🎄🎄🎄 December 16 🎄🎄🎄
വിശുദ്ധ അഡെലൈഡ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത് അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ നിന്നും നിഷ്കാസിതയാക്കി. എന്നിരുന്നാലും അവള്‍ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവര്‍ത്തികളും മൂലം അവള്‍ പ്രശസ്തയായിരുന്നു. കാലക്രമേണ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി ഭരണനിര്‍വഹണത്തില്‍ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദര്‍ശിയായി അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തില്‍ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ല്‍ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു.
വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവള്‍ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. അവള്‍ എല്ലായ്പ്പോഴും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തില്‍ കാര്യദര്‍ശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടരത്തേക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു.
ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄
- വിയെന്‍ ബിഷപ്പായിരുന്ന അഡോ
- സേസരായിലെ അല്‍ബീനാ
- അനാനിയാസ്, അസാരിയാസു, മിസായേല്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
ഉണർന്നെഴുന്നേൽക്കുമ്പോൾ…
ഞാനെത്ര വളർന്നാലും ‘കുഞ്ഞേ’ എന്നല്ലാതെ മറ്റൊന്നും എന്നെ വിളിക്കാത്ത എന്റെ ഈശോയെ, അപ്പനെപ്പോലെ, അമ്മയെപ്പോലെ നീയെന്നെ സ്‌നേഹിക്കുമ്പോൾ എന്നും നിന്റെ കുഞ്ഞായിത്തന്നെ ഇരിക്കാനാണ് എനിക്കും ഇഷ്ടം… അപ്പച്ചാ എന്ന് വിളിച്ചുകൊണ്ടു ഞാനും ഇതാ എന്റെ ഈശോയുടെ പിന്നാലെ വരികയാണ്… പണ്ട് മുതലേ നിന്റെ കണ്ണുകൾ ഓരോ നിമിഷവും എനിക്ക് കൂട്ടായി ഉണ്ടായിരുന്നെന്ന് എനിക്കറിയാം… കടലിൽ കുളിക്കുന്ന കുഞ്ഞിനെ തീരത്തിരുന്നു കൊണ്ടു ഇമവെട്ടാതെ കണ്ണുകൾക്കുള്ളിൽ തന്നെ സൂക്ഷിക്കുന്ന ഒരു അപ്പന്റെ സാന്നിധ്യം എന്റെ ഓരോ ദിവസത്തിലും ഞാൻ അനുഭവിച്ചിട്ടുണ്ട്… ഞാനൊന്ന് കരയാൻ തുടങ്ങും മുൻപേ എന്റെ വേദന മാറ്റുന്ന സ്നേഹചുംബനവുമായി എവിടുന്നാണ് അങ്ങ് വരുന്നതെന്ന് എനിക്കിനിയും പിടി കിട്ടിയിട്ടില്ല… അങ്ങയുടെ കുഞ്ഞായി വളരുന്നതു കൊണ്ടു എനിക്കെന്തോരം ധൈര്യമാണെന്നോ ഇന്ന്… ആരൊക്കെ എന്തൊക്കെ എന്നെക്കുറിച്ചു പറഞ്ഞുകൊണ്ട് നടന്നാലും “ദൈവത്തിന്റെ കുഞ്ഞല്ലേ നീ” എന്ന നിന്റെ സ്വരം മാത്രമാണ് എന്റെ കാതുകളിൽ അപ്പോഴും മുഴങ്ങുക… പണ്ട്, മാലാഖമാര് കൈകളിൽ താങ്ങിക്കോളും എന്ന് പറഞ്ഞു അങ്ങയെ വെല്ലുവിളിച്ച സാത്താൻ അതേ അടവുമായി എന്റടുത്തും പലതവണ വന്നിട്ടുണ്ട്… പക്ഷെ, ഈശോയെ, ഇടക്കൊക്കെ ഞാൻ അവനു മുൻപിൽ തോറ്റു പോയിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ, വീണു മുറിവേൽക്കും മുൻപേ എന്നെ കൈകളിൽ താങ്ങി, എന്നെയും തോളിലിട്ടുകൊണ്ടു ഒരു വിജയിയെപ്പോലെ നീ അവന്റെ മുന്നിൽക്കൂടി നടന്നിട്ടില്ലേ… അതിനാൽ, “ഞാനെത്ര കഠിനപാപം ചെയ്താലും ഞാനെന്റെ ഈശോയുടെ കഴുത്തിലിങ്ങനെ കെട്ടിപ്പിടിച്ചങ്ങിരിക്കും” എന്ന് കൊച്ചുത്രേസ്യാ പുണ്യവതി പറയും പോലെ ഞാനും എന്റെ ജീവിതത്തിൽ എത്ര വളർന്നു വലുതായാലും ഈശോയുടെ മാറിലങ്ങനെ പറ്റിപ്പിടിച്ചിരിക്കാൻ ശ്രമിക്കും… തിക്കിലും തിരക്കിലും പെട്ട് ഞാൻ നിന്റെ പിടിവിട്ടു പോയാലും നീയെന്നെ തിരക്കി കണ്ടുപിടിക്കും എന്ന ഉറച്ച വിശ്വാസ്സം ഉള്ളതുകൊണ്ട് ഞാൻ ഒരിക്കലും കരയില്ല ഈശോയെ… അത്രക്കും സ്നേഹമാണ് നിനക്കെന്നോട് എന്നെനിക്കറിയാം… നിഷ്കളങ്കതയുടെ ഗന്ധമുള്ള, പരിശുദ്ധിയുടെ നിറമുള്ള കുഞ്ഞുങ്ങളുടെ സ്നേഹം നിനക്കും തിരിച്ചു തരുവാൻ എന്നെയും സഹായിക്കേണമേ… തന്റെ കയ്യിൽ നിന്നും കുരിശ് നിലത്തു വീണപ്പോൾ ഈശോയുടെ കൈക്കും കാലിനും പൊട്ടലുണ്ടായി എന്നു പറഞ്ഞു ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ വിഷമിച്ചിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ഈശോയെ, അങ്ങയെ ഉള്ളു നിറയെ സ്നേഹിക്കാൻ എന്നെയും അനുഗ്രഹിക്കേണമേ… ആമേൻ


Leave a comment