🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 24/12/2020
cf. ഗലാ 4:4
ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ച കാലത്തിന്റെ പൂര്‍ണത
ഇതാ വന്നുകഴിഞ്ഞു.
പ്രവേശകപ്രഭണിതം
cf. ഗലാ 4:4
ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ച കാലത്തിന്റെ പൂര്‍ണത
ഇതാ വന്നുകഴിഞ്ഞു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങ് വേഗം വരണമേ,
താമസിക്കരുതേ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നവര്‍
അങ്ങേ ആഗമനസന്തോഷത്താല്‍ ആശ്വസിപ്പിക്കപ്പെടട്ടെ.
പിതാവിനോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 സാമു 7:1-5,8-12,14,16
ദാവീദിന്റെ കുടുംബവും രാജത്വവും കര്‍ത്താവിന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും.
ദാവീദ് രാജാവ് കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍ നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു. അപ്പോള്‍ അവന്‍ നാഥാന്‍ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരു കൊണ്ടുള്ള കൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു. നാഥാന്‍ പ്രതിവചിച്ചു: യുക്തംപോലെ ചെയ്തുകൊള്ളുക, കര്‍ത്താവ് നിന്നോടുകൂടെയുണ്ട്. എന്നാല്‍, ആ രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?
അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തു നിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു. നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു; ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം കല്‍പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ദുഷ്ടന്മാര്‍ അവരെ ഇനി പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍ നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു. ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും.ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ മാനുഷികമായ ദണ്ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:1-2,3-4,26,28
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
കര്‍ത്താവേ, ഞാന്‍ എന്നും
അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 1:67-79
ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിച്ചു.
യോഹന്നാന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പ്രവചിച്ചു:
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍.
അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു;
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍
നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി;
ആദിമുതല്‍ തന്റെ വിശുദ്ധന്മാരായ പ്രവാചകന്മാരുടെ
അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ,
ശത്രുക്കളില്‍ നിന്നും നമ്മെ വെറുക്കുന്നവരുടെ
കൈയില്‍ നിന്നും നമ്മെ രക്ഷിക്കാനും
നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത
കാരുണ്യം നിവര്‍ത്തിക്കാനും
നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത
അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും
ശത്രുക്കളുടെ കൈകളില്‍ നിന്നു വിമോചിതരായി,
നിര്‍ഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും
അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം
നമുക്കു നല്‍കാനുമായിട്ടാണ് ഇത്.
നീയോ, കുഞ്ഞേ,
അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും.
കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേ നീ പോകും.
അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള
രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും,
നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്
ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍
ഇരുളിലും, മരണത്തിന്റെ നിഴലിലും
ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും
സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്
നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അങ്ങേക്ക് അര്‍പ്പിക്കുന്ന കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
അവയുടെ സ്വീകരണംവഴി
പാപങ്ങളില്‍ നിന്ന് ഞങ്ങള്‍ മോചിതരാകുകയും
അങ്ങേ പുത്രന്റെ ആഗമന മഹത്ത്വം
നിര്‍മലമാനസരായി കാത്തിരിക്കാന്‍
ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:68
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍;
എന്തെന്നാല്‍, അവിടന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ച് വീണ്ടെടുപ്പു നടത്തി.
ദിവ്യഭോജനപ്രാര്‍ത്ഥന
അങ്ങേ ഈ ദാനത്താല്‍
അദ്ഭുതകരമായി ഞങ്ങളെ നവീകരിച്ച കര്‍ത്താവേ,
അങ്ങേ പുത്രന്റെ പിറവിത്തിരുനാളിന്
ആരാധനാപൂര്‍വം അണഞ്ഞിരിക്കുന്ന ഞങ്ങള്‍ക്ക്
അവിടത്തെ നിത്യമായ സമ്മാനങ്ങള്‍
സന്തോഷപൂര്‍വം സ്വന്തമാക്കാനുള്ള അനുഗ്രഹം നല്കണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment