ക്രിസ്തുമസ് ബലൂൺ 2020 / 12

❤️🙏 ക്രിസ്തുമസ് ബലൂൺ 🎈💞 2020 12

ചെറുപ്പം മുതലേ വളരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു എൻ്റെത്. ഞാനൊക്കെ അനുഭവിച്ച ബോഡി shaming-നു എതിരെ കേസ് കൊടുത്തിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ അംബാനിയയെപ്പോലെ ജീവിക്കാമായിരുന്നു. എൻ്റെ ശരീരപ്രകൃതിയെക്കുറിച്ച് ഏറ്റവും അതികം വിഷമിച്ചിരുന്നത് അമ്മ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ കരുതലും സ്നേഹവും എനിക്ക് കൂടുതൽ അനുഭവിക്കാൻ സാധിച്ചു എന്നുള്ളതിൽ തർക്കമില്ല. വലിയ വിലകൊടുത്തു പോഷകമേറിയ ഭക്ഷണസാധനങ്ങൾ വാങ്ങിത്തരാൻ പറ്റുന്ന ചുറ്റുപാടല്ലായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആകെ ഉണ്ടായിരുന്നത് കോഴികളിടുന്ന മുട്ടകളായിരുന്നു. ഞങ്ങൾ മക്കൾ നാലുപേരായതുകൊണ്ടു എല്ലാവർക്കും അത് നൽകാൻ തികയുകയില്ലായിരുന്നു.എനിക്ക് മാത്രമായി എന്തെങ്കിലും തരാൻ വളരെയധികം ബുദ്ധിമുട്ടുമായിരുന്നു. എങ്കിലും അമ്മ ഒരു സൂത്രം കണ്ടുപിടിച്ചു. എല്ലാ ദിവസവും ഒരു കോഴിമുട്ട രാവിലെ ചോറ് വയ്ക്കുമ്പോൾ അതിലിടും. എന്നിട്ട് വന്നു എന്നെ നോക്കും. ഞങ്ങൾ എല്ലാവരും എവിടെയെങ്കിലും കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. അമ്മ വന്നു നോക്കിയാൽ കോഴിമുട്ട റെഡി ആണെന്നാണ് അർത്ഥം. ഞാൻ പതുക്കെ കൂട്ടത്തിൽ നിന്ന് മുങ്ങും. അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ അതെടുത്ത് തരും. പൂച്ച പാല് കുടിക്കുന്നതുപോലെ അത് കഴിച്ചിട്ട്, ഒന്നും സംഭവിക്കാത്തതുപോലെ തിരികെയെത്തി ഞാൻ കളി/പഠനം തുടരും. റിസ്ക് കൂടുതൽ ആയിരുന്നെങ്കിലും ഇത് കുറച്ചുനാൾ വലിയ തടസ്സമില്ലാതെ മുൻപോട്ട് പോയി. ഒരു നാൾ ഞാൻ മുട്ട പൊട്ടിച്ച് വായിലിടുന്ന സമയത്താണ് ചേട്ടൻ പതുങ്ങി വന്ന് എന്നെ കയ്യോടെ പിടിച്ചത്. അന്ന് വലിയ ബഹളവും പുക്കാറുമായി. എനിക്ക് മാത്രമായി അമ്മ നൽകുന്ന കോഴിമുട്ട ആഭ്യന്തര പ്രശ്‌നമായി. അമ്മ എല്ലാവര്‍ക്കും ഓരോ മുട്ട പുഴുങ്ങിക്കൊടുത്ത് രംഗം ശാന്തമാക്കി. (ഭാഗ്യത്തിന് വേറെ ഏതോ കോഴിയും മുട്ടയിടാൻ തുടങ്ങിയിരുന്നു). പിറ്റേ ദിവസം മുതൽ ചേച്ചിമാരും ചേട്ടനും എനിക്ക് രഹസ്യമായി എന്തെങ്കിലും കിട്ടുന്നുണ്ടോ എന്നറിയാൻ പട്രോളിംഗ് തുടങ്ങി. അതോടെ അമ്മ പിന്മാറി എന്നാണു കരുതിയതെങ്കിൽ നിങ്ങള്‍ക്ക് തെറ്റി. അമ്മ മുട്ട പുഴുങ്ങി ഒരു പ്രത്യേക പാത്രത്തിനടിയിൽ വയ്ക്കുമായിരുന്നു. എന്നിട്ട് എനിക്ക് സിഗ്നൽ തരും. ഞാൻ ആരും ഇല്ലായെന്ന് ഉറപ്പാക്കിയതിനുശേഷം അതുപോയി എടുത്ത് കഴിക്കുമായിരുന്നു. ഇങ്ങനെ കുറച്ചുനാൾ കൂടി പോയി.

അമ്മയുടെ ഈ പ്രത്യേക സ്നേഹത്തിനു ഒരു കാരണം കൂടിയുണ്ട്. എനിക്ക് മൂന്നുവയസ്സുള്ള സമയം. വീട് പണി നടക്കുകയാണ്. ഞങ്ങൾ എല്ലാവരും അന്ന് തറവാട്ടിലാണ്.അമ്മ, വീട് പണി നടക്കുന്നിടത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുകയാണ്. അതിനിടയിൽ അടുത്ത വീട്ടിൽ നാളികേരം വാങ്ങാനായി പോയി. അമ്മയുടെ വാലിൽ നിന്ന് മാറാതെ നടക്കുന്ന ഞാൻ എപ്പോഴോ അന്ന്വേഷിച്ചപ്പോൾ അമ്മയെ കണ്ടില്ല. അമ്മ നാളികേരവുമായി വരുന്നതുകണ്ടപ്പോൾ എനിക്ക് ദേഷ്യമായി. അടുത്ത വീട്ടിലേക്ക് എന്നെയും കൊണ്ടുപോയില്ല എന്ന കാരണത്താൽ ഞാൻ ബഹളം കൂട്ടാൻ തുടങ്ങി. അമ്മ അതൊന്നും ശ്രദ്ധിക്കാതെ നാളികേരം പൊതിക്കാനായി വെട്ടുകത്തി കയ്യിലെടുത്തു. ഞാൻ അമ്മ ഇനിയും ശ്രദ്ധിക്കാത്തതിനാൽ അമ്മയുടെ ശ്രദ്ധ ആകർഷിക്കുന്ന തിരക്കിലാണ്. ഞാൻ എഴുന്നേറ്റ് അമ്മയുടെ അടുക്കലേക്ക് ചെന്നു.അമ്മ നാളികേരം പൊതിക്കുവാൻ വെട്ടുകത്തി ഉയർത്തി. എത്ര ഉറക്കെ കരഞ്ഞിട്ടും എന്നെ ശ്രദ്ധിക്കാത്ത അമ്മയെ അടയ്ക്കാനായി ഞാൻ കയ്യുയർത്തി. അമ്മ വെട്ടുകത്തി ഉയർത്തി നാളികേരത്തെ ലക്ഷ്യമാക്കി വെട്ടി. ഞാൻ അമ്മയെ ലക്ഷ്യമാക്കി അടിച്ചു. പക്ഷേ.. വെട്ടുകത്തി നാളികേരത്തിൽ എത്തിയില്ല. എൻ്റെ കൈ അമ്മയുടെ ശരീരത്തിലും എത്തിയില്ല. എൻ്റെ കയ്യും വെട്ടുകത്തിയും പരസ്പരം കൂട്ടിമുട്ടി ചോര ചിതറി.

രക്തം സർവ്വത്ര രക്തം.. ഞാൻ വലിയ വായിൽ നിലവിളിക്കുന്നു. അമ്മ എന്ത് ചെയ്യണമെന്നറിയാതെ എന്നെ പകച്ചുനോക്കുന്നു. എന്നെ കോരിയെടുത്തുകൊണ്ട് അടുത്ത വീട്ടിലേക്കോടുന്നു. അവർ കൊടുത്ത തുണിയിൽ കൈ കെട്ടുന്നു. ആ വീട് മുതൽ ചാലക്കുടി പോലീസ് സ്റ്റേഷനടുത്തുള്ള പഴയ KG കൃഷ്ണൻ്റെ (ഇപ്പോളതിന് പേര് സഫൽ എന്നോ മറ്റോ ആണ്)ആശുപത്രിയിലേക്ക് ഓടുന്നു. ഒരു പാടവും കഴിഞ്ഞ് റെയിൽ പാലം മുറിച്ചുകടന്ന്, ഭിക്ഷക്കാരുടെ കോളനിയും കടന്നു ഒത്തിരി ദൂരം നടന്നുകൊണ്ട് വേണം പോകാൻ. അമ്മ എന്നെ എടുത്തുകൊണ്ടു ഓടുകയാണ്. അവസാനം ആശുപത്രിയിലെത്തി. ഡോക്ടർ എൻ്റെ കൈ പരിശോധിച്ച് സ്റ്റിച്ച് ഇടുകയാണ്. ഞാൻ ചെറിയ കുട്ടി ആയിരുന്നതുകൊണ്ട് മരവിപ്പോ, അനസ്തേഷ്യയോ ഒന്നുമില്ല, തുണി തുന്നുന്നതുപോലെ പച്ചക്ക് പിടിച്ചങ്ങു തുന്നിക്കെട്ടി. ഭാഗ്യത്തിന് എല്ലിനൊന്നും പറ്റിയില്ല. എൻ്റെ ആരോഗ്യം മുഴുവനുമെടുത്ത് ഞാൻ ഉറക്കെകരഞ്ഞു.

കഴുത്തിലൂടെ ഒരു സ്‌ളിംഗുമിട്ട് കുറെ നാൾ ആശുപത്രി കയറിയിറങ്ങിയതും ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ അമ്മ മുന്പിലുള്ള ചായക്കടയിൽ നിന്നും ചായയും സുഖിയനും വാങ്ങിത്തരുന്നതും ഇന്നും ഒരമ്മയിലുണ്ട്. പിന്നെ അമ്മ എനിക്കെങ്ങനെ കോഴിമുട്ട തരാതിരിക്കും?

ക്രിസ്തുമസ് സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉത്സവമെന്നാണ് വാഴ്ത്തുകൾ. എന്നാൽ ഒന്ന് നിശബ്ദമായാൽ ഒരു അടക്കിയ തേങ്ങൽ നമുക്ക് കേൾക്കാനാകും. ആരോ ഒരാൾ കരയുന്നുണ്ട്. ആരാണത്? പിതാവായ ദൈവം. തൻ്റെ ഏകമകനെ അവൻ ഭൂമിയിലേക്ക് അയക്കുകയാണ്. ജീവിക്കാനല്ല, മരിക്കാൻ. എല്ലാവരും ഭൂമിയിൽ ജീവിക്കാനായി ജനിക്കുമ്പോൾ ഒരാളിതാ ബലിയാകാനായി ജനിക്കുന്നു. തൻ്റെ ഏക സുതൻ കടന്നുപോകേണ്ട കനൽവഴികൾ പിതാവിന് ആരേക്കാളും കൃത്യമായി അറിയാം. ക്രിസ്തുമസ് നമുക്ക് സന്തോഷത്തിൻ്റെ ആഘോഷമാണെങ്കിൽ പിതാവിനത് ഹൃദയഭേദകമായ വിട്ടുകൊടുക്കലിൻ്റെ, ബലി നൽകലിൻ്റെ, ഏകമകനു വിലയിടുന്നതിൻ്റെ സമയമാണ്.

എന്തിനാണ് ദൈവം ഇതിനു തയ്യാറായത്? അവൻ അത്രമാത്രം മനുഷ്യമക്കളെ സ്നേഹിച്ചതുകൊണ്ടു. മനുഷ്യരോടുള്ള സ്നേഹം മൂലം അവൻ സ്വന്തം പുത്രനെ ബലികൊടുക്കുകയാണ്. മനുഷ്യബുദ്ധിക്ക് അതൊന്നും പിടികിട്ടാൻ സാധ്യതയില്ല. സ്നേഹത്തിനുമുന്പിൽ തോറ്റുപോകുന്ന അമ്മമാർ ആ ദൈവത്തെയാണ് അനുകരിക്കുക. പിതാവായ ദൈവം നമ്മെ വീണ്ടെടുക്കുവാൻ സ്വന്തം പുത്രനെ ബലി നൽകുകയാണ്. സ്നേഹവും കരുണയും ഒരിക്കലും നീതിയുടെ പാത്രങ്ങളില്ല അളക്കപ്പെടുക. കാരണം സ്നേഹവും കരുണയും നീതിയുടെ അളവുകളിൽ ഒതുക്കാനാകില്ല. മനുഷ്യനോട് ദൈവം കാണിച്ച അധിക സ്നേഹമാണ്, വരവിൽ കവിഞ്ഞ കരുണയുടെ പേരാണ് ഈശോ. കണക്കിൽ പെടാത്ത ചില കരുണകൊണ്ടു മാത്രമേ, കണക്കിൽ കാണിക്കാനാകാത്ത സ്നേഹം കൊണ്ടുമാത്രമേ മനുഷ്യകുലത്തെ വീണ്ടെടുക്കാനാകൂ എന്ന് പിതാവിനറിയാമായിരുന്നു.

ക്രിസ്തുമസ് നമ്മോട് ആവശ്യപ്പെടുന്നത് ഇത് തന്നെയാണ്. അളവുകോലുകളും, തൂക്കുത്രാസുകളും നമുക്ക് ഉപേക്ഷിക്കാം. ഇത് കരുണയും സ്നേഹവും കരുതലും വാരിക്കോരി നൽകാനുള്ള സമയമാണ്. സ്നേഹവും കരുണയും ഒരിക്കലും അളന്നു നൽകരുത്. അളവുകൾക്കു മുകളിൽ, വിരിച്ച കൈകളിൽ, മൂന്നാണികളിൽ തൂങ്ങിയാടുന്ന ക്രിസ്തുവാണ് നമുക്ക് മാതൃക.

🖋️ Fr Sijo Kannampuzha OM


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment