🎄🎄🎄 December 24 🎄🎄🎄
വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു.
അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു ആശ്രമത്തിലെന്നപോലെ ജീവിച്ചു. ഒരാള്‍ മറ്റൊരാളെ നന്മയിലും കാരുണ്യത്തിലും വളരുവാന്‍ പ്രേരിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധമുള്ള ജീവിതം വഴി ആത്മീയ ജീവിതം നയിക്കുകയും ചെയ്തു. ഗോര്‍ഡിയാന അവരോടൊപ്പം ചേര്‍ന്നുവെങ്കിലും നിശബ്ദ-ജീവിതം സഹിക്കുവാന്‍ കഴിയാതെ മറ്റൊരു ദൈവവിളി തിരഞ്ഞെടുത്തു. അവള്‍ അവളുടെ സൂക്ഷിപ്പുകാരനെ വിവാഹം ചെയ്തു. ടര്‍സില്ലയും, എമിലിയാനയും അവര്‍ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗ്ഗം തന്നെ പിന്‍തുടരുകയും, തങ്ങളുടെ വിശുദ്ധിയുടെ പ്രതിഫലം ലഭിക്കുന്നത് വരെ, ദൈവീക സമാധാനവും, ശാന്തിയും അനുഭവിച്ചുകൊണ്ട് ജീവിച്ചു.
വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് വിശുദ്ധ ടര്‍സില്ലയെ അവളുടെ മുത്തച്ഛനും മാര്‍പാപ്പായുമായിരുന്ന വിശുദ്ധ ഫെലിക്സ്-II (III) ഒരു ദര്‍ശനത്തില്‍ സന്ദര്‍ശിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലം കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു “വരൂ! ഞാന്‍ നിന്നെ പ്രകാശത്തിന്റെ വാസസ്ഥലത്തേക്ക് സ്വീകരിക്കാം.” ഉടന്‍ തന്നെ അവള്‍ രോഗബാധിതയായി കിടപ്പിലായി. അവളെ കാണുവാന്‍ അവള്‍ക്ക് ചുറ്റും തടിച്ചുകൂടിയവരോട് അവള്‍ വിളിച്ചു പറഞ്ഞു “മാറി നില്‍ക്കൂ! മാറി നില്‍ക്കൂ! എന്റെ രക്ഷകനായ ക്രിസ്തു വരുന്നുണ്ട്.” ഈ വാക്കുകള്‍ക്ക് ശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയില്‍ അവള്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിച്ചു.
നിരന്തരമായ പ്രാര്‍ത്ഥന മൂലം അവളുടെ കൈ മുട്ടുകളിലേയും, കാല്‍മുട്ടുകളിലേയും തൊലി ഒട്ടകത്തിന്റെ മുതുകുപോലെ പരുക്കന്‍ ആയി തീര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ എമിലിയാനാക്ക് പ്രത്യക്ഷപ്പെടുകയും വെളിപാട് തിരുന്നാള്‍ സ്വര്‍ഗ്ഗത്തില്‍ ആഘോഷിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എമിലിയാന ജനുവരി 5-നാണ് മരിച്ചത്. രണ്ടുപേരും അവരുടെ മരണ ദിവസം നാമകരണം ചെയ്യപ്പെട്ടു. റോമന്‍ രക്തസാക്ഷി സൂചികയില്‍ ഡിസംബര്‍ 24 ആണ് വിശുദ്ധയുടെ നാമഹേതുതിരുനാള്‍.
ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄
1. ആദവും ഹവ്വയും
2. ടെവെസ്സിലെ അഡെലാ
3. സ്കോട്ട്ലന്‍ഡിലെ കരാനൂസ്
4. ബോര്‍ഡോ ബിഷപ്പായിരുന്ന ഡെല്‍ഫിനൂസ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
🙏പ്രഭാത പ്രാർത്ഥന..🙏
പ്രസന്നവദനം ഹൃദയസന്തുഷ്ടിയെ വെളിപ്പെടുത്തുന്നു.. (പ്രഭാഷകൻ :13/26)
പരിശുദ്ധനായ എന്റെ ദൈവമേ..
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പരക്കുന്ന പ്രകാശത്താൽ ഈ എളിയവരുടെ ഹൃദയവും നിറയുന്നതിനു വേണ്ടിയും,ആ പ്രകാശം നൽകുന്ന അറിവിൽ എന്റെ ജീവിതം മുഴുവൻ പ്രശോഭിതമാകുന്നതിനു വേണ്ടിയും തിരുവചനങ്ങളിൽ അശ്രയമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ പ്രാർത്ഥനയ്ക്കായ് അണയുന്നു. ശിശുക്കളെ പോലെ നിഷ്കളങ്കരായവർക്കാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള അവകാശം ലഭിക്കുന്നത് എന്ന തിരുവചനം പലപ്പോഴും വായിച്ചിട്ടുണ്ടെങ്കിലും അത്ര ആഴത്തിൽ അത് ഹൃദയത്തെ സ്പർശിച്ചിട്ടുണ്ടായിരുന്നില്ല. പുറമേ പുഞ്ചിരിക്കുന്ന മുഖങ്ങൾക്കു പിന്നിൽ പലപ്പോഴും ആരോടും പങ്കുവയ്ക്കാനാവാത്ത ഹൃദയവേദനകൾ മറഞ്ഞിരിപ്പുണ്ടാവും. ചിലപ്പോഴൊക്കെ അൾത്താരയിലെ ക്രൂശിതരൂപത്തിന്റെ പാദങ്ങളെ പോലും കഴുകി നനയ്ക്കുന്ന മിഴിനീർ കണങ്ങളായി മാത്രം പുറത്തേക്ക് ഒഴുകിയിറങ്ങാൻ കൊതിക്കുന്ന നൊമ്പരങ്ങൾ.. പുറമേ നിന്നു നോക്കുമ്പോൾ സന്തോഷവും സന്തുഷ്ടിയും നിറഞ്ഞതാണ് എന്നു തോന്നിപ്പിക്കുന്ന എത്ര ജീവിതങ്ങളാണ് ഉള്ളിൽ നീറിയെരിയുന്ന നെരിപ്പോടുകളെ വഹിക്കുന്നത്.. ചിലപ്പോഴൊക്കെ സക്കേവൂസിനെ അങ്ങനെ തോന്നാറുണ്ട്.. മറ്റുള്ളവരുടെ കണ്ണിൽ ചുങ്കക്കാരനും പാപിയുമൊക്കെ ആയിരുന്നിട്ടും നിന്റെ കണ്ണുകളിലെ ഒരു നോട്ടം കൊണ്ടെങ്കിലും അണച്ചു കളയണമെന്നാഗ്രഹിച്ച പാപങ്ങളുടെ ഹൃദയഭാരങ്ങളെ ആരുമറിയാതെ ഉള്ളിൽ വഹിച്ചിരുന്നവൻ..ഒടുവിൽ അങ്ങയുടെ സാമീപ്യത്തിൽ ഹൃദയഭാരങ്ങൾ ഒഴിഞ്ഞു പോയപ്പോൾ അതിന്റെ സന്തുഷ്ടി അവന്റെ ഹൃദയത്തിൽ മാത്രമല്ല കുടുംബം മുഴുവനിലും വെളിപ്പെട്ടു.
എന്റെ നല്ല ദൈവമേ.. ഞങ്ങളുടെ ഹൃദയവിചാരങ്ങളെ പോലും സൂക്ഷ്മമായി വിവേചിച്ചറിയുന്നവനായ അങ്ങയുടെ ദൃഷ്ടിയിൽ നിന്നും ഒന്നും മറഞ്ഞിരിക്കുന്നില്ല. ഒരു പുഞ്ചിരിക്കു പിന്നിൽ പോലും മറഞ്ഞിരിക്കുന്ന ഞങ്ങളിലെ എണ്ണമില്ലാത്ത ഹൃദയനൊമ്പരങ്ങളെ അങ്ങയുടെ അലിവുള്ള ഒരു നോട്ടം കൊണ്ട് ഒരിക്കലും കനലുകളെരിഞ്ഞു നീറാത്ത ചാരമാക്കി മാറ്റേണമേ നാഥാ.. അപ്പോൾ നൊമ്പരങ്ങളുടെ പുകഞ്ഞെരിയുന്ന നെരിപ്പോടുകളൊഴിഞ്ഞ എന്റെ ഹൃദയത്തിന്റെ സന്തുഷ്ടി എന്റെ മുഖത്തും വെളിവാകുകയും, അങ്ങയുടെ രക്ഷ പകർന്നു നൽകിയ അവർണനീയമായ സ്വർഗീയ സന്തോഷം എന്നിലും അനുഭവവേദ്യമാവുകയും ചെയ്യും..
വിശുദ്ധ യൗസേപ്പിതാവേ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ 🙏


Leave a comment