❤️🎈ക്രിസ്തുമസ് ബലൂൺ🎈❤️ 2020🎊🎉🎆23💕💞
“എന്നെ നിനക്കു ശരിക്കും ആവശ്യമുണ്ടോ?” എൻ്റെ സന്ന്യാസപരിശീലന കാലഘട്ടത്തിൽ ഈ ചോദ്യം പലപ്പോഴും ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട്? തീയോളജി കഴിഞ്ഞപ്പോഴേക്കും ഉത്തരം വ്യക്തമാകാത്തതിനാൽ ഞാൻ ഒരു വർഷത്തെ റീജൻസി ചോദിച്ചു വാങ്ങി അരുണാചലിലേക്ക് പോയി.. എന്നെ അറിയാത്ത, എനിക്കും അറിയാത്ത ഒരിടം. ഈ ഒരു വര്‍ഷം കഴിയുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കും. ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അവൻ..
കാടും മലകളും മരങ്ങളും എന്നും ഒരു ആകർഷണമായിരുന്നു. ആസാമിൽ നിന്ന് അരുണാചൽ പ്രാദേശിലേക്കുള്ള കർസാങ് ചെക്ക് പോസ്റ്റിൽ അരുണാചൽ ടൂറിസത്തിൻ്റെ ഒരു വലിയ പരസ്യമുണ്ട്. ‘Come and Explore’. അരുണാചലിലേക്കുള്ള ആദ്യയാത്രയിൽ തന്നെ ഈ വാചകം എന്നെ ഹഠാദാകർഷിച്ചിരുന്നു. അരുണാചലിൽ ചെന്നു ബിഷപ്ഹൗസിൽ താമസമുറപ്പിച്ചതിനു ശേഷം എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ പുറകിൽ കാണാറുള്ള കാടിനെ നോക്കി ഞാൻ പറയാറുണ്ട്. “വൈകാതെ ഞാൻ explore ചെയ്യാൻ വരും”.
ശാന്തമായ ഒരു ഞായറാഴ്ച ദിവസം, എല്ലാവരും ഉച്ചഭക്ഷണം കഴിച്ച് മയക്കത്തിലായിരിക്കുമ്പോൾ ഞാനും എൻ്റെ കൂടെയുള്ള 15 സെമിനാരിപ്പിള്ളേരും കൂടി കാടൊന്നു കണ്ടിട്ട് വരാൻ തീരുമാനിച്ചു. കൂടെ ആസ്സാമിൽ നിന്നുള്ള ജോസഫ് എന്ന് പേരായ സമപ്രായക്കാരനായ ഒരു ബ്രദറും ഉണ്ട്. എൻ്റെയും ജോസഫിൻ്റെയും നേതൃത്വത്തിൽ പതിനഞ്ചു പിള്ളേരും കൂടി കാടു കയറുകയാണ്. അതിൽ പകുതി നമ്മുടെ മലയാളി പിള്ളേരാണ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന പിള്ളേര്. പിന്നെ തമിഴ്‌നാട്, ഒറീസ്സ, ത്രിപുര, എന്നിവിടങ്ങളിൽ നിന്നും കുട്ടികളുണ്ട്. അതിനുപുറമെ അന്നാട്ടുകാരായ കുട്ടികളും ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഞങ്ങൾക്ക് ഒരു പൊതുവായ സംസാര ഭാഷ അപ്പോഴും രൂപപ്പെട്ടു വന്നിട്ടില്ല. മലയാളികൾക്ക്, ഒറിയയും, ഒറീസ്സക്കാർക്ക് ബംഗാളിയും, ബംഗാളിക്ക്, ആസ്സാമീസും മനസ്സിലാകില്ലല്ലോ. എല്ലാവരും കേൾക്കാനും പറയാനും ശ്രമിച്ചിരുന്നത് ഇംഗ്ലീഷ് ആണ്. പക്ഷെ പലപ്പോഴും അത് ശ്രമത്തിൽ മാത്രം ഒതുങ്ങി.
“ദിപ്പ വരാം” എന്ന ചിന്തയിൽ പോയതുകൊണ്ട് വേറെ ആരോടും പറയാനൊന്നനും നിന്നില്ല. “ചെറിയ ഒരു കാട്”, “അൽപനേരം കാട്ടിൽ” എന്നൊക്കെ ഓർത്താണ് പോയത്. എല്ലാവരും ജേഴ്സിയാണ് ഇട്ടിരിക്കുന്നത്. കാട് കയറാനാണെന്നു പറഞ്ഞപ്പോൾ ആ നാട്ടുകാരൻ ഒരുത്തൻ ഒരു വെട്ടുകത്തി എടുത്തതൊഴിച്ചാൽ കയ്യിൽ മറ്റൊന്നും ആയുധമായോ, സാമാനമായോ, സാമഗ്രിയായോ ഇല്ല. ഞങ്ങൾ ഒരു തമാശക്ക് കാട്ടിയിൽ കയറുന്നു. അത്രേ കരുതിയിട്ടുള്ളൂ.
എല്ലാവരും ഉത്സാഹത്തോടെ കുത്തനെയുള്ള മലയൊക്കെ ചവിട്ടിക്കയറി, മുകളിലെത്തി. ഇടതൂർന്ന മരങ്ങൾ, കിളികളുടെ മനോഹരമായ കലപില ശബ്ദം, ചില വന്യമായ കളകൂജനങ്ങൾ. വളരെ ആസ്വാദ്യകരം. പലതരത്തിലുള്ള പല ആകൃതിയിലുള്ള ഇലകൾ, ചില്ലകൾ, നല്ല തണുപ്പ്, മരങ്ങൾ സൂര്യനെ കാണാൻ അനുവധിക്കാത്ത വിധത്തിൽ ഇലകൾ പൊതിഞ്ഞു നിൽക്കുന്നു. എല്ലാവര്‍ക്കും ഉത്സാഹമായി. ഞങ്ങൾ സാവധാനം മുൻപോട്ട് നടന്നു. ചില ചെറിയ അരുവികൾ. വെള്ളചാട്ടങ്ങൾ, കിളികൾ, കുരങ്ങുകൾ, ചില ജീവികൾ കൂവുന്ന ശബ്ദം, വെള്ളം വീഴുന്ന ശബ്ദം. ആകെക്കൂടി അത്ഭുതകരമായ പ്രശാന്തത. മിന്നാമിനുങ്ങുകളും തുമ്പികളും ചിത്രശലഭങ്ങളും ചേർന്ന് പൂക്കളം തീർക്കുന്ന മനോഹരമായ ഉദ്യാനം പോലെ അതനുഭവപ്പെട്ടു. “ഇന്നിവിടെ കഴിയാം” എന്ന് തമാശയായി ആരൊക്കെയോ പറഞ്ഞു. സിംഹം വരുമെന്നും, ആനയുണ്ടെന്നും, പുലി പിടിക്കുമെന്നുമൊക്കെ അവർ തന്നെ മറുപടിയായി പറയുന്നുണ്ടായിരുന്നു. കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് ചെറിയ തടസ്സങ്ങളൊക്കെ നീക്കി ഞങ്ങൾ അങ്ങനെ ജംഗിൾ ബുക്കിലെ മൗഗ്ലിയെപ്പോലെ കാട്ടിൽ നടക്കുകയാണ്. വൈകാതെ തിരിച്ചു പോരാം എന്ന് ഞാൻ പറഞ്ഞെങ്കിലും ആ മനോഹാരിത അല്പം കൂടി ആസ്വദിക്കാനായി അല്പം കൂടി കഴിയട്ടെ എന്ന് കുട്ടികൾ പറയാൻ തുടങ്ങി. അപ്പോഴാണ് ഈ കയറ്റം ഇനി തിരിച്ചിറങ്ങാൻ ബുദ്ധിമുട്ടാണെന്നും, നമുക്ക് അല്പം കൂടി മുൻപോട്ട് പോയാൽ വഴി കാണുമെന്നും, അതിലെ താഴേക്ക് ഇറങ്ങിപ്പോകാമെന്നും അവർ അഭിപ്രായപ്പെട്ടത്. കുത്തനെയുള്ള ഇറക്കം ഇറങ്ങാനുള്ള ബുദ്ധിമുട്ടുകൊണ്ടു എല്ലാവരും അത് സമ്മതിച്ചു. ഞങ്ങൾ വഴിയന്വേഷിച്ചു മുൻപോട്ട് നീങ്ങി. മുൻപോട്ട് ആണ് നീങ്ങുന്നതെങ്കിലും ഞങ്ങൾ കാടിൻ്റെ ഉള്ളിലേക്കാണ് പോകുന്നതെന്ന് മനസ്സിലായില്ല. കുറെ ദൂരം നടന്നിട്ടും വഴിയും കാലടിപ്പാതയും ഒന്നും കാണാനായില്ല എന്ന് മാത്രമല്ല, ഇരുട്ട് പരക്കാനും തുടങ്ങി. എത്ര മണിയായെന്നു നോക്കാൻ ഒരു വാച്ചു പോലും ആരുടേയും കൈയ്യിലില്ല. പക്ഷികളുടെ കളകൂജനമെല്ലാം ഒതുങ്ങി. മറ്റേതോ ശബ്ദങ്ങൾ ഒക്കെ കേൾക്കാൻ തുടങ്ങി. അല്പം കൂടി കഴിഞ്ഞപ്പോൾ ഇരുട്ട് നന്നായി മൂടി. തൊട്ടു മുന്പിലുള്ളവയല്ലാതെ മറ്റൊന്നും കാണാൻ വയ്യാത്ത അവസ്ഥ വന്നു. എങ്കിലും ഞാൻ മനസ്സാന്നിധ്യം കൈവിടാതെ വഴി അന്ന്വേഷിക്കുകയാണ്. എൻ്റെ ഉള്ളിൽ വഴി തെറ്റിയെന്നു ഏകദേശം ബോധ്യമായി. പക്ഷെ അത് പുറത്തു പറഞ്ഞാൽ പിള്ളേർക്ക് പേടി കൂടുമല്ലോ എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല. മാങ്ങാ എന്ന് പറഞ്ഞാൽ തേങ്ങാ എന്ന് മനസ്സിലാകുന്ന പിള്ളേരോട് ഏത് ഭാഷയിൽ പറയും എന്നുള്ളതും ഒരു പ്രശ്‌നമാണ്. എല്ലാവരെയും ഭയം പിടികൂടാൻ തുടങ്ങി. ഞങ്ങൾ കാട്ടിൽ അകപ്പെട്ടുപോയി എന്ന് എല്ലാവര്‍ക്കും വൈകാതെ മനസ്സിലായി.
അതുവരെ വീരശൂരപരാക്രമികളായിരുന്നവർ എൻ്റെ പിന്നിലൊളിക്കാൻ തുടങ്ങി. ഞാൻ ആരുടെ പിന്നിലൊളിക്കും? സിംഹം വന്നാൽ വാലിൽ പിടിച്ച് താഴെയടിക്കും എന്ന് പറഞ്ഞവൻ കരയാൻ ആരംഭിച്ചു. ആരൊക്കെയോ കഴുത്തിൽ നിന്ന് കൊന്ത എടുത്ത് ജപമാല ചൊല്ലാൻ തുടങ്ങി. കാര്യങ്ങൾ കൈ വിട്ടുപോവുകയാണെന്നു എനിക്ക് മനസ്സിലായി. എന്ത് ചെയ്യും ? എൻ്റെ മാതാവേ, ഇത്രയും വലിയൊരു പരീക്ഷണം എനിക്ക് വേണമായിരുന്നോ? എനിക്കെന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ല. ഈ കുട്ടികൾക്കെന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും? ആരോടും പറയാതെ വന്നതുകൊണ്ട് എല്ലാവരും ഞങ്ങളെ അന്ന്വേഷിക്കുമല്ലോ എന്ന് ഓർത്ത് വിഷമവുമായി. അപ്പോഴേക്കും കുറ്റാകൂരിരുട്ടായി. ഒന്നും കാണാൻ പറ്റാതായി. ഇടയ്ക്കിടെ മരങ്ങളുടെ ഇലകൾക്കിടയിലൂടെ നിലാവെളിച്ചം കിട്ടിയാലായി. കുറുക്കനോ, കടുവയെ എന്താണെന്നറിയില്ല, അവയുടെ ഓരിയിടലും ഗർജ്ജനവുമൊക്കെ ഉണ്ട്. പിള്ളേര് കരയാൻ തുടങ്ങി. അപ്പോഴേക്കും കയ്യിൽ ഒരു വടി സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടു അന്ധന്മാർ മുന്പിലുള്ളത് തട്ടി നോക്കി പോകുന്നതുപോലെയാണ് ഞാൻ മുൻപോട്ട് (അതോ പുറകോട്ടോ?) പോകുന്നത്. കുറെ ദൂരം നടന്നിട്ടും എങ്ങും എത്തുന്നില്ല.
ഞങ്ങൾ വരിവരി ആയാണ് പോകുന്നത്. ഏറ്റവും മുൻപിൽ ഞാൻ, അതിനു പുറകിൽ വരിയായി കുട്ടികൾ ഏറ്റവും പിറകിൽ ജോസഫ്. അല്പം കഴിഞ്ഞപ്പോൾ എനിക്ക് ഇനിയും മുൻപോട്ട് നീങ്ങുന്നത് പന്തിയല്ല എന്ന് തോന്നി. ഞാൻ കുട്ടികളെ അവിടെ നിറുത്തി പതുക്കെ പുറകിലോട്ട് ചെന്ന് ജോസഫിനോട് പറഞ്ഞു. “നമുക്ക് തത്കാലത്തേക്ക് ഇവിടെ ഇരുന്നാലോ? ഇനിയും മുൻപോട്ട് പോയാൽ എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് എനിക്ക് ഭയമുണ്ട്”. ജോസഫ് പറഞ്ഞു. അത് ശരിയാകില്ല. ഇത് NACN കാരുടെ താവളമാണ്. അവരുടെ കയ്യിലെങ്ങാനും കിട്ടിയാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. NACN എന്നത് നോർത്ത് ഈസ്റ്റ് ഭാഗത്തുള്ള നക്സലൈറ്റ് ഗ്രൂപ്പാണ്. അവർ മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കണ്ടാൽ എങ്ങനെയാണ് പെരുമാറുക എന്ന് പറയാനാകില്ല. ഒന്നുകിൽ വലിയ ജീവനാംശം, അല്ലെങ്കിൽ ജീവൻ തന്നെ എടുത്തുകളയും. അപ്പോഴേക്കും ഒരു മലയാളിപ്പയ്യൻ വലിയ വായിൽ “അയ്യോ, ബ്രദറെ എന്നെ എന്തോ കടിച്ചു” എന്നും പറഞ്ഞു മലയാളത്തിൽ കരയുന്നുണ്ട്. നിലാവെളിച്ചത്തിൽ നോക്കിയപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. “അയ്യോ ചോര” എന്നും അവൻ പറയുന്നുണ്ട്. അതോടെ ഭാഷ അറിയാത്തവൻമാർ മുതൽ അറിയാവുന്നവർ വരെ വലിയ വായിൽ കരയാൻ തുടങ്ങി. ഞാൻ അല്പം കൂടി കൂലങ്കുഷമായി നോക്കി. അത് അട്ട (തോട്ടപ്പുഴു) കടിച്ചതാണ്. ജീവിതത്തിൽ ഇന്നുവരെ വീടിനു പുറത്തിറങ്ങാത്തവർ അട്ടയെ കണ്ടിട്ടില്ലില്ലോ. ഞാൻ “അത് സാരമില്ല, അട്ടയാണ്” എന്ന് പറഞ്ഞപ്പോഴേക്കും അവൻ്റെ ഉള്ള ബോധം പോയി. ഈ ബോധം പോയവനെയും തൂക്കിയെടുത്തുകൊണ്ടാണ് പിന്നെ നടക്കുന്നത്. എങ്ങോട്ട് നടക്കും? എൻ്റെ കയ്യിലെ വടി മുൻപിൽ തട്ടി നോക്കിയിട്ട് ഒന്നും കാണുന്നില്ല. ഞാൻ അല്പം കുനിഞ്ഞുനിന്ന് തട്ടി നോക്കിയിട്ടും മുൻപിൽ എന്താണെന്ന് മനസ്സിലാകുന്നില്ല. വല്ല കുഴിയുടെ മുന്പിലായിരിക്കും എന്ന് എനിക്ക് തോന്നി. രണ്ടുകല്ലുകൾ പെറുക്കിയെടുത്ത് ഒന്ന് ഞാൻ താഴേക്കിട്ടു. പക്ഷേ രണ്ടു സെക്കന്റ് കഴിഞ്ഞിട്ടും ഒന്നും കേൾക്കാതായപ്പോൾ ഞാൻ അടുത്ത കല്ലും ഇടാനായി ആയുമ്പോഴാണ് ആദ്യത്തെ കല്ല് വീഴുന്നത് കേട്ടത്. എനിക്ക് ഞാൻ ഏതോ വലിയ കുഴിയുടെയോ കൊക്കയുടെയോ അടുത്താണ് നിൽക്കുന്നത് മനസ്സിലായി. മാതാവ് കാത്തു എന്ന് പറഞ്ഞാൽ മതി. ഇനി ഒരടി വച്ചാൽ……
“ജോസഫേ തിരിച്ചു നടക്കൂ” – ഞാൻ വിളിച്ചു പറയുന്നുണ്ട്. “തിരിച്ചു നടന്നാൽ അവിടെ അട്ടയുണ്ട്” എന്ന് അവനും വിളിച്ചു പറയുന്നുണ്ട്. അപ്പോഴേക്കും അതുവരെ ഒന്നാം കാലത്തിൽ കരഞ്ഞുകൊണ്ടിരുന്നവർ മൂന്നാം കാലത്തിൽ കരയാൻ തുടങ്ങി. ഞാൻ കൊക്കയുടെ മുൻപിലാണ് നിൽക്കുന്നതെന്ന് പറഞ്ഞാൽ ഒരു പക്ഷെ ബോധംകെട്ടുതന്നെ എല്ലാവരും കൊക്കയിൽ വീഴുമെന്ന് എനിക്ക് തോന്നി. ഒരു കണക്കിന് എന്തൊക്കെയോ പറഞ്ഞ് ഞാൻ ജോസഫിനെ തിരിച്ചു നടത്തി.
എൻ്റെ വീണ്ടു വിചാരമില്ലാത്ത പ്രവർത്തിക്കു കർത്താവേ നീ ഈ പിള്ളാരെ വഴിയാധാരമാകല്ലേ എന്ന് ഞാൻ ഉള്ളിൽ കരയാൻ തുടങ്ങി. കുറച്ചു ചെന്നപ്പോൾ ഒരു ചോല ഒഴുകുന്ന ശബ്ദം കേട്ടു. ബോധം കെട്ടവൻ്റെ മുഖത്ത് അല്പം വെള്ളം തളിക്കാം എന്ന് വച്ച് ആ ചോലയിലിറങ്ങി. നീന്തൽ പോലും അറിയാത്തവനാണ് ഞാൻ. എങ്കിലും കയ്യിലിരുന്ന വടി കൊണ്ട് ആഴമെല്ലാം അളന്നു നോക്കിയാണ് ഇറങ്ങിയത്. മുള്ളുകളിലും കമ്പുകളിലും ഉരഞ്ഞതുകൊണ്ടു നല്ല നീറ്റലുണ്ട് എന്നതൊഴികെ വലിയ കുഴപ്പമൊന്നുമില്ല. ഞാൻ സാവധാനം എല്ലാവരെയും വെള്ളത്തിലിറക്കി. അല്പം വെള്ളം ശരീരത്തിൽ ചെന്നപ്പോൾ എല്ലാവര്‍ക്കും ഒരാശ്വാസം. ബോധം പോയവൻ അല്പം ഭേദപ്പെട്ടപോലെ ആയി. ഞെരങ്ങുന്നുണ്ട്. അമ്മയെ കാണണം എന്നാണവൻ പറയുന്നത്. അരുണാചൽ – ബർമ്മ ബോർഡറില് നിന്ന് കോട്ടയത്തുള്ള അവൻ്റെ അമ്മയെ ഞാൻ എങ്ങനെ കാണിക്കും? അതും ഈ അവസ്ഥയിൽ? പാവം പയ്യൻ. ശരിക്ക് പേടിച്ചിട്ടുണ്ട്. എനിക്കും വലിയ സങ്കടമായി. എല്ലാവരും വെള്ളത്തിൽ നിന്ന് കയറിയപ്പോൾ ജോസഫ് പറഞ്ഞു. “നമുക്ക് ഈ ചോലയിലൂടെ മുൻപോട്ട് പോകാം. ബിഷപ്ഹൗസിൻ്റെ താഴെയാണ് പുഴ ഒഴുകുന്നത്. നമ്മൾ എന്തായാലും പുഴയിലെത്തിക്കോളും. അവിടെ നിന്ന് നീന്തി രക്ഷപെടാം”. എനിക്ക് നീന്താൻ അറിയില്ല എങ്കിലും വേറെ ഒരു മാർഗ്ഗങ്ങളും മുൻപിൽ ഇല്ലാത്തതിനാൽ ഞാൻ അത് സമ്മതിച്ചു.
അല്പം കൂടി മുൻപോട്ട് പോയപ്പോൾ അകലെ പുഴയിൽ ചന്ദ്രൻ്റെ വെളിച്ചം അടിക്കുന്നത് ഉയരങ്ങളിൽ നിന്ന് കാണാറായി. അല്പം ആശ്വാസമായി. എങ്കിലും ഈ ചോല, വല്ലവെള്ളച്ചാട്ടത്തിലും അവസാനിക്കുമോ എന്നെനിക്ക് പേടിയുണ്ട്. കയ്യിലിരിക്കുന്ന വടികൊണ്ട് മുന്നിലുള്ള എല്ലാ ചെടിയിലും മരത്തിലും അടിച്ചാണ് ഞാൻ മുൻപോട്ട് പോകുന്നത്. അവിടെ അപ്പോഴക്കും നല്ല നിലാവ് ആയിത്തുടങ്ങി. കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ എൻ്റെ കയ്യിലെ വടി എന്തോ പ്രത്യേകമായ ഒന്നിൽ അടിച്ചതായി എനിക്ക് തോന്നി. ഞാൻ വേഗം അത് പരിശോധിച്ചു.
അവിടത്തുകാർ ദൂരെയുള്ള മലകളിൽ നിന്ന് മുളകൾ നെടുകെ കീറി അത് പിവിസി പൈപ്പുപോലെ ഉപയോഗിച്ച് വെള്ളം കൊണ്ടുവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ വടി ഉടക്കിയത് അതുപോലെ നെടുകെ കീറിയ ഏതോ മുളയിലാണെന്നു എനിക്ക് മനസിലായി. ആരോ ഈ മുളയിലൂടെ തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം കൊണ്ട് പോകുന്നുണ്ട്. “എൻ്റെ കൊരട്ടി മുത്തി നീ കാത്തു “ ഞാൻ ഉള്ളിൽ പറഞ്ഞു.
“ആരും പേടിക്കേണ്ട. ഇവിടെ വെള്ളം കൊണ്ടുപോകാനുള്ള ഒരു മുള കണ്ടുപിടിച്ചിട്ടുണ്ട്., ഇതിൽ പിടിച്ചു പോയാൽ നമ്മൾ എന്തായാലും കൃഷി സ്ഥലത്തിലെത്തും. അവിടെ ആരെങ്കിലും കാണാതിരിക്കില്ല. നമുക് മുൻപോട്ട് പോകാം”. പ്രതീക്ഷകൾ ഇല്ലാതിരുന്ന കുട്ടികളുടെ ശബ്ദത്തിനു ജീവനായി. എല്ലാവരും ഉത്സാഹത്തോടെ മുൻപോട്ട് നടക്കാൻ തുടങ്ങി. സാവധാനം ആ മുളയിൽ പിടിച്ച് ഞങ്ങൾ താഴേക്കു നടന്നു. ചില സ്ഥലങ്ങളിൽ നിരങ്ങേണ്ടതായും ചാടേണ്ടതായും ഒക്കെ വന്നു. നിരങ്ങിയിറങ്ങിയപ്പോൾ ആരുടെയൊക്കെയോ ജേഴ്സികൾ വേരുകളിലുടക്കി കീറിപ്പോയി. അവർ മൗഗ്ലിയെ ഓർമ്മിപ്പിച്ചു. ഇരുട്ടായതിനാൽ ആർക്കും വലിയ സന്ദേഹം തോന്നിയില്ല. ആരുടെയൊക്കെയോ ബനിയനുകൾ മുള്ളുകൾ കൊണ്ട് കീറിയിരുന്നു. എന്തായാലും ഞങ്ങൾ സാവധാനം ഒരു കൃഷിയിടത്തിലെത്തി.
അവിടത്തെ ആളുടെ സഹായത്തോടെ റോഡ് കണ്ടുപിടിച്ച് റോഡിലെത്തിയപ്പോഴേക്കും ഞങ്ങളെ അന്വേഷിച്ചു പാഞ്ഞു നടക്കുന്ന ബിഷപ്ഹൗസിലെ വണ്ടികൾ കണ്ടു. ബോധം പോയവനെയും തുണിയില്ലാത്തവരെയും അതിൽ കയറ്റി വിട്ടു. ഞങ്ങൾ സാവധാനം നടന്നു ബിഷപ്ഹൗസിലെത്തി. അപ്പോൾ സമയം രാത്രി 10. 30. വെറും 7 മണിക്കൂർ മാത്രമേ ഞങ്ങൾ കാട്ടിൽ അകപ്പെട്ടുള്ളൂ. പക്ഷെ അതൊരു 7മാസം അകപ്പെട്ടതുപോലായിരുന്നു. ബിഷപ്ഹൗസിൽ ചെന്നപ്പോൾ ശ്ലീഹന്മാർക്ക് പ്രാതലൊരുക്കി കാത്തിരുന്ന ഈശോയെപ്പോലെ, കഞ്ഞിയൊരുക്കി കാത്തിരിക്കുന്ന ബിഷപ്പ്.
“ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ?”
“ ഇല്ല”
“എങ്കിൽ സാരമില്ല. വേഗം പോയി കുളിച്ച് കഞ്ഞി കുടിക്ക്”
“ശരി പിതാവേ”
ഈ ഒരു സംഭവത്തിനുശേഷം “കർത്താവിനു എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ” എന്ന് ചോദിച്ചിട്ടില്ല. കാരണം ഒരു ആവശ്യവുമില്ലായിരുന്നെങ്കിൽ അന്ന് ആ കാട്ടിൽ നിന്ന് എന്നെ രക്ഷിക്കയില്ലായിരുന്നു എന്നെനിക്ക് ബോധ്യമുണ്ട്.
“എനിക്ക് നിന്നെ ആവശ്യമുണ്ട്” എന്നതാണ് ഈ പുണ്യദിനത്തിൽ നമ്മോട് യേശു മന്ത്രിക്കുന്ന സ്നേഹദൂത്.. നിന്നെ ആവശ്യമുള്ളവർ ധാരാളം ഉണ്ടാകാം. മാതാപിതാക്കളും, ജീവിതപങ്കാളിയും സുഹൃത്തുക്കളും സഹോദരങ്ങളും എല്ലാം, നിന്നെ ആവശ്യമുള്ളവരാണ്. പക്ഷെ അവർക്ക് നിന്നെ ആവശ്യം ഒരു പ്രത്യേക സമയത്തേക്ക് മാത്രമാണ്, അത് കഴിഞ്ഞാൽ അവർ നിന്നെ തള്ളിപ്പറയാം. അവരുടെ ജീവിതകാലം അവർക്ക് നിന്നെ ആവശ്യമുണ്ടായിരിക്കാം. അത് കഴിഞ്ഞാലോ? എല്ലാവര്‍ക്കും നിന്നെ ആവശ്യം, അവർക്ക് നീ ഉപകാരമാകുന്നത് വരെയാണ്. അത് കഴിഞ്ഞാൽ നീ അധികപ്പറ്റാണ്. മനുഷ്യൻ നിനക്കിടുന്ന വില കാലക്രമത്തിൽ മാറിക്കൊണ്ടിരിക്കും. യൗവനത്തിലും ബാല്യത്തിലും വയസ്സുകാലത്തുമെല്ലാം നിൻ്റെ വില കൂടിയും കുറഞ്ഞുമിരിക്കും.
ക്രിസ്തു മാത്രമാണ് നിനക്ക് എന്നും ഒരേ വിലയിടുന്നത്. ക്രിസ്തു ഇടുന്ന വിലയിൽ ഒരിക്കലും മാറ്റമില്ല. നിനക്ക് ആരോഗ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും, നീ കരയുമ്പോഴും ചിരിക്കുമ്പോഴും, നീ അദ്ധ്വാനിക്കുമ്പോഴും അവശനാകുമ്പോഴും, നീ തളരുമ്പോഴും വളരുമ്പോഴുമെല്ലാം അവൻ്റെ കണ്ണിൽ നിനക്കെന്നും ഒരു വിലയാണ്. ആരുടേയും അഭിപ്രായങ്ങൾക്കനുസരിച്ച് ദൈവം വില മാറ്റുകയുമില്ല.
നീ അത്രമാത്രം വിലയുള്ളതായതുകൊണ്ടാണ് നിന്നെ വീണ്ടെടുക്കുവാൻ അവൻ തന്നെ ഭൂമിയിൽ അവതരിച്ചത്. ദൈവം മനുഷ്യനെ രക്ഷിക്കാൻ അയച്ചത് മാലാഖയെ അല്ല, ദൂതനെ അല്ല, അവൻ സ്വയം ഭൂമിയിൽ അവതരിക്കുകയാണ്.
നിനക്ക് നഷ്ടപ്പെട്ട വില നൽകുവാൻ, നിനക്ക് നഷ്ടപ്പെട്ട സ്ഥാനം നൽകുവാൻ, നിൻ്റെ മഹിമയെല്ലാം തിരിച്ചു നൽകുവാൻ നിൻ്റെ വില നിലനിറുത്തുവാൻ അവൻ സ്വയം അനുവദിക്കുകയാണ്. കാരണം അവനു നിന്നെക്കൊണ്ട് ആവശ്യമുണ്ട്. അവനു നിന്നെക്കുറിച്ച് പദ്ധതിയുണ്ട്. നീ അവൻ്റെ പ്രിയപ്പെട്ടവനാണ്/ പ്രിയപ്പെട്ടവളാണ്. അനുമോദനങ്ങൾ.
🖋️ Fr Sijo Kannampuzha OM


Leave a comment