❤️🎈ക്രിസ്തുമസ് ബലൂൺ🎈💕2020🎊🎉15 💞
ആശ്രമത്തിനു ചുറ്റിലുമായി അല്പം സ്ഥലമുണ്ട്. അവിടെ ഞങ്ങൾ അച്ചന്മാരും ബ്രദേഴ്‌സും കൂടി പലവിധ കൃഷികളും പരീക്ഷിക്കാറുണ്ട്. ഇന്ത്യൻ കർഷകൻ്റെതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത അവസ്ഥയാണ് ഇവിടത്തെയും. വിളവെടുപ്പ് കഴിയുമ്പോൾ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകാത്ത ഈ പരിപാടി നിര്‍ത്തിയാലോ എന്ന് തോന്നും. പക്ഷെ മണ്ണ് തരിശിടുന്നതിനോട് യോജിപ്പില്ലാത്തതിനാൽ പിന്നെയും എന്തെങ്കിലുമൊക്കെ കൃഷി ചെയ്യും. വാഴയും ഇഞ്ചിയും മഞ്ഞളും കൂർക്കയും കപ്പയും പച്ചക്കറികളുമെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും സ്തുത്യർഹമായ വിജയമൊന്നും ഇതുവരെ അവകാശപ്പെടാനായിട്ടില്ല.
ആശ്രമത്തിനടുത്ത് തന്നെ താമസിക്കുന്ന കിട്ടേട്ടനാണ് (കൃഷ്ണൻ) കൃഷി വകുപ്പ് മന്ത്രി. പെൻഷൻ പറ്റേണ്ട വകുപ്പല്ലാത്തതുകൊണ്ട് കിട്ടേട്ടൻ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ജോലി സമയം ‘ഉച്ചപ്പണി’ എന്നാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട് എന്ന് മാത്രം. എല്ലാ വർഷവും കിട്ടേട്ടൻ പുതിയ ആശയങ്ങളുമായി വരും.
ആ വർഷം ഏത്തവാഴ വയ്ക്കാം എന്ന ആശയുവുമായാണ് കിട്ടേട്ടൻ വന്നത്. പ്രതീക്ഷയൊന്നും ഇല്ലെങ്കിലും പതിവുപോലെ സമ്മതിച്ചു. വൈകാതെ വാഴക്കന്നുകൾ എത്തിച്ചു, ക്‌ളീൻ ചെയ്ത് ഒരുക്കി. നടാനായി തുടങ്ങി. അല്പം ജൈവകൃഷിയുടെ അസ്‌കിത എനിക്കുള്ളതുകൊണ്ട് കാര്യമായ അലോപ്പതി മരുന്നുകളൊന്നും പ്രയോഗിക്കാൻ ഞാൻ സമ്മതിച്ചില്ല. പ്രതീക്ഷകൾ കുറവായിരുന്നെങ്കിലും വാഴത്തൈകൾ പൊങ്ങി വരാൻ തുടങ്ങുന്നതിനോടൊപ്പം എൻ്റെ പ്രതീക്ഷകളും ഉയരാൻ തുടങ്ങി. സമയത്തിന് വെളളവും വളവും നൽകി. വാഴകൾ കരുത്തരായി മുന്നേറുകയാണ്. അപ്പോഴാണ് ‘അല്പം യൂറിയ കൂടി ഇട്ടാലേ വാഴക്ക് ഉഷാർ വരികയുള്ളൂ’ എന്ന നിവേദനവുമായി കിട്ടേട്ടൻ പിന്നെയും വന്നത്. മനസ്സില്ലാമനസ്സോടെ ഒരു പ്രാവശ്യത്തേക്ക് അനുവാദം കൊടുത്തു. അത് കിട്ടാൻ കാത്തു നിന്നതുപോലെ വാഴകളെല്ലാം യൂറിയ ചെന്നതോടെ ഉഷാറായി. കിട്ടേട്ടൻ ഹാപ്പി, വാഴകൾ ഹാപ്പി, ബ്രദേഴ്‌സ് ഹാപ്പി. പിന്നെ ഞാൻ മാത്രമായിട്ട് എന്തിനു ഹാപ്പി അല്ലാതാകണം? ഞാനും ഹാപ്പി. വാഴകൾ തലയുയർത്തി പച്ചപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം. പലയിടങ്ങളിൽ നിന്നായി മുളകളെത്തിച്ച് വൈകാതെ നാട്ട ഇടയനായി തുടങ്ങി.കുലകളും വരാൻ തുടങ്ങിയിരുന്നു.
ഞങ്ങളുടെ പ്രതീക്ഷകൾ വാഴകളെക്കാളും ഉയരത്തിൽ പോവുകയാണ്. വൈകാതെ ഓണമെത്താറായി. – കുലകൾ മുറിച്ചു കൊടുക്കും, മോശമല്ലാത്ത വില ലഭിക്കും. ഇപ്രാവശ്യമെങ്കിലും പുറത്തുപറയാവുന്ന ഒരു ലാഭമുണ്ടാകും – എന്നൊക്കെ മനക്കണക്ക് കൂട്ടാൻ തുടങ്ങി.
എവടെ? എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിക്കൊണ്ടു വിലയിടിയാൻ തുടങ്ങി. ഓരോ ദിവസവും ഉരുൾപൊട്ടൽ പോലെ ഏത്തക്കായയുടെ വില ഇടിയുകയാണ്. ഇനി എന്ത് ചെയ്യും? സാരമില്ല. പുഴുങ്ങിയും പഴുപ്പിച്ചും ആവശ്യം പോലെ തിന്നുകതന്നെ. ബാക്കിയെല്ലാം വരുന്നിടത്തുവച്ചു കാണും. കിട്ടേട്ടനും പ്രതീക്ഷകൾ നഷ്ടപ്പെട്ടുതുടങ്ങി. വലിയ സന്തോഷമൊന്നും കാണുന്നില്ല.
പെട്ടെന്നാണ് ഒരു ദിവസം, വളരെ വലിയ കാറ്റോടുകൂടിയ മഴയാരംഭിച്ചത്. പുഴുങ്ങി തിന്നാൻ വച്ചത്, കറി വയ്ക്കാൻ പോലും കിട്ടില്ലല്ലോ കർത്താവേ എന്നായി ചിന്ത. രാത്രി ആകുമ്പോഴേക്കും മഴയുടെ ഭീകരതയും കാറ്റിൻ്റെ ശക്തിയും വർദ്ധിച്ചു. വലിയ ശബ്ദത്തോടെ കാറ്റ് വീശിയടിക്കുന്നുണ്ട്. എവിടെയൊക്കെയോ മരങ്ങൾ വീണു കറന്റു പോയി.
വാഴ നിൽക്കുന്നിടത്തേക്ക് പോയി നോക്കണമെന്നുണ്ട്. പക്ഷെ, പോയാൽ, എന്താണ് അവിടെ കാണേണ്ടിവരികയെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് നേരം വെളുക്കാനായി കാത്തിരുന്നു. രാത്രിയിൽ കാറ്റിനു പിന്നെയും ശക്തികൂടി. ആശ്രമം മുഴുവനോടെ എടുത്തുകൊണ്ടുപോകുമോ എന്ന് തോന്നുന്ന വിധത്തിൽ കാറ്റ് വീശാൻ തുടങ്ങി. റബ്ബർ മരങ്ങൾ എവിടെയൊക്കെയോ ഒടിഞ്ഞു വീഴുന്നുണ്ട്. കുറെ നേരം ഉറങ്ങാതെ കിടന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റ് കുർബ്ബാനയും കഴിഞ്ഞ് വന്നപ്പോഴേക്കും കിട്ടേട്ടൻ്റെ 7 മിസ്കോളുകൾ ഫോണിലുണ്ട്..
മറിഞ്ഞുപോയ വാഴകളുടെ എണ്ണം പറയാനായി വിളിക്കുന്നതാണ് എന്നെനിക്കുറപ്പുണ്ട്. ഞാൻ തിരിച്ചു വിളിച്ചു.
“അച്ചൻ വാഴ നോക്കാൻ പോയിരുന്നോ?
“ഇല്ല“
“ഞാനും പോയില്ല. അച്ചൻ പോയിട്ട് എന്നെ വിളിച്ചാൽ മതി. എനിക്ക് പോയി കാണാൻ മനസ്സ് വരുന്നില്ല”.
കാപ്പികുടി കഴിഞ്ഞു ചെന്നപ്പോൾ വാഴകളെലാം ഒന്നും സംഭവിക്കാത്തതുപോലെ നിൽപ്പുണ്ട്. വാഴ നിൽക്കുന്നയിടം ഭൂമിയുടെ വേറെ ഏതോഭാഗത്താണ് എന്ന് തോന്നിപ്പിക്കുന്ന വിധമാണ് കാണപ്പെട്ടത്. എനിക്ക് സമാധാനമായി. അപ്പോഴേക്കും കിട്ടേട്ടനും എത്തി. യുദ്ധഭൂമിയിൽ നിന്ന് പരിക്കുകളില്ലാതെ മടങ്ങിയെത്തിയ മകനെ കണ്ടതുപോലെ കിട്ടേട്ടൻ്റെ മുഖം സന്തോഷ ഭരിതമായി.
“അല്ലെങ്കിലും ഒന്നും സംഭവിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു” – കിട്ടേട്ടൻ ‘പുഷിങ്’ തുടങ്ങി.
“അതെന്തേ?”
“അതൊക്കെയുണ്ട്. ഞാനൊരു സൂത്രം ചെയ്തായിരുന്നു”.
“എന്ത് സൂത്രം?”
“അതൊന്നും പറയില്ല. ഏതായാലും ഞാൻ ഇന്ന് ലീവ് ആണ്. പണിയുന്നില്ല” ഇതും പറഞ്ഞ് കിട്ടേട്ടൻ മടങ്ങി.
എന്തെങ്കിലുമാകട്ടെ. വാഴകൾ രക്ഷപ്പെട്ടല്ലോ. രാവിലത്തെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ ഒന്ന് ഇരിട്ടി വരെ പോകണമായിരുന്നു. പോകുന്ന വഴിയിൽ മാടത്തിൽ അമ്പലത്തിനടുത്ത് കയ്യിലൊരു കുപ്പിയുമായി കിട്ടേട്ടൻ നിൽക്കുന്നു. എന്നെ കണ്ടപ്പോൾ കൈ പിറകിൽ കെട്ടി ഒരു കള്ളലക്ഷണത്തോടെ കിട്ടേട്ടൻ അടുത്തേക്ക് വന്നു.
“എന്താണ് കിട്ടേട്ടാ ഇവിടെ പരിപാടി?”
“ഒന്നുമില്ല, വെറുതെ വന്നതാ അച്ചോ”
“ഇങ്ങള് കാര്യം പറയു മനുഷ്യാ. എന്തോ കള്ളത്തരം ഉണ്ടല്ലോ ? കയ്യിലെന്താ?”
“അയ്യോ.. അമ്പലത്തിനു മുൻപിൽ നിന്ന് ഞാൻ എങ്ങനെയാണ് കള്ളം പറയുക? ഇന്നലെ രാത്രി കാറ്റ് വീശിയപ്പോൾ വാഴ മറിയുമെന്ന് എനിക്ക് തോന്നി. അപ്പോൾ തന്നെ ഒരു കിലോ വെളിച്ചെണ്ണ ദേവിക്ക് നേർന്നു. വാഴക്കൊന്നും പറ്റാതിരിക്കുവാൻ”
അച്ചന്മാരും ബ്രദേഴ്‌സും അവരുടെ സ്ഥലത്തു നട്ട വാഴകൾ, കാറ്റിൽ വീഴാതിരിക്കാൻ അമ്പലത്തിലെ ദേവിക്ക് വെളിച്ചെണ്ണ നേരുന്ന മനുഷ്യൻ. പിന്നെ ഏതു കാറ്റാണ് ആക്രമിക്കാൻ ധൈര്യം കാണിക്കുക?
എനിക്ക് മനുഷ്യരിൽ ഇപ്പോഴും വിശ്വാസമാണ്. കിട്ടേട്ടനെപ്പോലുള്ള മാലാഖമാർ മനുഷ്യരുടെ ഇടയിൽ ഇപ്പോളും ഉള്ളതുകൊണ്ട്.
മനുഷ്യനെ ദൈവത്തിനു വിശ്വാസമായിരുന്നു എന്നുവേണം നാം മനസ്സിലാക്കാൻ. അല്ലെങ്കിൽ അവൻ തിരുസുതനെ ഭൂമിയിലേക്ക് അയക്കുകയില്ലായിരുന്നു. ഈശോ നൽകുന്ന രക്ഷ മനുഷ്യൻ സ്വീകരിക്കുമെന്നും, അവൻ തെളിയിച്ച ദീപപ്രകാശത്തിൽ, മനുഷ്യർ വഴിനടക്കുമെന്നും ദൈവം വിശ്വസിച്ചു.
ദൈവം നമ്മെയും വിശ്വസിക്കുന്നു. ഇനിയും എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നു, എനിക്കിനിയും നന്മകൾ ചെയ്യാൻ കഴിയുമെന്ന് അവിടുന്ന് വിശ്വസിക്കുന്നു.. അതുകൊണ്ടാണല്ലോ ഫലങ്ങൾ നൽകാത്ത അത്തിവൃക്ഷം വെട്ടിക്കളയാൻ ആവശ്യപ്പെട്ടിട്ടും ഒരു വര്‍ഷംകൂടി പരിചരിക്കാൻ സമയം യാചിക്കുന്ന കൃഷിക്കാരൻ്റെ ഉപമ യേശു പറഞ്ഞത്.
ഇതുവരെ ഫലങ്ങളൊന്നും ചൂടാൻ നിനക്ക് സാധിച്ചില്ലായിരിക്കും. സാരമില്ല. ഇനിയും ദൈവം നിനക്ക് സമയം തന്നിട്ടുണ്ട്. അവിടുന്ന് നിൻ്റെ ചുവട് കിളച്ച് വളമിടും. നീ കൂടുതൽ വളരും. നിന്നിൽ ഊർജ്ജവും തേജസ്സും ഉണ്ടാകും. നിനക്ക് പിന്നെ പൂക്കാതെയും കായ്ക്കാതെയും ഇരിക്കാനാകില്ല.
ക്രിസ്തുമസ്സ് നമുക്ക് ചുവടു കിളച്ച് വളമിടാനുള്ള സമയമാണ്. എന്നിൽ ഇനിയും വിശ്വസിക്കുന്ന ഒരു പിടി മനുഷ്യർ എൻ്റെ ചുറ്റിലുമുണ്ട്. എൻ്റെ ജീവിത പങ്കാളിയും മക്കളും മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം എന്നിൽ ഇനിയും ഫലം ചൂടുന്നത് കാണാൻ കാത്തിരിക്കുന്നവരാണ്. കഴിഞ്ഞതെല്ലാം മറന്നേക്കൂ. ഇനിയുള്ളത് പൂക്കാനും കായ്ക്കാനും ഉള്ള സമയം.
— ആ വർഷത്തെ കൃഷി നഷ്ടമായിരുന്നില്ല. പതിവുപോലെ ലാഭവുമായിരുന്നില്ല. ശുഭം.
🖋️ Fr Sijo Kannampuzha OM

Leave a comment