🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ
4th Sunday of Advent
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. ഏശ 45:8
ആകാശങ്ങളേ, ഉന്നതത്തില്‍ നിന്ന് പൊഴിക്കുക;
മേഘങ്ങളേ, നീതിമാനെ വര്‍ഷിക്കുക;
ഭൂതലം വിടരട്ടെ; രക്ഷകനെ അങ്കുരിപ്പിക്കട്ടെ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ മാനസങ്ങളില്‍
അങ്ങേ കൃപ ചൊരിയണമേ.
മാലാഖയുടെ സന്ദേശത്താല്‍,
അങ്ങേ പുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം
അറിഞ്ഞിരിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അവിടത്തെ പീഡാസഹനവും കുരിശുംവഴി
ഉയിര്‍പ്പിന്റെ മഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 സാമു 7:1-5,8-12,14,16
ദാവീദിന്റെ കുടുംബവും രാജത്വവും കര്‍ത്താവിന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും.
ദാവീദ് രാജാവ് കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍ നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു. അപ്പോള്‍ അവന്‍ നാഥാന്‍ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരു കൊണ്ടുള്ള കൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു. നാഥാന്‍ പ്രതിവചിച്ചു: യുക്തംപോലെ ചെയ്തുകൊള്ളുക, കര്‍ത്താവ് നിന്നോടുകൂടെയുണ്ട്. എന്നാല്‍, ആ രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?
അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തു നിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു. നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു; ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം കല്‍പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ദുഷ്ടന്മാര്‍ അവരെ ഇനി പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍ നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു. ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും.ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ മാനുഷികമായ ദണ്ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:1-2,3-4,26,28
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
കര്‍ത്താവേ, ഞാന്‍ എന്നും
അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
രണ്ടാം വായന
റോമാ 16:25-27
യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു ഇപ്പോള്‍ വെളിപ്പെടുത്തി.
എന്റെ സുവിശേഷമനുസരിച്ചും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റ വെളിപാടനുസരിച്ചും നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം. യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ചു വിശ്വാസത്തിന്റെ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്. സര്‍വജ്ഞനായ ആ ഏകദൈവത്തിന് യേശുക്രിസ്തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, പരിശുദ്ധമറിയത്തിന്റെ ഉദരം,
തന്റെ ശക്തിയാല്‍ പരിപൂരിതമാക്കിയ പരിശുദ്ധാത്മാവ്
അങ്ങേ ബലിപീഠത്തില്‍ സമര്‍പ്പിക്കപ്പെട്ട
കാഴ്ചദ്രവ്യങ്ങള്‍ പവിത്രീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ഏശ 7:14
ഇതാ, കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും;
അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
നിത്യരക്ഷയുടെ അച്ചാരം സ്വീകരിച്ച ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു;
രക്ഷാകര തിരുനാളിന്റെ മഹാദിനം ആസന്നമാകുന്തോറും
അങ്ങേ പുത്രന്റെ ജനനത്തിന്റെ രഹസ്യം
യോഗ്യതയോടെ ആഘോഷിക്കാനുള്ള ഭക്തിതീക്ഷ്ണതയില്‍
ഞങ്ങള്‍ മുന്നേറാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment