പുലർവെട്ടം 419

{പുലർവെട്ടം 419}


അരുൺ ഷൂറി മകനെ തിരിച്ചറിയുന്നത് തങ്ങൾക്കിടയിലെ രമണമഹർഷിയായിട്ടാണ്. വേദനയെ ഇത്രയും നിർമ്മമതയോടെ എടുക്കുന്ന അവനു വേണ്ടി കൂടിയാണ് Two Saints: Speculations Around and About Ramakrishna Paramahamsa and Ramana Maharishi എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത്. എഴുപത്താറുകാരനായ ഒരാളുടെ മധ്യവയസ്സിലെത്തിയ മകനാണത്. ബുദ്ധിയുടെ ചില പ്രശ്നങ്ങളുണ്ട് അയാൾക്ക്. പുസ്തകപ്രകാശനത്തിന് എത്തിയ ദലൈലാമയുടെ ശിരസ്സിൽ കൈവച്ച് ആദിത്യ ആശീർവദിക്കുന്ന ഒരു കൗതുകനിമിഷമുണ്ട്. ഏറ്റവും ബഹുമാനത്തോടുകൂടിയാണ് ലാമ അത് സ്വീകരിച്ചത്. “Today I felt truely blessed” എന്ന ദലൈലാമയുടെ ആത്മഗതത്തിൽനിന്ന് ചിരന്തനമായ മമതയുടെ വെളിച്ചം പ്രസരിക്കുന്നുണ്ട്.

വയലിനു താഴെ നിധിയുണ്ട് എന്നൊരു യേശുമൊഴിയുണ്ട്. നിമ്നോന്നതങ്ങളില്ലാതെ ഒറ്റ നോട്ടത്തിൽ ഒരത്ഭുതവും ഒളിച്ചുവച്ചിട്ടില്ലെന്ന് ഉറപ്പുള്ള നമ്മുടെ സാധാരണ ജീവിതത്തെയാണ് അതുപ്രതിനിധാനം ചെയ്യുന്നത്.

ഒന്നുകൂടി ഉറ്റവരിലേക്ക് ഉറ്റുനോക്കേണ്ട വൈകിയ മുഹൂർത്തമാണെന്നു തോന്നുന്നു. നിങ്ങൾക്കിടയിലെ ദൈവരാജ്യം എന്ന ആചാര്യന്റെ സൂചനയെ ഇതിനോട് ചേർത്ത് വായിക്കുക. കുട്ടികളുടെ പ്ലഷർ ഹണ്ടിംഗ് പോലെയാണത്. എവിടെയോ അത് ഒളിപ്പിച്ചുവച്ചു എന്ന് തോന്നുന്ന നിമിഷം മുതൽ ഓരോ മുക്കും മൂലയും പ്രധാനപ്പെട്ടതായി മാറുന്നു. അച്ഛന്റെ വിയോഗവാർത്തയറിഞ്ഞ് നാട്ടിലെത്തിയ സുഹൃത്ത് തനിക്കനുവദിച്ച കാലം വരെ എല്ലാ ദിവസവും സെമിത്തേരിയിൽ പോകുന്നുണ്ടായിരുന്നു. ഒരു മാത്ര പോലും അവൾക്ക് പ്രാർത്ഥിക്കാൻ കഴിഞ്ഞിട്ടില്ല. അവിടെയാണ്, പൊടിഞ്ഞുതുടങ്ങിയെങ്കിലും, അച്ഛന്റെ ഭൗതികമായ ശേഷിപ്പുകൾ. ആദരവ് അതിനോട് മാത്രമല്ല ആ ഇടത്തോടും കവിഞ്ഞൊഴുകും, വൈകാതെ.

ഒരു കുടുംബപ്രാർത്ഥനയുടെ ഇടയിൽ നിന്ന് കേട്ട സൂചനയിതാണ്- കൈ കോർത്ത് കണ്ണുപൂട്ടിയിരിക്കാൻ ക്ഷണിച്ചതിനു ശേഷമിയിരുന്നു അത്. ഒരേയൊരു കാര്യം ബോധത്തിലേക്ക് കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഇപ്പോൾ നമ്മുടെ ഉള്ളംകൈയിലിരിക്കുന്ന ആ കരത്തിന്റെ അഭാവത്തിൽ ഓരോ ജീവിതവും എത്ര ദരിദ്രമായിപ്പോയേനേ. കൃതജ്ഞത കൊണ്ട് മിഴികൾ നിറഞ്ഞൊഴുകുകയാണ്. അതിൽ കാഴ്ചയെ മറയ്ക്കുന്ന എല്ലാ പൊടിപടലങ്ങളും കഴുകി ശുദ്ധരാകാനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്.

ഏതൊരു ആചാര്യനെക്കാളും സംയമനവും സാത്വികതയും നൈർമ്മല്യവുമുള്ള ചില മനുഷ്യർ നമ്മുടെ ഉറ്റവരാണെന്നുള്ള ഒറ്റക്കാരണം കൊണ്ട് തലകുനിച്ച് തെക്കോട്ട് പോയി.

ആവശ്യത്തിലേറെ അതിഥികളുണ്ടായിരുന്നു വീട്ടിൽ കുട്ടിക്കാലത്ത്. അതിലൊരാളോട് അസാധാരണമായ ആദരവ് പുലർത്തിയിരുന്നു: നമസ്കരിക്കും. പുണ്യവാനാണ്- സെന്റ് മർക്കോസ്. ചെറിയ കുട്ടികളെ തനിച്ചാക്കി ജ്യേഷ്ഠൻ മരിച്ചപ്പോൾ അവർക്കുവേണ്ടി കഠിനാധ്വാനം ചെയ്ത് തന്റേതായ കുടുംബം എന്ന സങ്കല്പത്തിലേക്ക് ഒന്നു പാളി നോക്കുക പോലും ചെയ്യാതെ തൃപ്തനായി ജീവിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം; അമ്മൂമ്മയുടെ ഏറ്റവും ഇളയ അനുജൻ. ലോറിയിലെ സഹായിയായി ജോലി ചെയ്തിരുന്ന അയാളെ മുഷിഞ്ഞ വേഷത്തിൽ ഒരിക്കലും കണ്ടിട്ടില്ല. വെള്ളയും വെള്ളയും ധരിച്ച് ആ കൊച്ചി സ്ലാങിൽ ‘എന്നാടാ’ എന്ന് ചോദിച്ച് ഞങ്ങളുടെ ഓർമ്മകളിലേക്ക് വിശുദ്ധ മർക്കോസ് ഇപ്പോഴും കയറിവരുന്നുണ്ട്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisements

One thought on “പുലർവെട്ടം 419

Leave a comment