ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ!
ഞങ്ങള്‍ അങ്ങേ നാമം വിളിച്ചപേക്ഷിക്കും.

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 17:10-13
ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല.

മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍ നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. സ്‌നാപകയോഹന്നാനെ പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ കേണപേക്ഷിച്ചുകൊണ്ട്
അനുരഞ്ജനത്തിന്റെയും സ്തുതിയുടെയും കാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഗ്വാദലൂപ്പിലെ പരിശുദ്ധ കന്യകമറിയത്തിന്റെ
മാതൃക പിഞ്ചെന്നുകൊണ്ട്,
അങ്ങേക്കു പ്രീതികരമായ വിശുദ്ധ ബലിവസ്തുവായി
ഞങ്ങള്‍ ഞങ്ങളെത്തന്നെ കാഴ്ചവയ്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ലൂക്കാ 1:52

കര്‍ത്താവ് ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.

Or:
cf. സങ്കീ 147:20

മറ്റൊരു ജനതയ്ക്കു വേണ്ടിയും ദൈവം ഇങ്ങനെ ചെയ്തിട്ടില്ല;
മറ്റൊരു ജനതയോടും കര്‍ത്താവ് ഇത്രമാത്രം സ്നേഹം കാണിച്ചിട്ടില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശയുടെ ചൈതന്യത്താല്‍ ശക്തിപ്രാപിച്ച്,
അങ്ങേ എളിയ ദാസിയായ പരിശുദ്ധ കന്യകമറിയം
ഇതിനകം മഹത്ത്വത്തോടെ നിത്യമായി അനുഭവിക്കുന്ന സമാധാനത്തിന്റെ
ഭാഗ്യപൂര്‍ണമായ ദര്‍ശനത്തില്‍ എത്തിച്ചേരുന്നതുവരെ,
സുവിശേഷത്തിന്റെ വഴികളിലൂടെ,
ഔത്സുക്യത്തോടെ നടന്നു നീങ്ങാന്‍ വേണ്ട അനുഗ്രഹം
അങ്ങേ സഭയ്ക്കു നല്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment