ദിവ്യബലി വായനകൾ The Holy Family 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 27/12/2020

The Holy Family 

Liturgical Colour: White.

പ്രവേശകപ്രഭണിതം

ലൂക്കാ 2:16

ആട്ടിടയന്മാര്‍ തിടുക്കപ്പെട്ടു പോയി,
മറിയത്തെയും യൗസേപ്പിനെയും
പുല്‌ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെയും കണ്ടെത്തി.

സമിതിപ്രാര്‍ത്ഥന

തിരുകുടുംബത്തിന്റെ ഉത്തമമാതൃക
ഞങ്ങള്‍ക്കു നല്കാന്‍ തിരുമനസ്സായ ദൈവമേ,
കുടുംബസുകൃതങ്ങളിലും സ്‌നേഹശൃംഖലകളിലും
അവരെ പിന്‍ചെന്ന്
അങ്ങേ ഭവനത്തിന്റെ സന്തോഷത്തില്‍
നിത്യസമ്മാനമനുഭവിക്കാന്‍ കരുണാപൂര്‍വം ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 15:1-6,21:1-3
നിന്റെ അവകാശി നിന്റെ മകന്‍ തന്നെയായിരിക്കും.

അക്കാലത്ത്, അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെ അവകാശി. അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി. വീണ്ടും അവനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നിന്റെ അവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍ തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.
കര്‍ത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു. വൃദ്ധനായ അബ്രാഹത്തില്‍ നിന്നു സാറാ ഗര്‍ഭം ധരിച്ച്, ദൈവം പറഞ്ഞ സമയത്തുതന്നെ പുത്രനെ പ്രസവിച്ചു. സാറായില്‍ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 128:1-2,3,4-5

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍പോലെയും.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

രണ്ടാം വായന

കൊളോ 3:12-21
ക്രിസ്തുവിലുള്ള കുടുംബ ജീവിതം.

സഹോദരരേ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍. ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം.
സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാ നിര്‍ഭരരായിരിക്കുവിന്‍. പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ! നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനു യോഗ്യമാംവിധം ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ. പിതാക്കന്മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്മേഷരാകും.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 2:22-40
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.

മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതു വരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്
ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ
എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും
അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ പ്രാര്‍ഥിച്ചുകൊണ്ട്
ഈ പരിഹാരബലി അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്നു.
കന്യകയായ ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും
മധ്യസ്ഥസഹായത്താല്‍ ഞങ്ങളുടെ കുടുംബങ്ങള്‍
അങ്ങേ കൃപയിലും സമാധാനത്തിലും
സുസ്ഥിരമായി നിലനിര്‍ത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ബാറൂ 3:38

നമ്മുടെ ദൈവം ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും
മനുഷ്യരോടു സഹവസിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കാരുണ്യവാനായ പിതാവേ,
സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായ ഇവരെ
തിരുകുടുംബത്തിന്റെ മാതൃക നിരന്തരം അനുകരിക്കാന്‍
അനുഗ്രഹിക്കണമേ.
അങ്ങനെ, ഈ ലോകക്ലേശങ്ങള്‍ക്കു ശേഷം
അവരുടെ നിത്യമായ സഹവാസം ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment