മൺമറഞ്ഞ മഹാരഥൻമാർ

Fr Yohnnan Njappallil (1913-1966)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Yohnnan Njappallil (1913-1966)

Fr Yohnnan Njappallil (1913-1966)

സ്വർഗ്ഗീയ ശബ്ദമാധുര്യത്താൽ അനുഗ്രഹീതനായ ഞാപ്പള്ളിൽ അച്ചൻ…

1913 നവംബർ 24ന് ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ ഞാപ്പള്ളിൽ വീട്ടിൽ മാത്യുവിന്റെയും ഏലിയാമ്മയുടെയും ആറ് മക്കളിലൊരുവനായി യൗനാൻ ജനിച്ചു. മാവേലിക്കര ബോയ്സ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അന്നത്തെ രീതിയനുസരിച്ചു മൽപാൻമാരുടെ ശിക്ഷണത്തിൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ സുറിയാനിയും പൗരോഹിത്യ ശുശ്രൂഷാക്രമങ്ങളും അഭ്യസിച്ച് 1944 മെയ്‌ 15നു വൈദീകനായി അഭിഷിക്തനായി. ആദ്യബലി അർപ്പിച്ചത് മാതൃ ഇടവകയായ ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ്.

മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് എന്നും കൂട്ടായി ഉണ്ടായിരുന്ന, അതിനായി മെത്രാനാകാനുള്ള സൗഭാഗ്യം പോലും വേണ്ടെന്ന് വെച്ച ഫിലിപ്പോസ് റമ്പാൻ ചേപ്പാട് പ്രദേശവാസിയായിരുന്നു. ചേപ്പാട് ഫിലിപ്പോസ് റമ്പാച്ചനുമായുളള അടുപ്പത്തിലൂടെ കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവും, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയാണ് സത്യസഭയെന്നും, കേസുകളും വ്യവഹാരങ്ങളുമില്ലാതെ ഉത്ഥിതനായ കർത്താവിനെ പ്രഘോഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അച്ചൻ തിരിച്ചറിഞ്ഞു. അക്കാലത്ത് പറന്തലിലുള്ള മെത്രാൻകക്ഷി വിഭാഗത്തിന്റെ പള്ളിയിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തുവരുകയായിരുന്നു, ഇടവക ട്രസ്റ്റിയായ പാണുവേലിത്തറയിൽ ഇടപ്പുരയിൽ വർഗ്ഗീസ് മത്തായിയും അച്ചനും 1947 മെയ്‌ 24ന് തിരുവനന്തപുരത്ത് പോയി പുനരൈക്യ ശിൽപിയായ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ മുമ്പിൽ സത്യവിശ്വാസം ഏറ്റുപറഞ്ഞു മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക്‌
പുനരൈക്യപ്പെട്ടു. തുടർന്നുവന്ന ഞായറാഴ്ച്ച താൽക്കാലികമായി ഒരു ഓലഷെഡ് ഉണ്ടാക്കി അതിൽ വിശുദ്ധ കുർബാന അർപ്പിച്ചു; അങ്ങനെ പറന്തലിൽ കത്തോലിക്കാ കൂട്ടായ്മക്ക് അച്ചൻ രൂപം നൽകി.

പെരിങ്ങനാട്, തുവയൂർ, പറന്തൽ, കടമ്പനാട്, ഏഴംകുളം, കൊടുമൺ, തുമ്പമൺ, കുടശ്ശനാട്, കുരമ്പാല, നൂറനാട്, തട്ട, പട്ടാഴി, പഴകുളം, അടൂർ, വയലാ, പൊങ്ങലടി , പുതുശ്ശേരിഭാഗം തുടങ്ങി നിരവധി പള്ളികളിൽ അച്ചൻ വിവിധങ്ങളായ ശുശ്രൂഷകളിലേർപ്പെട്ടു. പറന്തൽ, പൊങ്ങലടി എന്നീ പള്ളികൾ സ്ഥാപിക്കാനും വളർത്തുവാനും അനേകം ആളുകളെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനും അച്ചൻ സ്തുത്യർഹമായ നേതൃത്വം നൽകി. പറന്തൽ എം.എസ്.സി.എൽ. പി സ്കൂൾ തുടങ്ങാനും അച്ചനായി. പറന്തൽ അമലഗിരി എസ്റ്റേറ്റ് അന്ത്രപ്പേർ ജോസഫ് മുതലാളിയിൽ നിന്നും തിരുവനന്തപുരം അതിരൂപതക്കായി വാങ്ങിക്കുവാനുള്ള കാരണക്കാരിൽ ഒരാളും അച്ചനായിരുന്നു.

അനുഗ്രഹീത ശബ്ദമാധുര്യത്തിന് ഉടമയായിരുന്ന അച്ചൻ ഹാർമോണിയം വായിച്ച് ഗാനങ്ങൾ ആലപിച്ചിരുന്നു. ശബ്ദ സൗകുമാര്യത്തിന്റെ സവിശേഷതയാൽ തന്നെ അച്ചൻ്റെ വിശുദ്ധ കുർബാനയർപ്പണം അലൗകീകമായ അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹത്തെ ആനയിച്ചിരുന്നു.

തീക്ഷ്ണമതിയായ ഈ മിഷണറി ഭവന സന്ദർശനത്തിലൂടെയും പ്രാർത്ഥനയിലൂടെയും അനേകരെ സഭാമക്കളാക്കി. തന്റെ ഇല്ലായ്മയിലും ബുദ്ധിമുട്ടിലും പോലും അനേകരെ അച്ചൻ കരുതിയിരുന്നു. അദ്ദേഹം ഇടവക വികാരിയായിരുന്ന പള്ളികളിൽ നിന്ന് യുവാക്കളെ ദൈവവിളിയിലേക്ക് ആകർഷിക്കുകയും പൗരോഹിത്യ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.

1966 ഓഗസ്റ്റ് 17ന് തന്റെ അമ്പത്തിരണ്ടാം വയസ്സിൽ യൗനാൻ ഞാപ്പള്ളിൽ അച്ചൻ നിര്യാതനായി. അച്ചൻ തന്നെ ആരംഭിച്ച പറന്തൽ സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഭൗതീക ശരീരം
കബറടക്കിയിരിക്കുന്നു.

അച്ചന്റെ സഹധർമ്മിണിയായ ബുധനൂർ മാടപ്പള്ളിൽ കുടുംബാംഗമായ തങ്കമ്മ എല്ലാ കാര്യങ്ങൾക്കും താങ്ങായി കൂടെയുണ്ടായിരുന്നു. ഗീവർഗീസ് യൗനാൻ (രാജു), എലിസബത്ത് തോമസ് (അമ്മുക്കുട്ടി), തോമസ് യൗനാൻ (വലിയ കുഞ്ഞ്), മാത്യു യൗനാൻ (കൊച്ചു കുഞ്ഞ്) എന്നിങ്ങനെ നാല് മക്കളെ ദൈവം അച്ചന് നൽകി. യൗനാൻ അച്ചന്റെ അനുഗ്രഹീത പാത പിൻപറ്റി തങ്ങളുടെ പിതാവിലൂടെ സ്വർഗ്ഗം അനേകരുടെ ജീവിതത്തിൽ ചൊരിഞ്ഞ നിരവധിയായ നന്മകൾക്ക് സാക്ഷിയായി അച്ചന്റെ തലമുറകൾ ജീവിക്കുന്നു.

കടപ്പാട് : എലിസബത്ത് തോമസ് (മകൾ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Fr Sebastian John Kizhakkethil

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s