🎄🎄🎄 December 17 🎄🎄🎄
വിശുദ്ധ ഒളിമ്പിയാസ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവള്‍ നിരസിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ മേല്‍നോട്ടത്തിലാക്കപ്പെട്ടുവെങ്കിലും അവള്‍ക്ക് 30 വയസ്സായപ്പോള്‍ ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ഈ ഭൂമി മുഴുവന്‍ അവള്‍ക്ക് തിരികെ നല്‍കി.
അധികം താമസിയാതെ അവള്‍ പുരോഹിതാര്‍ത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു കൊണ്ട് വിശുദ്ധ ഒരു സന്യാസിനീ സഭക്ക് തുടക്കം കുറിച്ചു. ദാനധര്‍മ്മങ്ങളില്‍ വളരെ തല്‍പ്പരയായിരുന്നു വിശുദ്ധ, തന്റെ പക്കല്‍ സഹായത്തിനായി വരുന്നവരെ വിശുദ്ധ നിരാശരാക്കാറില്ലായിരുന്നു. അര്‍ഹിക്കാത്തവര്‍ പോലും വിശുദ്ധയില്‍ നിന്നും സഹായങ്ങള്‍ ആവശ്യപ്പെടുക പതിവായി. അതിനാല്‍ 398-ല്‍ വിശുദ്ധയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്ന വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിതനായപ്പോള്‍, അദ്ദേഹം വിശുദ്ധയെ അര്‍ഹതയില്ലാത്തവര്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കുവാന്‍ ഗുണദോഷിക്കുകയും വിശുദ്ധയുടെ ആത്മീയഗുരുവായി മാറുകയും ചെയ്തു. വിശുദ്ധ ഒരു അനാഥാലയവും ഒരു ആശുപത്രിയും പണി കഴിപ്പിച്ചു. കൂടാതെ, നിട്ര്യായില്‍ പുറത്താക്കപ്പെട്ട സന്യാസിമാര്‍ക്കായി ഒരു അഭയകേന്ദ്രവും പണിതു.
404-ല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം പാത്രിയാര്‍ക്കീസ് പദവിയില്‍ നിന്നും പുറത്താക്കപ്പെടുകയും ആ സ്ഥാനത്തിന് ഒട്ടും യോഗ്യനല്ലാത്ത അര്‍സാസിയൂസ് പാത്രിയാര്‍ക്കീസായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിന്‍റെ ഏറ്റവും നല്ല ശിക്ഷ്യയായിരുന്ന വിശുദ്ധ ഒളിമ്പ്യാസ് അര്‍സാസിയൂസിനെ അംഗീകരിച്ചില്ല. കൂടാതെ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതില്‍ രോഷംപൂണ്ട മുഖ്യനായ ഒപ്റ്റാറ്റസ് വിശുദ്ധക്ക് പിഴ വിധിച്ചു. അര്‍സാസിയൂസിന്റെ പിന്‍ഗാമിയായിരുന്ന അറ്റിക്കൂസ് അവരുടെ സന്യാസിനീ സഭ പിരിച്ചുവിടുകയും, വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
നാടുകടത്തപ്പെട്ട വിശുദ്ധ ഒളിമ്പ്യാസിന്റെ അവസാന വര്‍ഷങ്ങള്‍ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. എന്നാല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം താന്‍ ഒളിവില്‍ പാര്‍ക്കുന്ന സ്ഥലത്ത് നിന്നും വിശുദ്ധക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, ആശ്വാസ വാക്കുകളും കത്തുകള്‍ മുഖാന്തിരം വിശുദ്ധക്ക് നല്‍കിപോന്നു. ജോണ്‍ ക്രിസ്റ്റോസം മരിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് ജൂലൈ 24ന് താന്‍ നാടുകടത്തപ്പെട്ട നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധയും മരണമടഞ്ഞു.
ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄
- ലാന്‍റെനിലെ റബഗ്ഗാ
- എയ്ജില്‍
- പലസ്തീനായിലെ ഫ്ലോറിയന്‍, കലാനിക്കൂസു
- ബ്രിട്ടനിലെ രാജാവായ ജൂഡിച്ചേല്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
ഉണർന്നെഴുന്നേൽക്കുമ്പോൾ…
എന്റെ ഈശോയെ ലോകം മുഴുവൻ അങ്ങയുടെ തിരുപിറവി ആഘോഷത്തിന് വേണ്ടി ഒരുങ്ങുവാണല്ലോ… അങ്ങയുടെ ജനനതിരുനാൾ വളരെ മനോഹരമായി ഈ ലോകം കൊണ്ടാടുമ്പോൾ ആഘോഷങ്ങളിൽ മാത്രം അങ്ങയെ ഒതുക്കി നിർത്തുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു… ദിനംപ്രതി ക്രിസ്തുമസ്സിനു വേണ്ടി ഓരോ ഹൃദയവാതിലുകൾ മുട്ടി വിളിക്കുന്ന യേശുനാഥാ… അങ്ങ് ആഗ്രഹിക്കുന്നത് എന്താണെന്നു ഓരോ മക്കൾക്കും അങ്ങുതന്നെ മനസിലാക്കി കൊടുക്കണമെ നാഥാ… അടിയങ്ങൾക്ക് ഒന്നും അറിയില്ല യേശുവേ… മനസ്സ് നിറയെ വേദനയാൽ നീറുന്ന ഓരോ മക്കളെയും അങ്ങയുടെ തിരുമുൻപിൽ തരുന്നു… അങ്ങ് ഏറ്റെടുക്ക് അപ്പാ ഓരോ മക്കളെയും… ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന ഓരോ മാനസിക രോഗികളെയും, ആരാലും ശ്രദ്ധിക്കപ്പെടാത്ത അനാഥ ബാല്യങ്ങളെയും, വാർധക്യത്തിന്റെ തടവിൽ ഓരോ വൃദ്ധസദനങ്ങളിൽ കഴിയുന്നവരെയും, കിടപ്പാടം പോലും ഇല്ലാതെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരെയും കാണാതെ എത്രയോ ക്രിസ്തുമസ് ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയി… എല്ലാ ആഘോഷങ്ങൾക്കൊടുവിലും ഒരു ഒറ്റപെടലിന്റെ വേദന ഞങ്ങൾ അനുഭവിക്കുന്നു… എന്താണെന്നു അറിയില്ല ഈശോയെ… ചിലപ്പോഴോക്കെ തോന്നിപോകാറുണ്ട് ഞങ്ങളുടെ തന്നെ സഹോദരങ്ങൾ ആണ്, വേണ്ടപ്പെട്ടവരാണ് തെരുവോരങ്ങളിലും, വൃദ്ധസദനങ്ങളിലും, അനാഥ ആലയങ്ങളിലും ഉള്ളതെന്ന്… എന്നിട്ടും എന്തുകൊണ്ടാണ് യേശുവേ ഓരോ ആഘോഷത്തിലും അവരോടൊപ്പം ആയിരിക്കുവാൻ ഞങ്ങൾക്ക് സാധിക്കാതെ പോകുന്നത്… ജീവിതത്തിൽ ഞങ്ങളുടെ ആഘോഷങ്ങളുടെ വലിയ പട്ടികയിൽ ഒരു ദിവസമെങ്കിലും അവരോടൊപ്പം ആഘോഷിക്കുവാൻ, ഞങ്ങളുടെ ആഘോഷങ്ങളിൽ അവരെക്കൂടി പങ്കുചേർക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ… ഈ ഒരു തിരിച്ചറിവ് ലോകം മുഴുവനും ഉണ്ടായിരുന്നുവെങ്കിൽ ഇതുപോലെ വേദനിക്കുന്ന ജന്മങ്ങൾ ഈ ലോകത്ത് ഉണ്ടാകാതെ പോകുമായിരുന്നല്ലോ നാഥാ… അപ്പാ, ഈ ക്രിസ്തുമസ്സ് ഓരോ മക്കൾക്കും തിരിച്ചറിവിന്റെ ആഘോഷമാക്കി മാറ്റണമേ… ഈ ലോകം ക്രിസ്തുനാഥന്റെ സ്നേഹത്തിൽ നിറയുവാൻ കനിയണമേ… നന്മയിലും, ഐക്യത്തിലും, എളിമയിലും ജീവിക്കാൻ ഓരോ മക്കളെയും അങ്ങ് പ്രാപ്തരാക്കണമെ… ഒരു സ്വര്ഗീയ അനുഭവം ലഭിക്കുവാൻ തക്കവിധം ഞങ്ങളെ അങ്ങ് ഒരുക്കണമേ ഈശോയെ… ആമേൻ


Leave a comment